ആദിവാസി വനിതക്ക് വാര്‍ധക്യകാല പെന്ഷന് അടിയന്തിരമായി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
പാലക്കാട് : അകത്തേത്തറ പഞ്ചായത്തിലെ ചീരക്കുഴി കോളനിയില്‍ താമസിക്കുന്ന പെട്ട(75) എന്ന ആദിവാസി വനിതക്ക് എത്രയും വേഗം വാര്‍ധക്യകാല പെന്ഷന് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ അകത്തേത്തറ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
2017 മേയ് 4 നാണ് പെട്ട വാര്‍ധക്യകാല പെന്ഷന് അപേക്ഷ നല്‍കിയത്. 2017 ജൂലൈ 29 ന് ചേര്‍ന്ന ഭരണസമിതി യോഗം പെന്ഷന് നല്കാന് അംഗീകാരം നല്കി. സേവന വെബ്സൈറ്റില്‍ പുതിയ ഗുണഭോക്താവിനെ ഉള്‍പ്പെടുത്താന്‍ ഡാറ്റാ എന്‍ട്രി നിര്‍ത്തലാക്കിയതിനാല്‍ കഴിഞ്ഞില്ലെന്നും വെബ്സൈറ്റ് തുറന്നു കിട്ടുന്ന മുറക്ക് പെട്ടയെ പെന്ഷന് ഡാറ്റാബേസില്‍ ഉള്‍പ്പെടുത്താമെന്നും അകത്തേത്തറ പഞ്ചായത്ത് സെക്രട്ടറിറിപ്പോര്ട്ടില് പറയുന്നു. 75 കഴിഞ്ഞ ആദിവാസി വൃദ്ധക്ക് അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയ സാഹചര്യത്തില്‍ സാങ്കേതികതയുടെ പേരില്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വൈകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷന് ചൂണ്ടിക്കാണിച്ചു.
പെന്ഷന് കുടിശിക പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും നല്കുന്ന കാര്യം പരിശോധിക്കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വേണ്ട നിര്‍ദേശങ്ങള്‍ പഞ്ചായത്ത് ഡയറക്ടര്‍ അകത്തേത്തറ ഗ്രാമപഞ്ചായത്തിന് നല്‍കണമെന്നും കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശിച്ചു. സംസ്ഥാന പട്ടിക ക്ഷേമ ഡയറക്ടര്‍ പ്രശ്നത്തില്‍ ബന്ധപ്പെട്ടവരുടെ റിപ്പോര്‍ട്ട് വാങ്ങി ഉചിത നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."