നോർക്ക റൂട്സ് സഊദിൽ ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു
റിയാദ്: മലയാളി പ്രവാസികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നോർക്ക റൂട്സ് സഊദിയിലും കൺസൾട്ടന്റുമാരെ നിയമിച്ചു. ദമ്മാമിൽ ജോലിചെയ്യുന്ന കണ്ണൂർ മടമ്പം സ്വദേശി അഡ്വ. വിൻസൺ തോമസ്, ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അഡ്വ. നജ്മുദീൻ എന്നിവരെയൊണ് സഊദിയിൽ സഊദി ലീഗൽ കൺസൾട്ടന്റുമാരായി നിയമിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മലയാളികൾക്ക് നിയമ സഹായം നൽകുന്നതിന് വേണ്ടി സഊദിയിലും ലീഗൽ കൺസൾട്ടൻറുകളെ കേരള സർക്കാർ നിയമിച്ചത്. നിലവിൽ സാമൂഹിക പ്രവർത്തകരും സംഘടന നേതാക്കന്മാരുമാണ് സഊദിയിൽ മലയാളികളുടെ പ്രശ്‌നങ്ങളിൽ ഇടപ്പെട്ടു കാര്യങ്ങൾ ചെയ്‌തു വരുന്നത്. കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽ നേരത്തെ തന്നെ നിയമനം നടന്നിരുന്നു.
പ്രവാസികൾക്ക് കേസുകൾ ഫയൽ ചെയ്യുന്നതിന് നിയമ സഹായം ചെയ്യുക, നഷ്ടപരിഹാര, ദയാ ഹരജികൾ ഫയൽ ചെയ്യുന്നതിന് സഹായിക്കുക മലയാളി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചു നിയമ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജമകൾ ലഭ്യമാക്കുന്നതിന് സഹായിക്കുക എന്നിവയാണ് നോർക്ക പദ്ധതിയുടെ ലക്ഷ്യങ്ങൾ. ദമാമിൽ നിന്നും അഞ്ചു അപേക്ഷകളാണ് കിട്ടിയിരുന്നത്. സഊദിയുടെ മറ്റു ഭാഗങ്ങളിലുള്ള ആരും ഈ തസ്‌തികയിലേക്ക് അപേക്ഷിച്ചിരുന്നില്ലെന്നാണ് വിവരം.
അഡ്വ. വിൻസൺ തോമസ് നിലവിൽ അൽ സഹ്‌റ ഗ്രൂപ്പിൽ നിയമ കാര്യ സെക്രട്ടറിയാണ്. ശ്രീകണ്ഠപുരം മുൻസിപ്പൽ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ നിയമ ഉപദേശകൻ, കൂട്ടുമുഖം സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ തളിപ്പറമ്പ്, ചെന്നൈ കോടതികളിൽ പ്രാക്ടിസ് ചെയ്‌തിരുന്നു. 2009ൽ സഊദിയിലെത്തിയ ആലപ്പുഴ ആറാട്ടുപുഴ സ്വദേശിയായ അഡ്വ. നജ്‌മുദീൻ തിരുവനന്തപുരം ഗവ. ലോ കോളജിൽനിന്ന് 2000ത്തിൽ നിയമബിരുദം നേടി മാവേലിക്കര, ഹരിപ്പാട് ബാറുകളിൽ ഏഴ് വർഷത്തോളം അഭിഭാഷകനായി പ്രാക്ടിസ് ചെയ്‌തു. 2007ൽ യു.എ.ഇ യിലെ പ്രമുഖ നിയമസ്ഥാപനമായ അൽ ഖുമൈതി ലോ ഓഫിസിൽ ലീഗൽ കൺസൾട്ടൻറായി പ്രവർത്തിച്ചു. 2009 ൽ സഊദിയിലെത്തിയ ഇദ്ദേഹം ദമാമിലെ പ്രമുഖ നിയമ സ്ഥാപനമായ ഹുസാം ബാഖുർജി ലോ ഓഫിസിൽ ലീഗൽ കൺസൾട്ടൻറായും 2010 മുതൽ 2016 വരെ സഊദി ലുലു ഗ്രൂപ്പിൽ മീഡിയ ഓപറേഷൻ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."