ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ഗിലാനിയുടെ കൂട്ടാളിയുടെ വസതികളില്‍ എന്‍.ഐ.എ റെയ്ഡ്
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ വിഘടനവാദികള്‍ക്കു നേരെയുള്ള സര്‍ക്കാര്‍ വേട്ട തുടരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഇന്നലെ സംസ്ഥാനത്ത് രണ്ടിടത്ത് റെയ്ഡ് നടത്തി.
ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലിഷാ ഗിലാനിയുമായി അടുത്ത ബന്ധമുള്ള സഹായിയുടെ ജമ്മുവിലെ വസതികളിലായിരുന്നു റെയ്ഡ്. ഗിലാനിയുടെ രണ്ടാമത്തെ മകനും തെഹ്‌രീകെ ഹുര്‍റിയത്ത് നേതാവുമായ നസീമിനോട് ബുധനാഴ്ച ഏജന്‍സി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഗിലാനിയുടെ ബിനാമിയെന്ന് പറയപ്പെടുന്ന അഭിഭാഷകന്‍ രജൗരിയിലെ നൗഷേറ സെക്ടര്‍ സ്വദേശിയുമായ ദേവീന്ദര്‍ സിങ് ബെഹലിന്റെ ഓഫിസിലും വീട്ടിലുമാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്. ഇയാളുടെ വിദേശയാത്രകളും പണമിടപാടുകളും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമായിരുന്നു നടപടി.
അഭിഭാഷകനെ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു കശ്മിര്‍ പീസ് ഫോറം ചെയര്‍പേഴ്‌സനായിരുന്ന ദേവീന്ദര്‍ ഹുര്‍റിയത്ത് കോണ്‍ഫറന്‍സുമായി ഉറ്റബന്ധം സൂക്ഷിക്കുന്നുണ്ട്. അന്വേഷണത്തിനിടയില്‍ ഇയാളുടെ വസതികളില്‍നിന്ന് ഏതാനും രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയെന്ന സംശയത്തെ തുടര്‍ന്ന് ജമ്മുവിലെ ബിസിനസുകാരന്റെ കേന്ദ്രങ്ങളിലും ഹൂര്‍റിയത്ത് നേതാക്കളുടെ വസതികളിലും എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു.
താഴ്‌വരയില്‍ നടക്കുന്ന ഹവാല പണമിടപാടുകള്‍, സുരക്ഷാ സൈനികര്‍ക്കു നേരെയുള്ള കല്ലേറ്, പൊതുസ്വത്ത് നശിപ്പിക്കല്‍, സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് പാകിസ്താനില്‍നിന്നടക്കം ഫണ്ട് എത്തുന്നതായി എന്‍.ഐ.എക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഹുര്‍റിയത്ത് മുഖേനയാണ് താഴ്‌വരയില്‍ ഫണ്ട് വിതരണം ചെയ്യുന്നതെന്നും ആരോപണമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മെയ് 30ന് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് റെയ്ഡുകള്‍ തുടരുന്നത്.
എന്നാല്‍, ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഗിലാനിയുടെ മൂത്ത മകനും ഡോക്ടറുമായ നഈമിനോട് ഇന്നു ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. മുന്‍പ് പാകിസ്താനിലായിരുന്ന നഈം 11 വര്‍ഷമായി ഇന്ത്യയിലാണു കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."