കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് പുതിയ ഓഫിസ് സമുച്ചയം
കൊട്ടാരക്കര: കാത്തിരിപ്പിനൊടുവില്‍ കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് പുതിയ ഓഫിസ് സമുച്ചയ നിര്‍മാണത്തിന് ഭരണാനുമതി. ഇതിനായി ആദ്യ ഗഡു എന്ന നിലയില്‍ അഞ്ചു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മൊത്തം 11 കോടി രൂപയ്ക്കായിരിക്കും സമുച്ചയ നിര്‍മാണം പൂര്‍ത്തിയാവുക. കൊട്ടാരക്കര പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയിട്ട് മൂന്നു വര്‍ഷമായെങ്കിലും കെട്ടിലും മട്ടിലും പഴയ പഞ്ചായത്തിന്റെ സ്ഥിതിയില്‍ തന്നെ തുടരുകയാണ്.
പഞ്ചായത്ത് ഓഫിസ് കെട്ടിടം തന്നെ മുനിസിപ്പല്‍ ഓഫിസായി പേരു മാറ്റിയാണ് പ്രവര്‍ത്തനം നടന്നുവരുന്നത്. കാലപ്പഴക്കമുള്ള ഈ കെട്ടിടം ജീര്‍ണാവസ്ഥയിലുമാണ്. മഴ പെയ്താല്‍ താഴത്തെ നിലയില്‍ വെള്ളം കയറും. സ്ഥലപരിമിതി മൂലം വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരും ജീവനക്കാരും ഒരുപോലെ ബുദ്ധിമുട്ടനുഭവിച്ചു വരുന്നു. വാഹന പാര്‍ക്കിങ്ങിനും സൗകര്യമില്ല. സംസ്ഥാന സര്‍ക്കാര്‍ കനിഞ്ഞതോടെ പരിതാപകരമായ ഈ അവസ്ഥക്ക് ഏറെ താമസിയാതെ പരിഹാരമാകും.
കെ.ഐ.പി യുടെ കൈവശമുള്ള രവി നഗറില്‍ ഓഫിസ് സമുച്ചയം നിര്‍മിക്കാനാണ് ആദ്യം തീരുമാനിച്ചത്. ചില സര്‍വിസ് സംഘടനകളുടെ അനാവശ്യ എതിര്‍പ്പുമൂലം ഇവിടം വിട്ടുകിട്ടിയില്ല. ഇപ്പോള്‍ മുനിസിപ്പാലിറ്റിയുടെ തന്നെ ചന്തമുക്കിലുള്ള ഷോപ്പിങ് കോംപ്ലക്‌സ് നിലനില്‍ക്കുന്നിടത്താണ് ഓഫിസ് സമുച്ചയം നിര്‍മിക്കുന്നത്. ഇതിനായി ഇവിടെയുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും. കടകള്‍ ഒഴിയാന്‍ ഇവിടെയുള്ള വ്യാപാരികള്‍ക്ക് നോട്ടിസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണു ലക്ഷ്യം.
ആദ്യഘട്ടത്തില്‍ മൂന്നുനില മന്ദിരമാണ് പൂര്‍ത്തിയാക്കുക.ഓഫിസ്, ഷോപ്പിങ് കോംപ്ലക്‌സ്, പാര്‍ക്കിങ് ഏര്യാ, മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയടങ്ങിയതായിരിക്കും ആദ്യഘട്ടത്തിലെ മുനിസിപ്പല്‍ ഓഫിസ് സമുച്ചയം. ഇതോടെ സുഗമ ഭരണം കൊട്ടാരക്കര നഗരസഭക്ക് കൈവരുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."