ബൈക്ക് യാത്രക്കാരനെ വയര്‍ലെസ് സെറ്റ് കൊണ്ട് തലക്ക് അടിച്ച സംഭവം: പൊലിസുകാരനെതിരെ കേസെടുത്തു
കൊല്ലം: ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനെ വയര്‍ലെസ് സെറ്റുകൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലിസുകാരനെതിരെ കേസെടുത്തു. വയര്‍ലെസ് സെറ്റുകൊണ്ട് യാത്രക്കാരന്റെ തലയ്ക്കടിച്ച ട്രാഫിക് സിവില്‍ പൊലിസ് ഉദ്യോഗസ്ഥനായ മാഷ് ഭാസിനെതിരേയാണ് ഐ.പി.സി 326 വകുപ്പ് ചുമത്തി കേസെടുത്തിട്ടുള്ളത്.
കൊല്ലം അഞ്ചുകല്ലുമ്മൂട് ഹെര്‍ക്കുലിസില്‍ സന്തോഷ് ഫെലിക്‌സിനാ(34)ണ് ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ മര്‍ദ്ദനമേറ്റത്. ഇയാള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും കുറ്റക്കാരനായ പൊലിസുകാരനെതിരെ കേസെടുക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്നു രാവിലെയായിരുന്നു പൊലിസ് ആശുപത്രിയിലെത്തി യുവാവില്‍ നിന്നും മൊഴിയെടുത്തത്. മര്‍ദ്ദനത്തില്‍ സന്തോഷിന് ഒരു ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തില്‍ പൊലിസിന് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പൊലിസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. പത്തു വര്‍ഷം വരെ തടവു കിട്ടേണ്ട കുറ്റമാണ് പൊലിസുകാരന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും ഗുരുതരമായി പരുക്കേറ്റ സന്തോഷ് ഫിലിക്‌സിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ആവശ്യപ്പെട്ടു. എന്നാല്‍, ഗുരുതരാവസ്ഥയില്‍ കഴിയുന്ന സന്തോഷിന്റെ ചികില്‍സക്കായി ബന്ധുക്കള്‍ ബുദ്ധിമുട്ടുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ചികില്‍സാ സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
തിരുവനന്തപുരം ശ്രീചിത്രയില്‍ പ്രവേശിപ്പിക്കണമെങ്കിലും എല്ലാ സൗകര്യങ്ങളുമുള്ള ആംബുലന്‍സിലാണ് തിരുവനന്തപുരത്തെത്തിക്കേണ്ടത്. അതിനുള്ള സാമ്പത്തികം പോലും വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ സന്തോഷിന്റെ കുടുംബത്തിനില്ല. ഇതിനിടെ നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."