സ്ത്രീപീഡന പരാതി അട്ടിമറിക്കാന്‍ നീക്കം
കല്‍പ്പറ്റ: അടുത്തിടെ മേപ്പാടി കേന്ദ്രീകരിച്ചുയര്‍ന്ന സ്ത്രീപീഡന പരാതി അട്ടിമറിക്കാന്‍ നീക്കം. ഇരയെ പ്രലോഭിപ്പിച്ച് പ്രതികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് കേസ് ഒത്തുതീര്‍പ്പിലെത്തിച്ചത് കല്‍പ്പറ്റയിലെ വിവാദ അഭിഭാഷകന്‍. ഇതടക്കമുള്ള വിവാദ അഭിഭാഷകന്റെ നടപടികളില്‍ അഭിഭാഷക സമൂഹത്തില്‍ അമര്‍ഷം പുകയുകയാണ്. തങ്ങള്‍ക്ക് മൊത്തം മാനക്കേടുണ്ടാക്കുന്ന ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം അഭിഭാഷക സമൂഹത്തില്‍ നിന്നുയരുന്നുണ്ട്.
വീട്ടമ്മയെ ഉപദ്രവിച്ചുവെന്ന പരാതി ഏകദേശം രണ്ടുമാസം മുന്‍പാണ് പൊലിസിനു ലഭിച്ചത്. തന്നെ ഉപദ്രവിച്ചവരുടെ സൂചനകള്‍ വീട്ടമ്മ പൊലിസിനു നല്‍കിയിരുന്നു. തന്നെ ഉപദ്രവിച്ചവര്‍ക്കെതിരേ പരാതി നല്‍കിയിട്ടും പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് വീട്ടമ്മ പരസ്യമായി ആക്ഷേപമുന്നയിക്കുകയും ചെയ്തു. വീട്ടമ്മ പരസ്യമായി രംഗത്തെത്തിയതോടെ എതിര്‍കക്ഷികള്‍ കടുത്ത സമ്മര്‍ദത്തിലായി. ഈ സാഹചര്യത്തില്‍ വിവാദ അഭിഭാഷകന്‍ രംഗപ്രവേശം ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് പ്രതിപട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ വഴങ്ങി. ഇവര്‍ കേസ് ഒതുക്കുന്നതിനായി ഏകദേശം 20 ലക്ഷം രൂപയോളം വിവാദ അഭിഭാഷകന് കൈമാറിയതായാണ് സൂചന.
ഇതില്‍ നിന്ന് ചെറിയൊരു വിഹിതം മാത്രമാണ് വീട്ടമ്മക്ക് വാഗ്ദാനം ചെയ്തത്. ബാക്കി തുക മുഴുവന്‍ വിവാദ അഭിഭാഷകന്‍ വിഴുങ്ങി. ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം കേസ് ഇല്ലാതാക്കാന്‍ ബന്ധപ്പെട്ടവര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അഭിഭാഷക വൃത്തിക്ക് നിരക്കാത്ത ഇത്തരം നിരവധി ആരോപണങ്ങള്‍ വിവാദ അഭിഭാഷകനെക്കുറിച്ചുയര്‍ന്നിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ബത്തേരിയില്‍ തോക്ക് സഹിതം നായാട്ട് സംഘം പിടിയിലായപ്പോള്‍ വിവാദ അഭിഭാഷകനെ കേസ് ഏല്‍പ്പിച്ചാല്‍ മതിയെന്നാണ് ചില വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികളോട് ഉപദേശിച്ചത്. പലനാള്‍ കള്ളന്‍ ഒരു നാള്‍ കുടുങ്ങുമെന്ന പഴംചൊല്ല് യാഥാര്‍ഥ്യമാക്കി അടുത്തിടെ വിവാദ അഭിഭാഷകന്‍ ക്രിമിനല്‍ കേസില്‍ കുടുങ്ങുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."