ഗത്യന്തരമില്ലാതെ അമിത്ഷാ പറഞ്ഞു രാജിവയ്ക്കാന്‍
ന്യൂഡല്‍ഹി: കേന്ദ്രത്തിലെയും സംസ്ഥാനത്തെയും എല്ലാ അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്രയില്‍ ത്രികക്ഷികള്‍ ഭരണത്തിലേറുന്നത് തടയാന്‍ ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായാണ് ബി.ജെ.പിക്ക് വേണ്ടി മുന്നില്‍ നിന്ന് കളിച്ചത്.
കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും തിരിച്ചും കളിച്ചതോടെ ഗത്യന്തരമില്ലെന്ന് കണ്ട് ഒടുവില്‍ അമിത്ഷാ, ദേവേന്ദ്ര ഫഡ്നാവിസിനോട് രാജിവയ്ക്കാന്‍ പറയുകയായിരുന്നു.
രാവിലെ ബി.ജെ.പിയുടെ ആവശ്യങ്ങളെല്ലാം തള്ളി സുപ്രിംകോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയും അമിത് ഷായും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഭരണഘടനാദിനമായ ഇന്നലെ പാര്‍ലമെന്റില്‍ അതുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കവെയാണ് ഞെട്ടലോടെ കോടതിവിധി അറിഞ്ഞത്. ഇതോടെ പാര്‍ലമെന്റില്‍ വച്ച് തന്നെ മോദിയും അമിത്ഷായും ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയും ഒന്നിച്ചിരുന്നു ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ എങ്ങനെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇവര്‍ പ്രധാനമായും ആലോചിച്ചത്. ഇതിനൊടുവില്‍ ഇനി പിടിച്ചുനില്ക്കാന് കഴിയില്ലെന്നു ബോധ്യംവന്നതോടെ ഫഡ്നാവിസിനോട് രാജിവയ്ക്കാന്‍ അമിത്ഷാ ആവശ്യപ്പെടുകയായിരുന്നു.
ഷായുടെ സന്ദേശം വന്നയുടന്‍ ഫഡ്നാവിസ് വാര്‍ത്താസമ്മേളനം വിളിക്കുകയായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഈ വാര്‍ത്താസമ്മേളനത്തിലാണ് ഫഡ്നാവിസ് രാജി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."