കരിങ്ങോള്‍ച്ചിറ ഹൈമാസ് ലൈറ്റ് സ്ഥാപിച്ച പൊതുമരാമത്ത് വകുപ്പിനെതിരേ കേസ്
മാള: കരിങ്ങോള്‍ചിറയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച പൊതുമരാമത്ത് വകുപ്പ് സ്ഥലം തന്റേതാണെന്നു അവകാശവാദവുമായി സ്വകാര്യവ്യക്തി കോടതിയില്‍.
പുത്തന്‍ചിറ കുന്നത്തേരി അരീപ്പുറത്ത് കുഞ്ഞുമുഹമ്മദ് മകന് അബ്ദുല്‍ ബഷീറാണു പുത്തന്‍ചിറ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.ഐ നിസാറിനെയും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയറേയും പ്രതിചേര്‍ത്തു വഖഫ് ട്രിബ്യൂനലില് കേസ് കൊടുത്തിരിക്കുന്നത്. 2010 നിര്‍മാണം തുടങ്ങി പൂര്‍ത്തിയാകാത്ത കരിങ്ങോള്‍ച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡ് കടന്നുപോകുന്ന ഭാഗത്തുള്ള മസ്ജിദും അതിനോടു ചേര്‍ന്ന 11 സെന്റ് സ്ഥലവും താന്‍ കരം കൊടുത്തു വരുന്നതും തന്റെ കൈവശമുള്ളതാണെന്നും ആ സ്ഥലത്താണു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതെന്നും കാണിച്ചു പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും അബ്ദുള്‍ ബഷീര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് അധികാരികള്‍ സ്ഥലം സന്ദര്‍ശിക്കുകയും സ്ഥലം പൊതുമരാമത്ത് വകുപ്പിന്റേതാണെന്നു ഉറപ്പുവരുത്തിയതിന്റെ അടിസ്ഥാനത്തിലുമാണു ഹൈമാസ്റ്റ് ലൈറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
കേസു കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുത്തന്‍ചിറ വികസനകാര്യ സ്ഥിരം കമ്മിറ്റി ചെയര്മാന് പി.ഐ നിസാര്‍ കോടതിയില്‍ ഹാജരായി.
കേസ് വീണ്ടും ഈ മാസം 19നു വിളിക്കും. പഴയ കേസിന്റെ പേരില്‍ മുടങ്ങിയ പാലം നിര്‍മാണം ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. കാര്യങ്ങള്‍ക്കു കൃത്യത വരുത്തി തുറന്ന ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കി ഉടന്‍ പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നു കരിങ്ങോള്‍ച്ചിറ ജനകീയകൂട്ടായ്മ പ്രസിഡന്റ് സാലി സജീര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ വീണ്ടും സമര രംഗത്തിറങ്ങുമെന്നു കൂട്ടായ്മ ഭാരവാഹികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."