ഇക്കാര്യത്തിലെ ഒന്നാംസ്ഥാനം നമുക്കു വേണോ?
ചങ്ങരംകുളം: മലപ്പുറത്തിന്റെ ഐഡന്റിറ്റിയെന്താണ്?. ഈ ചോദ്യത്തിന് ആരും നിസംശയം ഉത്തരം പറയും 'അവിടത്തെ സമാധാനം തന്നെ' എന്ന്. അതിനു പുറമേ നല്ല നാട്ടുകാരുടെ നല്ല മനസും സൗഹാര്‍ദവും ജീവകാരുണ്യവുമൊക്കെ മലപ്പുറത്തിനു തിലകച്ചാര്‍ത്താണ്. എന്നാല്‍, മറ്റൊരു സത്യം അറിയേണ്ടതും പ്രതിരോധിക്കേണ്ടതുമുണ്ട്, കേരളത്തില്‍ ലഹരി ഉപയോഗത്തില്‍ കൊച്ചി കഴിഞ്ഞാല്‍ നമ്മുടെ സ്വന്തം മലപ്പുറമാണ് മുന്നിലെന്ന ഭയാനകമായ സത്യം!.
പാന്‍മസാലകള്‍ നിരോധിക്കപ്പെട്ടിട്ടും അവ സുലഭമാണെന്നതിനപ്പുറം ലഹരി നുണയാന്‍ കഞ്ചാവിലേക്കും വേദന സംഹാരികളിലേക്കും മാറുകയാണ് നമ്മുടെ നാട്.
മാരകമായ എല്‍.എസ്.ഡിയും കൃത്രിമമായി സൃഷ്ടിക്കുന്ന മാരക രാസപദാര്‍ഥങ്ങളുമാണ് ഇപ്പോള്‍ ലഹരിയുടെ വിപണിയില്‍ അരങ്ങുതകര്‍ക്കുന്നത്. ഒന്‍പതാം ക്ലാസുകാര്‍ മുതല്‍ കോളജ് വിദ്യാര്‍ഥികള്‍വരെ ഇവയുടെ ഉപഭോക്താക്കളാണ്.
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലടക്കം പിടികൂടിയ ലഹരിവസ്തുക്കളെക്കുറിച്ചും അവയുടെ വിപണന-ഉപയോഗ തന്ത്രങ്ങളെക്കുറിച്ചും എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ നമ്മെ ബോധവല്‍ക്കരിക്കുകയാണ്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രത്യേക ശ്രദ്ധയിലേക്കായി...
പാര്‍ട്ട്‌ടൈം ജോലി;
ബാക്കിസമയത്ത് ജോലി
വേറെയാണ്...
ഒഴിവുസമയങ്ങളില്‍ പാര്‍ട്ട്‌ടൈം ജോലിചെയ്തു പഠിക്കാന്‍ പണം കണ്ടെത്തുന്ന കുട്ടികള്‍ വീട്ടുകാര്‍ക്കു മുതല്‍ക്കൂട്ടാണ്. അവരെ സല്യൂട്ട് ചെയ്യേണ്ടതുമാണ്. കാറ്ററിങ് പോലെ ഭാരിച്ച അധ്വാനം ആവശ്യമില്ലാത്ത ജോലികള്‍ ചെയ്തു പണം സമ്പാദിച്ചു പഠിച്ചു മിടുക്കരായവര്‍ ഏറെയുണ്ടുതാനും. എന്നാല്‍, അത്തരം ജോലികളിലൂടെ പണം സമ്പാദിച്ചു ലഹരി നുണയുന്നവരും ഉണ്ടെന്നറിയുക.
കഴിഞ്ഞ ദിവസം പിടികൂടിയ പ്ലസ്ടു വിദ്യാര്‍ഥിയും ഇങ്ങനെ ജോലിക്കു പോകുന്നവനായിരുന്നു. പഠനത്തോടൊപ്പം കിണര്‍ നിര്‍മാണമാണ് കക്ഷി കണ്ടെത്തിയ പാര്‍ട്ട്‌ടൈം ജോലി. അയല്‍ക്കാരായ രണ്ടുപേരുടെ കൂടെ സഹായിയായി പണിക്കുപോകുമെങ്കിലും കൂലിയൊന്നും വീട്ടിലെത്താറില്ല. നാള്‍ക്കുനാള്‍ കുട്ടി ക്ഷീണിച്ചു മെലിഞ്ഞുവരികയും ചെയ്യുന്നു. ഇടയ്ക്കിടെ രാത്രികളില്‍ യുവാവിനെ കാണാതാകും. പിറ്റേന്നു പകല്‍ ക്ഷീണിതനായി വീട്ടില്‍ വന്നുകയറും. ഒരു ദിവസം എക്‌സൈസിന്റെ ജീപ്പ് വീട്ടുമുറ്റത്തെത്തിയപ്പോഴാണ് സംഗതി രക്ഷിതാക്കളറിയുന്നത്.
