തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന കോഴ്‌സ്; അപേക്ഷിക്കാം
പാലക്കാട്: തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനത്തിന് ഹയര്‍ സെക്കന്‍ഡറി - ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ് ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അതത് വിദ്യാലയത്തിലെ അസാപ് കോഴ്‌സുകളില്‍ പ്രവേശനം നേടാം. ഉന്നത-പൊതു വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്). പ്ലസ് വണ്‍, ആദ്യവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനത്തിന് അവസരം. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കോളെജ് പഠനത്തോടൊപ്പം തന്നെ ചെയ്യാവുന്ന തൊഴില്‍ വൈദഗ്ധ്യ പരീശിലനമാണ് അസാപ് നല്‍കുക. നൈപുണ്യ വിഷയങ്ങളിലെ വാസനയും തൊഴില്‍ നേടാനുള്ള താത്പര്യവും പരിഗണിച്ചാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. 100 മണിക്കൂര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മൊഡ്യൂള്‍, 80 മണിക്കൂര്‍ ഐ.ടി. മൊഡ്യൂള്‍, വിദ്യാര്‍ഥി തെരഞ്ഞടുക്കുന്ന നൈപുണ്യ വിഷയത്തിലുള്ള പരിശീലനം എന്നിവയാണ് അസാപ് പരിശീലന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഓരോ നൈപുണ്യ കോഴ്‌സിനും തിയറിയേക്കാള്‍ പ്രവൃത്തി പരിചയത്തിന് ഊന്നല്‍ നല്‍കുന്നതിനായി സിലബസിന്റെ 55 ശതമാനം പ്രാക്ടിക്കലിനായി മാറ്റിവെച്ചിട്ടുണ്ട്. പരിശീലനം ലഭിക്കുന്ന നൈപുണ്യ മേഖലയുമായി ബന്ധപ്പെട്ട വ്യവസായ -തൊഴില്‍ സ്ഥാപനത്തില്‍ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍-കോളെജ് പഠന സമയത്തിന് പുറമെയുള്ള സമയമാകും അധ്യയന സമയമായി തിരഞ്ഞെടുക്കുന്നത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും അതത് വ്യവസായമേഖലയിലെ സെക്ടര്‍സ്‌കില്‍ കൗണ്‍സിലും നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."