സമനിലപ്പൂട്ടില്‍ ഗോകുലം
യു.എച്ച് സിദ്ദീഖ്#
കോഴിക്കോട്: ഹാട്രിക് വിജയം തേടിയിറങ്ങിയ ഗോകുലം എഫ്.സിക്ക് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ സമനിലപ്പൂട്ട്. നാലാം മിനുട്ടില്‍ വില്ലിസ് പ്ലാസയിലൂടെ മുന്നിലെത്തിയ ചര്‍ച്ചിലിനെ 36 ാം മിനുട്ടില്‍ അര്‍ജുന്‍ ജയരാജിലൂടെ ഗോകുലം സമനിലയില്‍ തളച്ചു. ഫിനിഷിങ്ങിലെ പരാജയമാണ് തുടര്‍ വിജയം മോഹിച്ചു കളത്തിലിറങ്ങിയ ഗോകുലത്തിന് തിരിച്ചടിയായത്. പ്രതിരോധത്തിന്റെ പിഴവും, അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതെ പോയതുമാണ് സമനില വഴങ്ങേണ്ടി വന്നതിന് കാരണം. ആദ്യ ഗോളിന് ശേഷം ചര്‍ച്ചിലും മികച്ച അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഗോളി ഷിബിന്‍രാജ് കുനിയിലിന്റെ മികവ് ഗോകുലത്തിന് രക്ഷയായി.
പ്രതിരോധം പിഴച്ചു, ചര്‍ച്ചില്‍ ചിരിച്ചു
പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് നാലാം മിനുട്ടില്‍ ഗോകുലം ഗോള്‍ വഴങ്ങേണ്ടി വന്നത്. ഗോകുലം പ്രതിരോത്തെ കീറിമുറിച്ചു ഹാന്‍ഷിങ് തള്ളികൊടുത്ത പന്ത് വില്ലിസ് പ്ലാസ കൃത്യതയോടെ ഗോകുലത്തിന്റെ വലയില്‍ എത്തിച്ചു. സ്‌കോര്‍: 0-1. ഒരു ഗോളിന് മുന്നില്‍ എത്തിയതോടെ ചര്‍ച്ചില്‍ ആക്രമണവും ശക്തമാക്കി. ഉണര്‍ന്നു കളിച്ച ഗോകുലം തിരിച്ചടിക്കാന്‍ കോപ്പുകൂട്ടിയതോടെ പോരാട്ടം കടുത്തു. 14 ാം മിനുട്ടില്‍ ഗോള്‍ നോടാനുള്ള മികച്ച അവസരം ഗോകുലം തുറന്നെടുത്തു.
എസ്. രാജേഷ് നല്‍കിയ പന്ത് അര്‍ജുന്‍ ജയരാജിലേക്ക്. അര്‍ജുന്‍ ബോക്‌സിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തിന് ക്രിസ്ത്യന്‍ സാബ തലവച്ചെങ്കിലും ഗോളി ജെയിംസ് കിത്താന്‍ പിടിച്ചെടുത്തു. 20 ാം മിനുട്ടില്‍ രാജേഷിനെ വീഴ്ത്തിയതിന് ഗോകുലത്തിന് അനുകൂലമായ ഫ്രീകിക്ക്. ബോക്‌സിന് പുറത്തുനിന്ന് മുറാങ് എടുത്ത ഫ്രീകിക്ക് പിടിച്ചെടുക്കാന്‍ ഗോളിയുടെ ശ്രമം. ചര്‍ച്ചിലിന്റെ പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ കൂട്ടപ്പൊരിച്ചിലിനിടെ ഡാനിയല്‍ അഡോയുമായി കൂട്ടിയിടിച്ചു ഗോളിക്ക് പരുക്കേറ്റു. ലീഡ് ഉയര്‍ത്താന്‍ ചര്‍ച്ചിലും സമനില പിടിക്കാന്‍ ഗോകുലവും പന്തുതട്ടിയതോടെ പോരാട്ടം ശക്തമായി.
32 ാം മിനുട്ടില്‍ ക്രിസ്ത്യന്‍ സാബയെ തള്ളിയിട്ടതിന് ഗോകുലത്തിന് അനുകൂലമായ ഫ്രീകിക്ക്. ഫിലിപ്പേ ഡി. കാസ്‌ട്രോ എടുത്ത കിക്ക് പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു.
മനോഹരം അര്‍ജുന്‍
36 ാം മിനുട്ടില്‍ ഗാലറി കാത്തിരുന്ന മലബാറിയന്‍സിന്റെ സമനില ഗോള്‍ പിറന്നു. മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു സമനില ഗോള്‍. ക്രിസ്ത്യന്‍ സാബ നല്‍കിയ പന്ത് പിടിച്ചെടുത്ത അര്‍ജുന്‍ ജയരാജ് കൃത്യതയോടെ ചര്‍ച്ചില്‍ വലകുലുക്കി. സ്‌കോര്‍: 1-1. സമനില പിടിച്ചതോടെ ഉണര്‍ന്നു കളിച്ച ഗോകുലം ലീഡ് വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ആദ്യ പകുതി സമനിലയില്‍.
സമനിലക്കുരുക്കഴിയാതെ
രണ്ടാം പകുതിയുടെ 53 ാം മിനുട്ടില്‍ ഗോകുലം പ്രതിരോധത്തിലെ ആശയകുഴപ്പം മുതലാക്കി വില്ലിസ് പ്ലാസ ലീഡ് എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ഗോളി ഷിബിന്‍ രാജ് രക്ഷകനായി. 61 ാം മിനുട്ടില്‍ ഗോകുലത്തിന് ലഭിച്ച ഫ്രീകിക്ക്.
അന്റോണിയോ ജര്‍മന്‍ എടുത്ത കിക്ക് ചര്‍ച്ചില്‍ പ്രതിരോധത്തില്‍ തട്ടിയെത്തിയ പന്ത് ഡാനിയല്‍ എഡു ഹെഡ് ചെയ്‌തെങ്കിലും നല്ലപ്പന്‍ മോഹന്‍രാജ് രക്ഷകനായി.
66 ാം മിനുട്ടില്‍ രാജേഷ് ഗോള്‍മുഖത്തേക്ക് തൊടുത്ത ഷോട്ട് ഗോളി പിടിച്ചെടുത്തു. ലീഡ് ഉയര്‍ത്താന്‍ ഗോകുലം ശ്രമം തുടങ്ങിയതോടെ ചര്‍ച്ചില്‍ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. 79 ാം മിനുട്ടില്‍ ഗോള്‍ എന്നുറച്ച അവസരവും ഗോകുലത്തിന് മുതലാക്കാനായില്ല. രണ്ടാം പകുതിയുടെ അധിക സമയത്ത് പ്ലാസ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ഷോട്ട് തൊടുക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് പുറത്തേക്ക് പാഞ്ഞു. ആറ് കളികളില്‍നിന്ന് ഒന്‍പത് പോയിന്റുള്ള ഗോകുലം മൂന്നാമതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."