ഫെല്‍പ്സിന് 19ാം ഒളിംപിക് സ്വര്‍ണം
റിയോ ഡി ജനീറോ: നീന്തല്‍ കുളത്തിലെ സുവര്‍ണ മത്സ്യം അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്സ് ഒളിംപിക്സിലെ സ്വര്‍ണ നേട്ടം 19 ആക്കി ഉയര്‍ത്തി. ഒപ്പം മൊത്തം മെഡല്‍ നേട്ടം 23 ആയി ഉയര്‍ത്താനും അദ്ദേഹത്തിനു സാധിച്ചു. പുരുഷന്മാരുടെ 4-100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേയില്‍ മൈക്കില്‍ ഫെല്‍പ്സ് ഉള്‍പ്പെട്ട യു.എസ് ടീം സ്വര്‍ണം നേടിയതോടെയാണ് താരത്തിന്റെ നേട്ടം ഉയര്‍ന്നത്. ഫെല്‍പ്സിനൊപ്പം കലേബ് ഡ്രെസല്‍, റയാന് ഹെല്‍ഡ്, നഥാന്‍ അഡ്രിയാന്‍ എന്നിവരുള്‍പ്പെട്ട ടീം മൂന്നു മിനുട്ട് 09.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്. ഫ്രാന്‍സ് വെള്ളിയും ആസ്ത്രേലിയ വെങ്കലവും നേടി.
വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ അമേരിക്കയുടെ കാറ്റി ലെഡ്ക്കി ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. രണ്ടു സെക്കന്‍ഡ് വ്യത്യാസത്തില്‍ സ്വന്തം റെക്കോര്‍ഡാണ് കാത്തി തിരുത്തിയത്. മൂന്നു മിനുട്ട് 56.46 സെക്കന്‍ഡില്‍ നീന്തിയെത്തിയാണ് കാറ്റിയുടെ റെക്കോര്‍ഡ് പ്രകടനം. നിലവില്‍ 400നൊപ്പം 800, 1,500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ലോക റെക്കോര്‍ഡുകളും ഈ 19കാരിയുടെ പേരില്‍ തന്നെയാണ്.
വനിതകളുടെ 100 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്കിലും ലോക റെക്കോര്‍ഡ് പിറന്നു. സ്വീഡന്റെ സാറ സോസ്ട്രമാണ് റെക്കോര്‍ഡോടെ സുവര്‍ണ താരമായത്. 55.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വീഡിഷ് താരം പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."