മകന്‍ കിണറുപണിക്കു പോയി കഷ്ടപ്പെട്ടതു ലഹരിമരുന്നിനു പണം കണ്ടെത്താനായിരുന്നു. ഇത് ഒരാളുടെ മാത്രം കഥയാണെങ്കിലും ലഹരിക്കു പണം കണ്ടെത്താന്‍ പാര്‍ട്‌ടൈം ജോലി മുതല്‍ മാല മോഷണംവരെ ചെയ്യുന്ന കുട്ടികളുണ്ടെന്നതു യാഥാര്‍ഥ്യമാണ്. പഠനച്ചെലവിനു പണം കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ആശ്രയിക്കുന്ന കാറ്ററിങ് മേഖലയിലേക്ക് ഇപ്പോള്‍ ലഹരിക്കടിമയായ കുട്ടികള്‍ നുഴഞ്ഞുകയറാന്‍ തുടങ്ങിയിരിക്കുന്നു. അരദിവസം ഭക്ഷണം വിളമ്പി അധ്വാനിച്ചാല്‍ മാന്യമായ കൂലിയും ഭക്ഷണവും ലഭിക്കും. ഈ കൂലിയാണു ചിലര്‍ ലഹരിക്കുള്ള മൂലധനമായി സ്വരൂപിക്കുന്നത്. പാര്‍ട്ട്‌ടൈം ജോലിയുടെ പേരില്‍ വീട്ടില്‍നിന്നിറങ്ങുകയും രാത്രി വൈകിയോ പിറ്റേന്നോ മാത്രം വീടുകളിലെത്തുകയും ചെയ്യുന്നവരാണിവര്‍. ജോലി അര ദിവസത്തേക്കു മാത്രമായിരുന്നെന്നു വീട്ടുകാര്‍ അറിയുന്നില്ല. ഇതിന്റെ ദൂഷ്യവശം അനുഭവിക്കുന്നതോ, കാറ്ററിങ് ഏജന്‍സികളും നല്ലവരായ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളുമാണ്.
സ്ത്രീകളുമുണ്ട്
കൂട്ടത്തില്‍!
കഞ്ചാവുമായി പിടിക്കപ്പെട്ട യുവാവിനെ എക്‌സൈസ് സംഘം ചോദ്യം ചെയ്യുന്നതിനിടെ യുവാവിന്റെ ഫോണിലേക്കു ബംഗളൂരുവില്‍നിന്നൊരു കോള്‍ വന്നു. നഴ്‌സിങ്ങിനു പഠിക്കുന്ന കോഴിക്കോടു സ്വദേശിയായ പെണ്‍കുട്ടിയാണ് മറുതലയ്ക്കല്‍. പെണ്‍കുട്ടി ചോദിക്കുന്നതു കെറ്റമിന്‍ എന്ന മാരക രാസ ലഹരിമരുന്നാണ്.
ശസ്ത്രക്രിയയ്ക്കു വിധേയരാക്കുന്ന രോഗികള്‍ക്ക് അനസ്തീസിയയായി ഉപയോഗിക്കുന്ന അതീവ മാരക രാസപദാര്‍ഥമാണിത്. കഴിഞ്ഞ ദിവസം ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി പിടിയിലായതും ഒരു സ്ത്രീയായിരുന്നു. ഇവര്‍ അതിന്റെ മൊത്തവിതരണക്കാരിയാണത്രേ. മാസങ്ങള്‍ക്കു മുന്‍പു പതിനേഴുകാരിയായ വിദ്യാര്‍ഥിനിയും കഞ്ചാവ് വിതരണത്തിനിടെ പിടിയിലായിരുന്നു. പതിയിരിക്കുന്ന ഇത്തരം അപകടങ്ങളെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."