സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിച്ച ജില്ലയില്‍ 12,535 'മണ്ണെണ്ണ വീടു'കള്‍
കാക്കനാട്: സമ്പൂര്‍ണമായും വൈദ്യുതീകരിക്കപ്പെട്ട ജില്ലയായി എറണാകുളം ജില്ല മാറിയിട്ട് മാസങ്ങളായി. എന്നാലും 'മണ്ണെണ്ണ വീടു'കള്‍ ഒട്ടേറെയാണെന്ന് സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ജില്ലയില്‍ 12,535 വീടുകളിലാണ് ഇപ്പോഴും മണ്ണെണ്ണ വിളക്കുകള്‍ ഉപയോഗിക്കുന്നത്. വൈദ്യുതീകരിക്കാത്ത വീടുകളുടെ പേരിലാണ് ഇത്രയും കാര്‍ഡുടമകള്‍ മണ്ണെണ്ണ വാങ്ങുന്നത്. അങ്ങനെയാണെങ്കില്‍ വൈദ്യുതീകരിക്കാത്ത വീടുകള്‍ ഇത്രയുമധികം ഉണ്ടെങ്കില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം കള്ളത്തരമാണെന്നാണ് തെളിയുക.
ആലുവ, കണയന്നൂര്‍, കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലാണ് റേഷന്‍ കടകളില്‍ നിന്നും വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിന്റെ പേരില്‍ നാലു ലീറ്റര്‍ വീതം മണ്ണെണ്ണ വാങ്ങുന്ന കാര്‍ഡ് ഉടമകള്‍ കൂടുതലുള്ളത്. ഇവരുടെ വീടുകള്‍ വൈദ്യുതീകരിക്കപ്പെട്ടിട്ടുണ്ടോയെന്ന പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.
വൈദ്യുതീകരണം നടത്തിയ വീടാണെങ്കില്‍ യഥാര്‍ത്ഥ വസ്തുത മറച്ചുവച്ച് ആനുകൂല്യം പറ്റുന്നവരാണ് ഈ കാര്‍ഡുടമകള്‍. പല പൊതുവിതരണ കേന്ദ്രങ്ങള്‍ക്കു കീഴിലും ഇത്തരത്തില്‍ അനര്‍ഹര്‍ ഉണ്ടെന്നാണ് വിവരം.
അതേസമയം ചിലയിടങ്ങളില്‍ റേഷന്‍ കട ഉടമയും ഉപഭോക്താവും തമ്മിലുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ട്. കാര്‍ഡുടമയുടെ അറിവോടെ മണ്ണെണ്ണ മറിച്ചുവില്‍ക്കുന്നതാണിത്. വൈദ്യുതീകരിക്കാത്ത വീടുകളായി കാണിച്ച് മുന്‍ഗണനാ പട്ടികയില്‍ ഇടം പിടിച്ചവരുണ്ട്. പരിശോധന നടത്തിയാല്‍ മുന്‍ഗണനാ പട്ടികയിലെ അനര്‍ഹരെയും ഇതിലൂടെ കണ്ടെത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."