ആരാണ് ആര്‍.എസ്.എസിന്റെ 'ഒക്കചങ്ങായി'
അന്‍സാര്‍ മുഹമ്മദ്#
മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആര്‍.എസ്.എസിന്റെ 'ഒക്കചങ്ങായി' ആരാണ്, ഭരണപക്ഷമോ പ്രതിപക്ഷമോ ഇരുവരും തമ്മില്‍ തര്‍ക്കം. സഭയില്‍ സഹകരിക്കാമെന്ന വാഗ്ദാനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയെങ്കിലും സഭ കൂടിയത് ഇന്നലെ 21 മിനുട്ട് മാത്രം.
സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയോ. പ്രതിപക്ഷ നേതാവിന് സംശയം. സംശയം വരാനുള്ള കാരണവും രമേശ് ചെന്നിത്തല സഭയില്‍ വ്യക്തമാക്കി. ചിത്തിര ആട്ട വിശേഷ നാളില്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞത് അക്ഷരം പ്രതി പൊലിസുദ്യോഗസ്ഥര്‍ അനുസരിച്ചു. ശബരിമലയിലെ അന്നദാനവും ആര്‍.എസ്.എസിനെ ഏല്‍പ്പിച്ചു. ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ സി.പി സുഗതനെ വനിതാ മതില്‍ നിര്‍മാണത്തിന്റെ ജോയിന്റ് കണ്‍വീനറാക്കി.
അപ്പോള്‍ ആരാണ് ആര്‍.എസ്.എസുമായി കൂട്ടു കച്ചവടം നടത്തുന്നത്. മുഖ്യമന്ത്രി നേരിട്ടാണോ കച്ചവടം ഉറപ്പിക്കുന്നതെന്നു ചെന്നിത്തലയുടെ സംശയം. പ്രതിപക്ഷനേതാവിന്റെ സംശയമല്ലേ. അതു തീര്‍ത്തു കൊടുക്കേണ്ട കടമ മുഖ്യമന്ത്രിയ്ക്കാണല്ലോ. മറുപടിയുമായി മുഖ്യമന്ത്രി എണീറ്റു.
ആര്‍.എസ്.എസിന്റെ ഒക്കചങ്ങാതിയായി എത്രപേര്‍ അപ്പുറത്തിരിക്കുന്നുവെന്നു മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു. ആര്‍.എസ്.എസിന്റെ നിലപാടാണു പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ക്കെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ശബരിമല വിധിയെക്കുറിച്ചു കോണ്‍ഗ്രസധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമാണെന്നാണു പ്രതിപക്ഷം പറയുന്നത്.
കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കു താല്‍പര്യം ആര്‍.എസ്.എസിന്റെ നിലപാടാണ്. അമിത്ഷാ നിങ്ങളുടെ നേതാവാണെന്ന് അംഗീകരിക്കേണ്ട നിലപാടിലേയ്ക്കാണു കാര്യങ്ങള്‍ പോകുന്നതെന്നു മുഖ്യമന്ത്രി.
സഭ ആരംഭിച്ചപ്പോള്‍ തന്നെ ശബരിമലയില്‍ 144 പിന്‍വലിക്കണം, ഭക്തര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം എന്നീ ആവശ്യവുമായി പ്രതിപക്ഷ നേതാവെണീറ്റു. യു.ഡി.എഫ് ഉന്നയിച്ച ആക്ഷേപങ്ങളെ സാധൂകരിക്കുന്നതാണു നിരീക്ഷണ സമിതിയെ നിയോഗിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനം. ഇതു സര്‍ക്കാരിന്റെ പിടിപ്പുകേടാണു കാണിക്കുന്നത്. അതിനാലാണു കഴിഞ്ഞ ദിവസങ്ങളില്‍ സഭാസ്തംഭനമുണ്ടായത്.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ളതാണ് സഭ എന്നതിനാല്‍ സഭാ നടപടികളുമായി സഹകരിക്കാനാണ് തീരുമാനം. അതിനാല്‍ ഇന്നു മുതല്‍ ശബരിമല സമരം ഞങ്ങള്‍ സഭാ കവാടത്തിലേയ്ക്ക് മാറ്റുന്നു. വി.എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, ഡോ.ജയരാജ് എന്നിവര്‍ സഭാ കവാടത്തില്‍ ഇന്നു മുതല്‍ സത്യാഗ്രഹമിരിക്കും.
