അധ്യാപകര്‍ക്ക് പ്രൊബേഷന്‍ ഇനി മുതല്‍ 'കൂള്‍' വഴി പൂര്‍ത്തിയാക്കാം
#വിനയന്‍ പിലിക്കോട്
ചെറുവത്തൂര്‍: സംസ്ഥാനത്തെ അധ്യാപകര്‍ക്ക് പ്രൊബേഷന്‍ ഇനിമുതല്‍ 'കൂള്‍' വഴി പൂര്‍ത്തിയാക്കാം. പദ്ധതി പ്രകാരം 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ കോഴ്‌സിന് അംഗീകാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.
പ്രൊബേഷന്‍ പൂര്‍ത്തിയാക്കാന്‍ കംപ്യൂട്ടര്‍ കോഴ്‌സ് നിര്‍ബന്ധമാക്കിയതോടെ ആശങ്കയിലായിരുന്ന നിരവധി അധ്യാപകര്‍ക്ക് ആശ്വാസമാകുന്നതാണ് തീരുമാനം. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിവിധ മേഖലകളില്‍ പരിശീലനങ്ങള്‍ക്കായി കൈറ്റ്‌സ് ഓപ്പണ്‍ ഓണ്‍ലൈന്‍ ലേണിങ് (കൂള്‍) എന്ന പേരിലുള്ള സംവിധാനമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുത്താതെ അധ്യാപകര്‍ക്ക് ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും വിദഗ്ധരായ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താനും ഈ പദ്ധതിയിലൂടെ കഴിയും. പ്രൊബേഷന്‍ പൂര്‍ത്തിയാക്കാന്‍ കൂള്‍ വഴി നല്‍കുന്ന പരിശീലനം മാനദണ്ഡമാക്കണമെന്ന ആവശ്യവുമായി കൈറ്റ് വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടിവ് ഡയരക്ടറും സര്‍ക്കാറിന് കത്തയച്ചിരുന്നു.
ഇതേതുടര്‍ന്നാണ് ഉത്തരവ് ഇറങ്ങിയത്. ഈ ആഴ്ച തന്നെ കോഴ്‌സ് ആരംഭിക്കുന്നതിനുള്ള നിര്‍ദേശവും നല്‍കി. സമഗ്ര പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് 'കൂളി'ലെ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം.
20 പഠിതാക്കള്‍ക്ക് കൈറ്റിന്റെ ഒരു മെന്റര്‍ വീതമുണ്ടാകും. ആദ്യദിവസം നേരിട്ടുള്ള ക്ലാസിനും അവസാനദിവസം നൈപുണ്യ പ്രദര്‍ശനത്തിനുമായി പഠിതാവ് നേരിട്ട് ഹാജരായാല്‍ മതി.
മറ്റു ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കും. പരിശീലന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അയ്യായിരത്തോളം അധ്യാപകര്‍ നേരത്തെ തന്നെ കൈറ്റിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇതിനുതകുന്ന മൊഡ്യൂളുകള്‍ ഉള്‍പ്പെടുത്തിയാണ് കൂളിന്റെ പരിശീലനം. ആറാഴ്ച ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ വേര്‍ഡ് ഡോക്യുമെന്റുകള്‍ തയാറാക്കല്‍, സ്‌പ്രെഡ് ഷീറ്റ്, പ്രസന്റേഷന്‍, ഇമേജ് എഡിറ്റിങ്, വിഡിയോ- ഓഡിയോ എഡിറ്റിങ്, ഡിജിറ്റല്‍ റിസോഴ്‌സ് നിര്‍മാണം, മലയാളം ടൈപ്പിങ്, ഇന്റര്‍നെറ്റ്, വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
ഈ സര്‍ട്ടിഫിക്കറ്റാണ് പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനുള്ള മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."