HOME
DETAILS

ഇനിയും പുഞ്ചിരികളെ ഇല്ലാതാക്കരുതേ...

  
backup
November 22 2019 | 21:11 PM

a-child-died-due-to-snake-bite-from-school793558-21212

 

 


പ്രിയപ്പെട്ട ഷഹ്‌ല...
വിടരും മുന്‍പേ കൊഴിഞ്ഞു വീണ നിന്റെ സ്വപ്നങ്ങളുടെ നിറമെന്തായിരുന്നെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞങ്ങള്‍ അതറിയാന്‍ ശ്രമിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം. സ്‌കൂള്‍ അങ്കണത്തില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ വേദികളില്‍ ഉച്ചഭാഷിണിക്ക് മുന്നില്‍നിന്ന് കേട്ട 'പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം', 'ഹൈടെക് ക്ലാസ് മുറികള്‍', സ്‌കൂളുകള്‍ക്ക് അനുവദിച്ച കോടികളുടെ കണക്കുകള്‍... സ്‌കൂളുകള്‍ കാലത്തിനൊത്ത് ഉയര്‍ന്നു എന്നു തെറ്റിദ്ധരിച്ചു പോയി മോളേ...
ക്ഷമിക്കണം. ചെരുപ്പില്ലാത്ത നിന്റെ ഇളം കാലുകളില്‍ നീല നിറം പടര്‍ത്തിയ ആ വിഷമിറക്കാന്‍, പിറന്ന് കാലമെത്ര പിന്നിട്ടിട്ടും നിന്റെ നാടിന് കഴിയാതെ പോയതിന് കാരണക്കാരായവര്‍ ഇന്നും പ്രതിഷേധ പ്രകടനങ്ങളും അനുശോചന സന്ദേശങ്ങളുമായി കവലകളില്‍ സജീവമാണ്. കരഞ്ഞു പറഞ്ഞിട്ടും നിന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറാകാതിരുന്ന സ്‌കൂള്‍ അധികൃതര്‍, പ്രതിവിഷ മരുന്നുണ്ടായിട്ടും അത് നല്‍കാതിരുന്ന ആതുരാലയം. അര്‍ഹിക്കുന്നില്ലെങ്കിലും അവരുടെ ചെയ്തികള്‍ക്കായി നിന്നോട് മാപ്പ് ചോദിക്കുന്നു.


ഒരുപാട് മാറ്റങ്ങള്‍ക്ക് സമൂഹത്തെ പ്രേരിപ്പിച്ചും ഓര്‍മിപ്പിച്ചുമാണ് സുല്‍ത്താന്‍ ബത്തേരി സര്‍വജന ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷഹ്‌ല ഷെറിന്റെ ഇളംമേനി മണ്ണിലേക്കിറങ്ങിയത്. രൂപീകൃതമായിട്ട് മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ പിന്നോട്ട് നടക്കുന്ന വയനാടിന്റെ ദുരവസ്ഥയുടെ ഒടുവിലത്തെ ഇരയാണ് ഷഹ്‌ല.
കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ, ഷഹ്‌ലയുടെ പുഞ്ചിരി മായില്ലായിരുന്നു എന്നാണ് ദുരന്തവും അനുബന്ധ വിവരണങ്ങളും കേട്ട കേരളത്തിന്റെ വിശ്വാസം. പ്രതിവിഷ മരുന്നുണ്ടായിട്ടും അത് പ്രയോഗിക്കാന്‍ ആത്മവിശ്വാസമില്ലാതിരുന്ന ഭിഷഗ്വരനും ആതുരാലയങ്ങളും പിഞ്ചുജീവന് മതിയായ പരിഗണന നല്‍കിയില്ലെന്നത് വസ്തുത തന്നെയാണ്. എന്നാല്‍ അത്യാധുനിക ചികിത്സക്ക് ഇന്നും മണിക്കൂറുകള്‍ സഞ്ചരിച്ച് ചുരമിറങ്ങി കോഴിക്കോട് എത്തേണ്ട വയനാട്ടുകാരന്റെ ദുരവസ്ഥയും ഷഹ്‌ലയുടെ ജീവന്‍ പൊലിയാനുള്ള കാരണം തന്നെയാണ്.
കൃത്യസമയത്ത് ആവശ്യമായ ചികിത്സ വയനാട്ടുകാര്‍ക്ക് രൂപീകൃതകാലം മുതല്‍ കിട്ടാക്കനിയാണ്. അതിന്റെ ഒടുവിലത്തെ ഇരയാണ് ഷഹ്‌ല. ദിനവും പിടക്കുന്നതും വേദനിക്കുന്നതുമായ ജീവനുകളുമായി ചുരത്തിന്റെ ഗതാഗതക്കുരുക്കില്‍ ചൂളം വിളിച്ച് പായുന്ന ആംബുലന്‍സുകള്‍ പതിവ് കാഴ്ചയായിട്ടും മെഡിക്കല്‍ കോളജ് ഇല്ലെങ്കിലും ഒരു എയര്‍ ആംബുലന്‍സെങ്കിലും എന്ന വയനാടന്‍ ജനതയുടെ ആവശ്യം മാറിമാറി വന്ന ഭരണകൂടങ്ങളും തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ചര്‍ച്ച ചെയ്തു അവസാനിപ്പിക്കുകയാണ്. ഏറെ പ്രതീക്ഷകളോടെ വയനാട്ടുകാര്‍ കണ്ട യാഥാര്‍ഥ്യത്തോടടുത്ത മടക്കിമലയിലെ ഭൂമിയില്‍ നിര്‍മിക്കാനിരുന്ന മെഡിക്കല്‍ കോളജും ദിവാസ്വപ്നം മാത്രമായിരിക്കുകയാണ്. പകരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ സാഹചര്യം പരിഗണിച്ച് ഭരണകൂടത്തിന്റെ കൊടിയുടെ നിറം മാറിയാല്‍ ഇത് നിലയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വയനാടന്‍ ജനതക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനേക്കാള്‍ പാര്‍ട്ടികള്‍ക്ക് താല്‍പര്യം 'വോട്ട്' രാഷ്ട്രീയം മാത്രമാണ്. ജീവനുമായി പായുന്ന ആംബുലന്‍സിന് വഴിയൊരുക്കിയത് 'വാര്‍ത്ത'യാകുന്ന നാട്ടില്‍ മിനുട്ടുകള്‍ കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്താവുന്ന ആകാശ യാത്രകളുടെ സാധ്യതകള്‍ ചിന്തിക്കുന്നവര്‍ തുലോം കുറവാണെന്നതും സമൂഹത്തിന്റെ പരാജയമാണ്.


പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന കാലത്താണ് പാമ്പിന്‍ പൊത്തുകളുള്ള ക്ലാസ് മുറിയും പാമ്പിന്‍ പുറ്റുള്ള അക്ഷരമുറ്റവും കാടുപിടിച്ച സ്‌കൂള്‍ പരിസരങ്ങളും ചര്‍ച്ചകളില്‍ നിറയുന്നത്. അധ്യാപകര്‍ക്കില്ലാതെ വിദ്യാര്‍ഥികള്‍ മാത്രം പാലിക്കേണ്ട ചട്ടങ്ങള്‍ നിര്‍മിച്ചെടുക്കുന്ന സ്‌കൂളുകളും രക്ഷിതാക്കളുടെ ചങ്കിടിപ്പേറ്റുന്നതാണ്. ഷഹ്‌ലയുടെ ഇളംകാലില്‍ വിഷം തീണ്ടിയ സര്‍വജനയിലെ ക്ലാസ് മുറിയിലൊതുങ്ങുന്നതല്ല, വയനാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ശോച്യാവസ്ഥ.
ആരും തിരിഞ്ഞു നോക്കാത്ത കൊടുംവനത്തിലെ കോളനികളിലെയും പുറത്തുമുള്ള ഏകാധ്യാപക വിദ്യാലയങ്ങളിലെ കുരുന്നുകള്‍ ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന കൂരകള്‍ക്ക് കീഴിലും അക്ഷരം പഠിക്കുന്നുണ്ട്. കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗ ഭീഷണി നേരിടുന്ന സ്‌കൂളുകളും വയനാട്ടിലുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക്കാകുന്ന മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലെയും കേവലമാറ്റം ക്ലാസ് മുറികളിലെ പ്രൊജക്ടറും സ്‌ക്രീനും മാത്രമാണ്. പദ്ധതി കൂടുതല്‍ വിജയകരമായി പ്രാവര്‍ത്തികമാകുന്നത് എയ്ഡഡ് മേഖലയിലാണെന്നതാണ് വസ്തുത. പദ്ധതി നടത്തിപ്പ് സംബന്ധിച്ച പരിശോധനകളുടെ അഭാവവും സര്‍ക്കാര്‍ സ്‌കൂളുകളോട് ബന്ധപ്പെട്ടവര്‍ക്കുള്ള അവഗണനയും അനാസ്ഥയും സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ശോച്യാവസ്ഥക്ക് കാരണമാകുന്നുണ്ട്. ഇതില്‍ നിന്നുള്ള മോചനമാവശ്യപ്പെടുന്നതാണ് ഷഹ്‌ലയുടെ വിയോഗം.
മാധ്യമങ്ങളില്‍ നിറഞ്ഞ പച്ചപ്പണിഞ്ഞ പാടത്തിന്റെ പശ്ചാത്തലത്തിലുള്ള ഷഹ്‌ലയുടെ പുഞ്ചിരിക്കുന്ന ചിത്രം ഭാവിയിലെങ്കിലും മികച്ച ഭൗതിക സാഹചര്യങ്ങളുള്ള വിദ്യാലയങ്ങളുടെ നിര്‍മാണത്തിന് പ്രചോദനമാകണം. വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി ഷഹ്‌ലയെയും വയനാടിനെയും നിങ്ങള്‍ മറക്കില്ലേ? കണ്ണില്‍പ്പൊടിയിടാനും വിമര്‍ശനങ്ങള്‍ പ്രതിരോധിക്കാനുമുള്ള കേവല നടപടികളിലൂടെ ഷഹ്‌ലമാരുടെ പുഞ്ചിരികളെ ഇല്ലാതാക്കുന്ന സാഹചര്യം ഇനിയുമുണ്ടാവരുത്. ദുരിതത്തിന്റെ നീലിച്ച ഹൃദയവുമായി സഹിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  10 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  10 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  10 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  10 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  10 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  10 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  10 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  10 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  10 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  10 days ago