പ്രതിപക്ഷ നേതാവ് പ്രഖ്യാപനം നടത്തിയതിനു പിന്നാലെ മറുപടിയുമായി മുഖ്യമന്ത്രി എണീറ്റു. പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം തന്നെ ഇത്തരം പ്രസ്താവന നടത്തുന്നതായിരുന്നു നല്ലത്. ശബരിമലയില്‍ നിന്നും ഒരു വിഭാഗം ഇറങ്ങിയപ്പോള്‍ പ്രതിപക്ഷവും ഇറങ്ങുമെന്നാണ് കരുതിയത്.
പക്ഷെ ഇവരുടെ പിന്തുണയോടെ സമരം നടത്തിയവര്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് വന്നിട്ടുണ്ട്. ഇവിടെയാകട്ടെ അവര്‍ സമരം അവസാനിപ്പിച്ച് സഭാകവാടത്തിലേക്ക് പോകുന്നു.
ഇത് ഒത്തുകളിയുടെ തെളിവാണ്. ശബരിമലയില്‍ സൗകര്യങ്ങളില്ലെന്ന പ്രചാരണം ശരിയല്ല. പ്രളയാനന്തരം കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ചെയ്തത്. ശബരിമലയുടെ ചരിത്രത്തിലില്ലാത്ത അക്രമം നടന്നപ്പോഴാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. യു.ഡി.എഫ് തെറ്റായ നടപടികള്‍ തുടരുന്നതിന്റെ ഭാഗമാണ് പുതിയ സമര പ്രഖ്യാപനം. ഇത് വൈകിവന്ന അല്‍പ വിവേകമാണ്.
പ്രതിപക്ഷ നേതാവ് വീണ്ടും എണീറ്റു. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ആദ്യം സ്വീകരിച്ച നിലപാടാണ് ഇപ്പോഴും തുടരുന്നത്. അതിന്റെ ഭാഗമായാണ് സഭാ കവാടത്തില്‍ പ്രഖ്യാപിച്ച സമരം. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് യു.ഡി.എഫ് സമരം ചെയ്യണമെന്ന വാദം അംഗീകരിക്കാന്‍കഴിയില്ല. ഇത് കേട്ടപാതി മുഖ്യമന്ത്രി രോഷത്തോടെ എണീറ്റു. ചോദ്യോത്തരവേള ചര്‍ച്ചക്കുള്ള വേദിയാക്കുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവിന്റെയും കൂടെ കൂടിയവരുടെയും നിലപാട് കേരളമാകെ കണ്ടതാണ്. രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി അറിയാത്തവരാണ് പ്രതിപക്ഷത്തിനുവേണ്ടി പ്രസ്താവന നടത്തുന്നത്.
ഈ സമയം പ്രതിപക്ഷ നേതാവ് വീണ്ടും എണീറ്റു. മൈക്ക് തരാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. പിന്നാലെ അങ്ങനെയെങ്കില്‍ എനിക്കും പറയാനുണ്ട് മുഖ്യമന്ത്രിയും എണീറ്റു. ഇരുവര്‍ക്കും മൈക്ക് നിഷേധിച്ച് സ്പീക്കര്‍ ചോദ്യോത്തര വേളയിലേയ്ക്ക് കടന്നു. റവന്യു മന്ത്രിയെ മറുപടിക്കു ക്ഷണിച്ചു. പ്രതിപക്ഷ നേതാവിന് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ബാനറും പ്ലാക്കാര്‍ഡും മുദ്രാവക്യവുമായി സ്പീക്കറുടെ ഡയസിനു മുന്നിലെത്തി. ബാനര്‍ സ്പീക്കറുടെ മുഖം മറച്ചു.
