മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശ യാത്രയിലെ വഴിചെലവിനായി പത്തു ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍, വിമര്‍ശനവുമായി പ്രതിപക്ഷം
തിരുവനന്തപുരം: വിദേശ പര്യടനത്തിന് പോയ മുഖ്യമന്ത്രിയുടെയുടെ പരിവാരങ്ങളുടെയും വഴിചെലവിന് വീണ്ടും പണം അനുവദിച്ച് സര്‍ക്കാര്‍. യാത്രക്കിടയിലെ ചെലവുകള്‍ക്കായി 10 ലക്ഷം രൂപയാണ് അനുവദിച്ചത്. കടക്കെണിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥപ്പടയും യാത്രക്കു പുറപ്പെട്ടത്. 12 ദിവസത്തെ ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിനായി പുറപ്പെട്ട സംഘം ഇപ്പോള്‍ അവിടെ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ്.
നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്രയെന്നാണ് വിശദീകരണമെങ്കിലും ഇത്രയും ദിവസം മുഖ്യമന്ത്രിയും സംഘവും സംസ്ഥാനം വിട്ടു നില്‍ക്കുന്നതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തെ വിദേശ സന്ദര്‍ശനത്തിനെതിര പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചുകൊണ്ടാണ് വിദേശ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയപ്പോള്‍, 11 ദിവസത്തെ യാത്രക്കിടയിലെ അത്യാവശ്യചെലവുകള്‍ക്കായി പണം കരുതണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സംഘം യാത്ര പുറപ്പെട്ടപ്പോഴും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല.
സംസ്ഥാനത്തേക്ക് നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള സംഘത്തിന്റെ പര്യടനത്തിനാവശ്യമായ പണം അനുവദിച്ച് പൊതുഭരണ വകുപ്പ് ജോയന്റ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. യാത്രയിലെ അംഗമായ ശുചിത്വമിഷന്‍ ഡയറക്ടര്‍ മിര്‍ മുഹമ്മദ് ഐ.എ.എസിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് 10 ലക്ഷം രൂപ കൈമാറിയത്. ഇതില്‍ ഏഴ് ലക്ഷം രൂപ ജാപ്പനീസ് കറന്‍സിയായും, മൂന്ന് ലക്ഷം രൂപ കൊറിയന്‍ കറന്‍സിയായിട്ടുമാണ് നല്‍കിയിരിക്കുന്നത്.
കേരള പുനര്‍നിര്‍മാണ പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മേയില്‍ 10 ദിവസമാണ് യൂറോപ്പില്‍ സന്ദര്‍ശനം നടത്തിയിരുന്നത്. കുറേ വിവാദങ്ങളുണ്ടായതൊഴിച്ചാല്‍ സംസ്ഥാനത്തിന് ഇതിലൂടെ പ്രത്യേകിച്ചൊരു ഗുണവുമുണ്ടായിട്ടില്ലെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിപക്ഷവും ഇതിനെതിരേ രംഗത്തെത്തിയിരുന്നു.
ഈ മാസം 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ ഒന്നു മുതല്‍ നാലുവരെ കൊറിയയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും. സംഘം നാളെ ജപ്പാനിലേക്ക് യാത്രയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."