കൂടത്തായി കൊലപാതകം: അവസാന കേസില്‍ ജോളിയെ വിട്ടുകിട്ടാന്‍ അന്വേഷണസംഘം
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മ(57)വധക്കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞ മുഖ്യപ്രതി ജോളിയെ ചൊവ്വാഴ്ച രാവിലെ 11നു താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. അഞ്ചു ദിവസത്തേക്കായിരുന്നു പേരാമ്പ്ര സി.ഐ കെ.കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്. കൂടത്തായി കൊലപാതക പരമ്പരയിലെ അവസാനകേസായതിനാല്‍ ജോളിയെ അന്നമ്മ കേസില്‍ തുടര്‍ പൊലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം എ.പി.പി സുജയ സുധാകരന്‍ മുഖേന കോടതിയില്‍ അപേക്ഷ നല്‍കും.
ഈ കേസില്‍ ഡിസംബര്‍ അഞ്ചുവരെയാണ് ജോളിയുടെ റിമാന്‍ഡ് കാലാവധി. ആല്‍ഫൈന്‍ വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച രണ്ടാം പ്രതി കാക്കവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യു എന്ന ഷാജിയെ തിങ്കളാഴ്ച താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി തുടര്‍ റിമാന്‍ഡില്‍ വിട്ടു.
മാത്യു മഞ്ചാടിയില്‍ കേസില്‍ മൂന്നാംപ്രതി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാറി(48)നെ അന്വേഷണസംഘം ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങും.
വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ചതിന് അറസ്റ്റിലായ സി.പി.എം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജിന് വേണ്ടിയും, ആല്‍ഫൈന്‍ വധക്കേസില്‍ മൂന്നാം പ്രതി പ്രജികുമാറിന് വേണ്ടിയും പ്രതിഭാഗം അഭിഭാഷകര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയ്‌ക്കെതിരെ എ.പി.പി സുജയ സുധാകരന്‍ തിങ്കളാഴ്ച തടസ്സഹരജി ഫയല്‍ ചെയ്തു. ഈ രണ്ട് ജാമ്യാപേക്ഷകളിലും താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച വിധി പറയും.
ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയുടെ റിമാന്‍ഡ് കാലാവധിയും സിലി വധക്കേസില്‍ രണ്ടാം പ്രതി മാത്യുവിന്റെ റിമാന്‍ഡ് കാലാവധിയും ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്.
ടോം തോമസ് കേസില്‍ രണ്ടാം പ്രതി എം.എസ്.മാത്യു(44)വിന്റെ പ്രൊഡക്ഷന്‍ വാറന്റിന് അനുമതിയായ സാഹചര്യത്തില്‍ പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. റിമാന്റ് റിപ്പോര്‍ട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും നല്‍കി ഈ കേസില്‍ മാത്യുവിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."