നഴ്‌സുമാര്‍ക്ക് പിന്നാലെ ദുരിതകഥയുമായി ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികളും
തിരുവനന്തപുരം: ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ പരിശീലന കാലയളവില്‍ ലഭിക്കുന്നത് 1500 രൂപ മാത്രം. ദിവസവും 15 മുതല്‍ 18 മണിക്കൂര്‍ വരെ പണിയെടുക്കുമ്പോള്‍ സ്റ്റൈപെന്റ് എന്ന പേരില്‍ ലഭിക്കുന്ന തുകയാണിത്. ജോലിസമയം എട്ടു മണിക്കൂറായി ക്രമപ്പെടുത്തിയ നാട്ടിലാണ് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടു ഇത്തരത്തില്‍ ലാഭം കൊയ്യുന്നത്. സ്ഥിരം സ്റ്റാഫ് ചെയ്യുന്ന എല്ലാ ജോലികളും ട്രെയിനിങ് കാലയളവില്‍ വിദ്യാര്‍ഥികളും ചെയ്യണം. എന്നാല്‍, ജോലിഭാരം കണക്കിലെടുത്തു സ്റ്റൈപെന്റ് ഉയര്‍ത്താന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് തയാറാകുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ട്രെയിനിങ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് നഴ്‌സുമാര്‍ ആവശ്യപ്പെട്ട് നടത്തിയ സമരം ഫലം കണ്ടിരുന്നു. ഇതോടെയാണ് ഹോട്ടല്‍ മനേജ്‌മെന്റ് വിദ്യാര്‍ഥികളും ചൂഷണകഥകള്‍ പുറത്തുപറയാന്‍ തയാറായത്. എന്നാല്‍, പേര് വെളിപ്പെടുത്താന്‍ അവര്‍ തയാറായില്ല. ഹോട്ടലുകളിലെ പ്രശ്‌നങ്ങള്‍ പുറംലോകമറിഞ്ഞാല്‍ ഇവരെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുമെന്നാണ് ഭീഷണി. ഇതോടെ മറ്റു ഹോട്ടലുകളിലും ജോലിക്കുള്ള സാധ്യത മങ്ങും. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ പിന്നീട് വിദേശ രാജ്യങ്ങളിലേക്ക് പോകാനുമാവില്ല. ഫലത്തില്‍ തങ്ങളെ ഭീഷണിപ്പെടുത്തി അടിമപ്പണി ചെയ്യിപ്പിക്കുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ നില തുടര്‍ന്നാല്‍ നഴ്‌സുമാര്‍ക്ക് പിന്നാലെ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും ഇവര്‍ പറയുന്നു. ഡിപ്ലോമയും ഡിഗ്രിയും നേടിയവരാണ് തുച്ഛമായ സ്‌റ്റൈപെന്റിന് അടിമപ്പണി ചെയ്യുന്നത്. പലപ്പോഴും വിശ്രമിക്കാന്‍ പോലും സമയവും ഇക്കൂട്ടര്‍ക്ക് ലഭിക്കാറില്ലെന്നും പരാതിയുണ്ട്.
രാവിലെ ആറു മണിക്ക് ജോലിയില്‍ പ്രവേശിച്ചാല്‍ പിറ്റേന്ന് വെളുപ്പിനെ രണ്ടുമണിവരെ അതു തുടരുന്ന അവസ്ഥയാണ്. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പല മേഖലയിലും ഇന്നും ജീവനക്കാര്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നുണ്ടെന്നതിനു തെളിവാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഈ തൊഴില്‍ ക്രമങ്ങള്‍.
ഭൂരിഭാഗം വിദ്യാര്‍ഥികളും ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ബുദ്ധിമുട്ട് സഹിച്ചും ഹോട്ടലുകളില്‍ തുടരുകയാണ്. ആറുമാസത്തിന് ശേഷം നല്ല ശമ്പളത്തില്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണിത്. എന്നാല്‍ കേരളത്തിലെ ഹോട്ടലുകളില്‍ സ്ഥിരംസ്റ്റാഫായി പ്രവേശിച്ചാലും ദുരിതത്തിന് അറുതിയില്ല. അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് തങ്ങളെക്കൊണ്ട് പണിയെടുപ്പിക്കുന്നതെന്നും ഇവര്‍ പറയുന്നു.
ഒരു ഡിപ്പാര്‍ട്ട്‌മെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായി ജോലിക്കയറ്റം ലഭിക്കുമ്പോള്‍ മാത്രമേ കേരളത്തില്‍ നല്ല ശമ്പളം ലഭിക്കൂ. സ്റ്റാഫ് എന്ന നിലയില്‍ തുടക്കക്കാര്‍ക്ക് ലഭിക്കുന്നത് നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാള്‍ തുച്ഛമാണെന്നും ഇക്കൂട്ടര്‍ പറയുന്നു. എന്നാല്‍, അടിമപ്പണിയെടുക്കുന്ന ഹോട്ടല്‍ ജീവനക്കാരുടെ ദുരിതങ്ങള്‍ കാണാനും പഠിക്കാനും സര്‍ക്കാര്‍ തയാറാകുന്നില്ല.
സ്വന്തം മക്കള്‍ക്ക് നല്ല ജോലി ലഭിക്കുന്നത് സ്വപ്നം കണ്ടാണ് മാതാപിതാക്കള്‍ 3 മുതല്‍ എട്ടു ലക്ഷം രൂപവരെ ലോണ്‍ എടുത്ത് മക്കളെ പഠിപ്പിക്കുന്നത്. എന്നാല്‍ നാട്ടില്‍ ജോലിക്ക് കയറിയാല്‍ ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."