അധികൃതര്‍ ഉറക്കം നടിക്കുന്നു; പോത്താങ്കണ്ടം പാലം അപകടാവസ്ഥയില്‍
ചീമേനി: ചീമേനി ചാനടക്കം പ്രധാന റോഡില്‍ നിന്നു വഴിമാറിപ്പോകുന്ന പോത്താങ്കണ്ടം പാടിയോട്ടുചാല്‍ റോഡില്‍ കയറി അരകിലോമീറ്റര്‍ കുത്തനെയുള്ള ഇറക്കം കഴിഞ്ഞാല്‍ നേരെ ചെന്നെത്തുന്നത് ഒരു വലിയ തോട്ടുവക്കിലാണ്. ഇവിടെ പേരിനൊരു പാലമുണ്ട്. പാലം കടന്നാല്‍ അത്ര തന്നെ കയറ്റവും. പോത്താങ്കണ്ടം -പാടിയോട്ടുചാല്‍ റോഡില്‍ പോത്താങ്കണ്ടം ജുമാ മസ്ജിദിനു സമീപത്തായി കാസര്‍കോഡ് -കണ്ണൂര്‍ ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലമാണിത്.
കഷ്ടിച്ച് ഒരു വാഹനത്തിനു കടന്നു പോകാവുന്ന തരത്തിലുള്ള ഈ പാലം കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച അവസ്ഥയിലാണുള്ളത്. ഇരുവശത്തു നിന്നും വാഹനങ്ങള്‍ വന്നാല്‍ ഗതാഗത തടസമുണ്ടാകും. പിന്നെ വാഹനങ്ങള്‍ മുന്നോട്ടോ പിന്നോട്ടോ നീക്കാന്‍ ഏറെ പാടുപെടേണ്ടതായി വരും. പൊതുമരാമത്ത് ഏറ്റെടുത്ത് റോഡ് വീതി കൂട്ടി ടാര്‍ ചെയ്‌തെങ്കിലും ഈ പാലത്തിനു മാത്രം ഇതുവരെ ശാപമോക്ഷം കിട്ടിയിട്ടില്ല. റോഡ് പണി നടക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ പാലത്തിന്റെ അപകടാവസ്ഥ അധികൃതരെ ധരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ഈ പാലം മുറിച്ചു കടക്കാന്‍ ഏറെ പാടുപെടണം. ഡ്രൈവറുടെ ശ്രദ്ധയൊന്നു തെറ്റിയാല്‍ മതി വന്‍ ദുരന്തങ്ങള്‍ സംഭവിക്കാന്‍. കുത്തനെയുള്ള ഇറക്കവും മറുഭാഗം കാണാന്‍ പറ്റാത്ത രീതിയിലുള്ള വളവുമായതിനാല്‍ ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്.
പാലത്തിന്റെ അടിഭാഗം ഇളകിയ നിലയിലാണുള്ളത്. കൈവരികള്‍ നശിച്ച് ഒടിഞ്ഞു തൂങ്ങിയിട്ടു മാസങ്ങളായെങ്കിലും അധികൃതര്‍ക്കു കണ്ട ഭാവമില്ല. നിലവിലുള്ള പാലം പൊളിച്ചു മാറ്റി അല്‍പം കൂടി ഉയര്‍ത്തി വീതിയുള്ള പാലം നിര്‍മിച്ചാല്‍ മാത്രമേ ഈ പ്രശ്‌നത്തിനു ശാശ്വത പരിഹാരമാവുകയുള്ളൂവെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."