വിസ ഏജന്റിന്റെ ചതിയില്‍പെട്ട് മണല്‍ക്കാട്ടില്‍ വലഞ്ഞ മലയാളിയെ രക്ഷപ്പെടുത്തി
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സ്വന്തം നാട്ടുകാരനായ വിസ ഏജന്റിന്റെ ചതിയില്‍പെട്ട് മരുഭൂമിയില്‍ കൊടിയ ദുരിതത്തിന് വിധിക്കപ്പെട്ട മലയാളി യുവാവിനെ അതി സാഹസികമായി രക്ഷപ്പെടുത്തി. 27കാരനായ അമ്പലപ്പുഴ സ്വദേശി അന്‍ഷാദിനെയാണ് പൊലിസിന്റെ സഹായത്തോടെ മരുഭൂമിയില്‍നിന്ന് രക്ഷപ്പെടുത്തിയത്. ആടുകളും ഒട്ടകങ്ങളുമായി മരുഭൂമിയില്‍ അലഞ്ഞുനടന്ന യുവാവിന് കൃത്യമായ ശമ്പളം നല്‍കാനോ ആവശ്യമായ ഭക്ഷണം നല്‍കാനോ പോലും സ്‌പോണ്‍സര്‍ തയാറായിരുന്നില്ല. വിശക്കുമ്പോള്‍ ഭക്ഷണമായി ലഭിച്ചിരുന്നത് വെള്ളവും മൈദ കൊണ്ടുള്ള റൊട്ടിയും മാത്രമായിരുന്നു. ഇതിനെല്ലാം പുറമെ സ്‌പോണ്‍സറുടെയും മകന്റെയും ക്രൂര പീഡനവും. രണ്ടു വര്‍ഷത്തിനിടെ വീട്ടിലേക്ക് വിളിച്ചത് രണ്ടു തവണ മാത്രമായിരുന്നു. അതുതന്നെ മരുഭൂമിയില്‍ കണ്ടുമുട്ടിയ മറ്റു ചില ആട്ടിടയന്മാരുടെ മൊബൈലില്‍നിന്ന്. ഈ ദുരിതക്കയത്തില്‍ നിന്നാണ് യുവാവ് ഇപ്പോള്‍ മോചിതനായിരിക്കുന്നത്. ഒടുവില്‍ ഏറെ സാഹസപ്പെട്ടാണ് കഴിഞ്ഞ ദിവസം സഊദി പൊലിസും സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തിയത്.
2017 ഒക്ടോബര്‍ 18ന് റിയാദിലെത്തിയ ഇയാളെ സ്‌പോണ്‍സര്‍ കൊണ്ടെത്തിച്ചത് വിമാനത്താവളത്തില്‍നിന്ന് 350 കിലോമീറ്റര്‍ അകലെ സാജിറിലെ മരുഭൂമിയിലെ ആട്ടിന്‍ കൂട്ടത്തിലേക്കായിരുന്നു. ആടുജീവിതത്തെ കുറിച്ച് കേട്ടറിവുള്ളതിനാല്‍ വാഹനം മരുഭൂമിയിലേക്ക് തിരിഞ്ഞതും അന്‍ഷാദ് ബഹളംവച്ചു. എതിര്‍ത്തുനിന്നപ്പോള്‍ മുഖത്ത് അടിച്ച് മരുഭൂമിയിലെ തമ്പില്‍ കൊണ്ടുചെന്നാക്കി. അവിടെ ഒരു സുദാനി ജോലിക്കാരന്‍ കൂടിയുണ്ടായിരുന്നു. അയാളോടൊപ്പം ഒട്ടകങ്ങളും ആടുകളുമായി മരുഭൂമിയില്‍ അലയലായിരുന്നു പിന്നീട് ജോലി. പിന്നീട് ഒറ്റക്കായപ്പോള്‍ അറ്റം കാണാത്ത മരുഭൂമിയില്‍നിന്ന് നിരവധി തവണ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ രണ്ടുമാസം മുമ്പ് ഒരു രാത്രിയില്‍ അറാറില്‍നിന്ന് തിരിച്ചുള്ള യാത്രക്കിടയില്‍ തമ്പില്‍നിന്ന് ഇറങ്ങിയോടി 90 കിലോമീറ്റര്‍ നടന്ന് മൂന്നുദിവസം കൊണ്ട് സമൂദ എന്ന സ്ഥലത്തെത്തി. വഴിയില്‍നിന്ന് ഒരു സഊദി പൗരന്‍ ട്രക്കില്‍ കയറ്റി സമൂദ പൊലിസ് സ്റ്റേഷനില്‍ എത്തിച്ചു. സംഭവം കേട്ട പൊലിസ് സ്‌പോണ്‍സറെ വിളിച്ചുവരുത്തി മധ്യസ്ഥശ്രമം നടത്തി. തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ ശമ്പള കുടിശിക മുഴുവന്‍ കൊടുത്തുതീര്‍ത്ത് എക്‌സിറ്റ് അടിച്ച് നാട്ടില്‍ വിടാമെന്ന് പൊലിസിന് എഴുതിനല്‍കി യുവാവിനെയും കൊണ്ട് സ്‌പോണ്‍സര്‍ പോവുകയായിരുന്നു.
എന്നാല്‍, സ്‌പോണ്‍സറുടെ സമീപനത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. ഹഫര്‍ അല്‍ബാത്വിനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് കൊല്ലം, റോയല്‍ ട്രാവല്‍സ് സഊദി പ്രതിനിധി മുജീബ് ഉപ്പട വഴി യുവാവിനെ കണ്ടെത്താന്‍ നടത്തിയ ശ്രമമാണ് വിജയം കണ്ടത്. ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിങ് ഉദ്യോഗസ്ഥന്‍ ഷറഫുദ്ദീന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി.
പൊലിസ് സ്‌പോണ്‍സറെ കസ്റ്റഡിയിലെടുക്കുകയും യുവാവിനെ തമ്പില്‍നിന്ന് കണ്ടെത്തി കൊണ്ടുവരുകയും ചെയ്തു. സ്‌പോണ്‍സറെ പൊലിസ് ലോക്കപ്പില്‍ അടച്ചു. തുടര്‍ന്ന് യുവാവിനെ പൊലിസ് സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പം റിയാദിലേക്ക് അയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."