ഇതിനിടയില്‍ 'തെമ്മാടിത്തം കാണിക്കാതെ സ്പീക്കറുടെ മുന്നില്‍ നിന്നും മാറെടാ' എന്നു ശബ്ദമുയര്‍ത്തി ഭരണകക്ഷി ബെഞ്ചില്‍ നിന്നും എല്‍ദോസ് കുന്നപ്പള്ളി സ്പീക്കറുടെ ഡയസിലേയ്ക്ക് നീങ്ങി. പിന്നാലെ ജോയി, നൗഷാദ്, രാജേഷ് എന്നിവരും കൂടി. ഇവരെ എ.കെ ശശീന്ദ്രന്‍ പിടിച്ചുമാറ്റി. പിന്നീട് പ്രതിപക്ഷ അംഗങ്ങളും ഭരണ കക്ഷി അംഗങ്ങളും 'വാടാ പോടാ' വിളിയായി. ബഹളം കൊടുമ്പിരി കൊള്ളുമ്പോള്‍ മുഖ്യമന്ത്രി പേപ്പറില്‍ എന്തോ എഴുതി നിയമസഭ ജീവനക്കാരനെ ഏല്‍പ്പിച്ചു. നിയമസഭ ജീവനക്കാരന്‍ ഡയസിന് താഴെ ഇരിക്കുന്ന മറ്റൊരു ജീവനക്കാരന് കുറിപ്പു കൈമാറി.
അദ്ദേഹം കുറിപ്പ് സ്പീക്കര്‍ക്ക് കൈമാറി. കുറിപ്പ് വായിച്ച സ്പീക്കര്‍ ഈ സഭ ഇങ്ങനെ കൊണ്ടുപോകാന്‍ പറ്റില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ സീറ്റിലേയ്ക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴും പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. ചെയറിനോട് മോശമായി പെരുമാറി കാര്യം നേടാന്‍ നോക്കണ്ട. നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടവ, നിസാരമായ പ്രശ്‌നങ്ങളുടെ പേരില്‍ തടസപ്പെടുത്തുന്നത് ശരിയല്ല.
മുഖ്യമന്ത്രിയും പറയാനുള്ളത് പറഞ്ഞു. പ്രതിപക്ഷ നേതാവിന് വീണ്ടും അവസരം കൊടുത്തു. പ്രതിഷേധം ജനാധിപത്യ അവകാശമാണെന്ന് പ്രതിപക്ഷം വിളിച്ചു പറഞ്ഞു. എന്നാല്‍ സ്പീക്കര്‍ വിട്ടു കൊടുത്തില്ല.
ജനാധിപത്യ അവകാശങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ കാര്യങ്ങളും പൂര്‍ത്തീകരിച്ചുകൊടുക്കേണ്ടതുണ്ട്. സമ്മര്‍ദത്തിലാക്കി ഒന്നും നടത്താന്‍ കഴിയില്ല. തുടര്‍ന്ന് ചോദ്യോത്തരവും സബ്മിഷനും ശ്രദ്ധക്ഷണിക്കലും സസ്പന്‍ഡ് ചെയ്യുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
നടപടികള്‍ വേഗത്തിലാക്കി മൂന്നാം ദിവസവും 21 മിനിട്ടില്‍ സഭ പിരിഞ്ഞു.അടിയന്തര പ്രമേയത്തിന് മന്ത്രി ജലീലിന്റെ ബന്ധു നിയമന വിവാദത്തിലാണ് നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍ സഭ പിരിഞ്ഞതോടെ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ കഴിയാത്തതിന്റെ രോഷവുമായി പ്രതിപക്ഷം ബാനര്‍ പിടിച്ച് സഭയില്‍ നിന്നു പുറത്തേയ്ക്ക് പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."