ശ്രീലങ്കന്‍ തുറമുഖം ചൈനയ്ക്ക് പാട്ടത്തിന് നല്‍കി
കൊളംബൊ: ചൈനയുമായി 110 കോടി ഡോളറിന്റെ തുറമുഖ കരാറില്‍ ശ്രീലങ്ക ഒപ്പുവച്ചു. വടക്കന്‍ ശ്രീലങ്കയിലെ ഹംബന്‍ടോട തുറമുഖവുമായി ബന്ധപ്പെട്ട കരാറാണിത്. തുറമുഖം ചൈന സൈനിക ആവശ്യത്തിന് ഉപയോഗിക്കുമെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഇന്ത്യയുടെ ആശങ്കയും ശ്രീലങ്കയെ അറിയിച്ചിരുന്നു.
എന്നാല്‍ ചൈനീസ് സൈനിക ആവശ്യത്തിന് തുറമുഖം നല്‍കില്ലെന്നാണ് ശ്രീലങ്കയുടെ ഉറപ്പ്. ചരക്കുനീക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചൈന നിര്‍വഹിക്കുക.
ഏഷ്യയ്ക്കും യൂറോപ്പിനും ഇടയ്ക്കുള്ള പ്രധാന കപ്പല്‍പാതയിലാണ് തുറമുഖം. തുറമുഖത്തെ വ്യാപാര ആവശ്യത്തിന് വിട്ടുകൊടുത്തത് മൂലം ലഭിക്കുന്ന പണം വിദേശകടം തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കുമെന്ന് ശ്രീലങ്ക അറിയിച്ചു.
കരാര്‍ പ്രകാരം ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിക്ക് 99 വര്‍ഷത്തേക്ക് തുറമുഖം പാട്ടത്തിനു നല്‍കും. തുറമുഖത്തിനു ചുറ്റുമുള്ള 15,000 ഏക്കര്‍ പ്രദേശം വ്യാവസായിക മേഖലയായി പ്രഖ്യാപിക്കും.
തുറമുഖത്തിനടുത്തുള്ള 1000ത്തിലേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും. ഇവര്‍ക്ക് പകരം സ്ഥലം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
26 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനു ശേഷം ചൈന കോടിക്കണക്കിന് ഡോളറിന്റെ അടിസ്ഥാന വികസന പദ്ധതികള്‍ ശ്രീലങ്കയില്‍ നടത്തിയിരുന്നു. എന്നാല്‍ ചൈനീസ് നിക്ഷേപത്തിനെതിരേ ജനുവരിയില്‍ ശ്രീലങ്കയില്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ഹംബന്‍ടോട തുറമുഖം. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്ക് ചൈനയുടെ പുതിയ പങ്കാളിത്തം സഹായകരമാകും.
ചൈനയ്ക്കും യൂറോപ്പിനും ഇടയിലുള്ള പുതിയ പട്ടുപാതയാണ് കൊളംബൊയുമായുള്ള തുറമുഖ പദ്ധതി സഹകരണത്തിലൂടെ ചൈന ലക്ഷ്യം വയ്ക്കുന്നത്. ചൈനീസ് നാവിക സേന തുറമുഖത്തെ നാവിക താവളമാക്കി ഉപയോഗിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മ്യാന്‍മറിലും പാകിസ്താനിലും തുറമുഖ വികസന പദ്ധതിക്കും ചൈന പദ്ധതി തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."