സംഘര്‍ഷങ്ങള്‍ക്കിടയിലും നന്‍മ വറ്റാത്ത സേവനവുമായി വിദ്യാര്‍ഥികള്‍
പാനൂര്‍: മാനസികമായി വെല്ലുവിളി നേരിടുന്ന ആരോരുമില്ലാത്ത മധ്യവയസ്‌കന് വിദ്യാര്‍ഥികളുടെ ശ്രമദാനത്തില്‍ വീടൊരുങ്ങുന്നു. ചമ്പാട് ചോതാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് വീടൊരുക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി പ്രഖ്യാപിച്ച ഹര്‍ത്താലിന്റെയും ഞായറാഴ്ചയുടെയും ആലസ്യത്തില്‍ നാടൊന്നാകെ അമര്‍ന്നപ്പോള്‍ വീടിന്റെ കോണ്‍ക്രീറ്റ് ജോലിയിലായിരുന്നു ഈ വിദ്യാര്‍ഥികള്‍.
മനേക്കര ലക്ഷംവീട് കോളനിയില്‍ ദുരിതജീവിതം നയിക്കുന്ന മധ്യവയസ്‌കന്റെ കഥ കേട്ടറിഞ്ഞാണ് എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ തങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗൃഹനിര്‍മാണം ഏറ്റെടുത്തത്. പന്ന്യന്നൂര്‍ പഞ്ചായത്ത് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയതോടെ വീട് നിര്‍മാണത്തിനായി വിദ്യാര്‍ഥികള്‍ക്കൊപ്പം നാട്ടുകാരും കൈകോര്‍ത്തു. ആദ്യഘട്ടത്തില്‍ സമ്മാനകൂപ്പണ്‍ വഴിയും സ്‌പോണ്‍സര്‍മാരെ സമീപിച്ചും മറ്റുമായി പണം കണ്ടെത്തി വീടിന്റെ പണി നടത്തുകയായിരുന്നു. എന്‍. എസ്.എസിലെ നൂറോളം വിദ്യാര്‍ഥികളാണ് അവധി ദിവസങ്ങളിലടക്കം പ്രയത്‌നിക്കുന്നത്. വീട് നിര്‍മാണത്തിന് വേണ്ട മണല്‍, ജില്ലി, സിമന്റ് എന്നിവ പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച് എത്തിച്ചതും, കോണ്‍ക്രീറ്റിന് ചുക്കാന്‍ പിടിച്ചതുമെല്ലാം ഇവര്‍ തന്നെയാണ്.
മെയ് മാസമാരംഭിച്ച വീടുപണി ഓണത്തിന് മുന്‍പായി പൂര്‍ത്തീകരിച്ച് ഓണസമ്മാനമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഇ.ഐ ലിതേഷ് പറഞ്ഞു.
നാട്ടുകാരായ സി.കെ രവീന്ദ്രന്‍, എന്‍.കെ ബാലകൃഷ്ണന്‍, എന്‍.കെ ബിജു, അധ്യാപകരായ ശ്രീലേഷ്, ജെന്നിറോസ്, ഷാജി, പ്രകാശന്‍, സജീവന്‍ നേതൃത്വം നല്‍കി. സൗജന്യമായി സ്ഥലം വിട്ടുനല്‍കിയതിന് പുറമെ മാര്‍ഗ നിര്‍ദേശങ്ങളുമായി പന്ന്യന്നൂര്‍ പഞ്ചായത്തധ്യക്ഷ എ. ശൈലജയും സജീവമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."