ന്യൂനപക്ഷ വിരുദ്ധ പ്രസംഗം ബാലകൃഷ്ണപിള്ള നിയമത്തിനു മുന്നില്‍ കീഴടങ്ങണം: പൂന്തുറ സിറാജ്
കൊല്ലം: ന്യൂനപക്ഷ വിരുദ്ധ പ്രസംഗം നടത്തിയ കേസില്‍ ജാമ്യമില്ലാ കുറ്റം ചുമത്തപ്പെട്ട ആര്‍.ബാലകൃഷ്ണപിള്ള നിയമത്തിനു മുന്നില്‍ കീഴടങ്ങണമെന്നു പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൊലിസ് പിള്ളയെ തിരക്കി വീട്ടില്‍ ചെല്ലുമ്പോള്‍ അദ്ദേഹം അവിടെയില്ലെന്നാണ് പറയുന്നത്. പിള്ള മുമ്പും ഇത്തരം പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. സംഘപരിവാര്‍ വെള്ളാപ്പള്ളിയെ ഉപയോഗിച്ചു ഈഴവ സമുദായത്തില്‍ നിന്നും ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്തതു പോലെ എന്‍.എസ്.എസില്‍ നിന്നും അത്തരം നീക്കം നടത്താനാണ് പിള്ളയെ ഉപയോഗിച്ചിരിക്കുന്നതെന്നു പ്രസംഗത്തിലൂടെ മനസിലാകും.
അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ അസ്വാതന്ത്ര്യത്തിന്റെ 16ാംവാര്‍ഷികത്തിന്റെ ഭാഗമായി പി.ഡി.പി നേതൃത്വത്തില്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ 17ന് വൈകീട്ട് നാലിന് പ്രതിഷേധറാലിയും മഹാസംഗമവും സംഘടിപ്പിക്കുമെന്ന് സിറാജ് പറഞ്ഞു. കൊല്ലത്ത് ഹെല്‍മറ്റ് വേട്ടയ്ക്കിടെ പൊലിസുകാരന്റ വയര്‍ലെസ് സെറ്റ് കൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്ന സന്തോഷ് ഫെലിക്‌സിനു അടിയന്തര ചികില്‍സ നല്‍കാന്‍ തിരുവനന്തപുരം ശ്രീചിത്രയിലേക്കു മാറ്റണം. ചികില്‍സാ ചെലവു വഹിക്കാന്‍ മാര്‍ഗ്ഗമില്ലാത്ത സന്തോഷിന്റെ കുടുംബത്തെ സഹായിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ നടപടിയായിട്ടില്ല. സര്‍ക്കാര്‍ ധനസഹായം നല്‍കിയില്ലെങ്കില്‍ പി.ഡി.പി സമൂഹത്തില്‍ നിന്നും പണം സ്വരൂപിച്ചു സന്തോഷിനെ ചികില്‍സക്കായി ശ്രീചിത്രയിലെത്തിക്കുമെന്നും സിറാജ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, സെക്രട്ടറി സുനില്‍ ഷാ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."