വര്‍ഗീയതക്കും അക്രമ രാഷ്ട്രീയത്തിനും താക്കീതായി യുവജനയാത്ര
കല്‍പ്പറ്റ/പനമരം: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ 'വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം' എന്ന പ്രമേയത്തോടെ കഴിഞ്ഞ 24ന് മഞ്ചേശ്വരത്ത് നിന്നുമാരംഭിച്ച മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രക്ക് വയനാട്ടില്‍ ഊഷ്മള വരവേല്‍പ്.
ഇന്നലെ രാവിലെ പനമരത്ത് നിന്നാണ് ജില്ലയിലെ യാത്രക്ക് തുടക്കം കുറിച്ചത്. 2500ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ശുഭ്ര വസ്ത്രധാരികളായി സംസ്ഥാന നേതാക്കളെ അനുഗമിച്ച് 20 കിലോമീറ്ററിലധികം കാല്‍നടയായി കല്‍പ്പറ്റയിലെ സമാപന സമ്മേളന വേദിയിലേക്കെത്തിയത്.
രാവിലെ ആരംഭിച്ച യാത്ര ഉച്ചയോടെ കമ്പളക്കാട് വെച്ച് ആദ്യ സ്വീകരണം ഏറ്റുവാങ്ങി. ഇവിടെ നിന്നും തുടര്‍പ്രയാണമാരംഭിച്ച് വൈകിട്ട് ഏഴോടെയാണ് കല്‍പ്പറ്റയിലെ സമാപന വേദിയിലെത്തിയത്.
കല്‍പ്പറ്റയില്‍ യാത്രയെ സ്വീകരിക്കാന്‍ കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും വിവിധ പോഷക സംഘടനകളുടെയും പ്രവര്‍ത്തകര്‍ റോഡിന് ഇരുവശവും നിലയുറപ്പിച്ചിരുന്നു. ഇവരുടെ അഭിവാദ്യ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെയാണ് യാത്ര സമാപന വേദിയിലെത്തിയത്. കല്‍പ്പറ്റയില്‍ നടന്ന ജില്ലാതല സമാപനം മുസ്‌ലിംലീഗ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാഥയുടെ ജില്ലാ സ്വാഗതസംഘം ചെയര്‍മാനും മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കെ.കെ അഹമ്മദ് ഹാജി പരിപാടിയില്‍ അധ്യക്ഷനായി.
യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍, ജാഥാ നായകന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി.കെ ഫിറോസ്, ഡയരക്ടര്‍ എം.എ സമദ്, കോഡിനേറ്റര്‍ നജീബ് കാന്തപുരം, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എ.കരീം, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മാഈല്‍, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റ് അഡ്വ. വി.കെ ഫൈസല്‍ ബാബു, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് കെ. ഹാരിസ് സ്വാഗതവും ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് നന്ദിയും പറഞ്ഞു. രാവിലെ പനമരത്ത് നിന്നാരംഭിച്ച യാത്ര മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍. നിസാര്‍ അഹമ്മദ് അധ്യക്ഷനായി. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, ഫാദര്‍ സാജു അരശ്ശോരിയില്‍ സംസാരിച്ചു.
മുഖ്യമന്ത്രി കുറിപ്പ് നല്‍കി സഭ നിര്‍ത്തിവയ്ക്കുന്നത് ആദ്യം: പി.കെ ഫിറോസ്
കമ്പളക്കാട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമന വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സഭ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ക്ക് മുഖ്യമന്ത്രി കുറിപ്പ് നല്‍കിയത് കേരള ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും മുഖ്യമന്ത്രി ജലീലിനെ ഭയപ്പെടുന്നുവെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
യൂത്ത് ലീഗ് യുവജന യാത്രക്ക് കമ്പളക്കാട് നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വി.പി യൂസഫ് അധ്യക്ഷനായി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സുഹ്‌റ മമ്പാട്, ജയന്തി രാജന്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി സംസാരിച്ചു. പഞ്ചായത്തിലെ വിവിധ കമ്മിറ്റികള്‍ ജാഥാ നായകനും ഉപനായകനും ഹാരങ്ങളണിയിച്ചു.
പി.പി.എ കരീം, കെ.കെ അഹ്മദ് ഹാജി, കാവുങ്ങല്‍ മൊയ്തുട്ടി, വി.എസ് സിദ്ദീഖ്, പുന്നോളി അബ്ബാസ്, കെ.എം ഫൈസല്‍, ഷറഫുദീന്‍ ടി, ബഷീര്‍ പഞ്ചാര, സിറാജുദീന്‍ എം.വി സംബന്ധിച്ചു. കാട്ടി ഗഫൂര്‍ സ്വാഗതവും ഇബ്‌റാഹിം നന്ദിയും പറഞ്ഞു.
കേരളത്തില്‍ വര്‍ഗീയത വളരില്ലെന്ന് യൂത്ത്‌ലീഗ് തെളിയിച്ചു: സാദിഖലി തങ്ങള്‍
കല്‍പ്പറ്റ: മുസ്‌ലിം ലീഗിനെപ്പോലെ ദീര്‍ഘവീക്ഷണത്തില്‍ തീരുമാനങ്ങടെുക്കാന്‍ യുത്ത്‌ലീഗിനും സാധിച്ചു എന്നതിന്റെ തെളിവാണ് യുവജനയാത്രക്ക് ഓരോ കേന്ദ്രങ്ങളിലും സ്വീകരണവുമായെത്തുന്ന ആയിരങ്ങളെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
യുവനയാത്രയുടെ വയനാട് ജില്ലാ സമാപന സമ്മേളനം കല്‍പ്പറ്റയില ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കേരളത്തിന്റെ മതേതര മുഖത്തിന് കരുത്ത് പകരുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വര്‍ഗീയത വല്ലാതെ വേരോട്ടം നടത്താനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍ അവയെയൊക്കെ പ്രതിരോധിക്കാന്‍ മതേതരത്വത്തിന്റെ കാവല്‍ക്കാര്‍ക്കാവുമെന്ന് തെളിയിച്ചിരിക്കുകയാണ് യാത്രയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വേദിയില്‍ എം.ഐ ഷാനവാസിനെ ഓര്‍ത്തെടുത്ത് സാദിഖലി തങ്ങള്‍
കല്‍പ്പറ്റ: യൂത്ത് ലീഗ് യുവജനയാത്രയുടെ ജില്ലാതല സമാപന സമ്മേളനത്തില്‍ അന്തരിച്ച വയനാട് എം.പിയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായ എം.ഐ ഷാനവാസിനെ ഓര്‍ത്തെടുത്ത് ഉദ്ഘാടകനായ സാദിഖലി തങ്ങള്‍. പ്രസംഗത്തിനിടയില്‍ ഈ വേദിയില്‍ തീര്‍ച്ചയായും ഉണ്ടാവുമായിരുന്ന ഒരാള്‍ നമ്മെ വിട്ടുപിരിഞ്ഞു പോയെന്ന് ഓര്‍ത്തെടുത്ത അദ്ദേഹം ഷാനവാസിന്റെ പരലോക സുഖത്തിന് വേണ്ടി പ്രാര്‍ഥന നടത്താനും മറന്നില്ല. ശക്തനായ ഒരു പോരാളിയെയാണ് ഷാനവാസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."