രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്; കുറ്റപത്രം സമര്‍പ്പിച്ചു
കൊല്ലം: പേരൂര്‍ രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസിലെ കുറ്റപത്രം പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു.
ആയിരത്തോളെം പേജുള്ള കുറ്റപത്രം ഇക്കഴിഞ്ഞ ഒന്നിനായിരുന്നു കിളികൊല്ലൂര്‍ ക്രൈം എസ്.ഐ വി. അനില്‍കുമാര്‍ കൊല്ലം പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങുന്നത് സാക്ഷികളെ സ്വാധീനിക്കാനും വിചാരണ ദുബലപ്പെടുത്താനും ഇടയാക്കിയേക്കുമെന്ന കണക്കുകൂട്ടലിലാണ് അദ്യപ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ച് പൊലിസ് പഴുതടച്ചത്. സെപ്റ്റംബര്‍ ഏഴിനായിരുന്നു കേസിലെ ആദ്യ അറസ്റ്റ്. ഇതോടെ കേസിലെ എട്ട് പ്രതികളും ജാമ്യമില്ലാതെ വിചാരണ തടവുകാരായി.
പാമ്പ് മനോജ് എന്ന മനോജ് ബെനാന്‍സ്, കാട്ടുണ്ണി എന്ന രഞ്ജിത്ത്, കൈതപ്പുഴ ഉണ്ണി എന്ന ബൈജു, കുക്കു എന്ന പ്രണവ്, വിഷ്ണു, വിനേഷ്, റിയാസ്, അജിംഷ എന്നിവരാണ് യഥാക്രമം ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍. കഴിഞ്ഞ ഓഗസ്റ്റ് 15 മുതലാണ് രഞ്ജിത്ത് ജോണ്‍സണെ കാണാതായത്. തുടര്‍ന്ന് 20ന് ഇയാളെ കാണാനില്ലെന്ന് കാട്ടി മാന്‍മിസ്സിങ് കേസെടുക്കുകയായിരുന്നു.
ആദ്യം കസ്റ്റഡിയിലെടുത്ത വിനേഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മാന്‍മിസ്സിങ് കേസ് കൊലപാതമാണെന്ന് തെളിഞ്ഞത്. ഗുണ്ടാ നേതാവായ മനോജ് ജയിലില്‍ ആയിരന്നപ്പോള്‍ മനോജിന്റെ ഭാര്യയെ രഞ്ജിത്ത് ജോണ്‍സണ്‍ ഒപ്പം കൂട്ടി താമസിപ്പിച്ചതിന്റെ പക തീര്‍ക്കാനാണ് കാറില്‍ തട്ടിക്കൊണ്ടു പോയി നെടുങ്ങോലം, പോളച്ചിറ, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന ശേഷം മൃതദേഹം തമിഴ്‌നാട്ടിലെ ക്വാറി വേസ്റ്റുകള്‍ക്കിടയില്‍ തള്ളിയത്.
ഒന്‍പത് വര്‍ഷം മുന്‍പ് മനോജ് ഒരു കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായപ്പോഴാണ് രഞ്ജിത്ത് മനോജിന്റെ ഭാര്യയെ ഒപ്പം കൂട്ടിയത്.
തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച നാല് വാഹനങ്ങള്‍, കൊല്ലപ്പെട്ട രഞ്ജിത്ത് ധരിച്ചിരുന്ന ടീ ഷര്‍ട്ട് ഇതിന് പുറമെ പ്രതികള്‍ സംഭവം നടക്കുമ്പോള്‍ അണിഞ്ഞിരുന്ന വസ്ത്രങ്ങള്‍, മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച മണ്‍വെട്ടി, പിക്കാസ്, മൃതദേഹം ഒതുക്കി കെട്ടി വാഹനത്തില്‍ കയറ്റാന്‍ ഉപയോഗിച്ച കയര്‍ തുടങ്ങി നാല്‍പതോളം വസ്തുക്കളാണ് കേസില്‍ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചത്.
കൂടാതെ ഏകദേശം 100 പേരെ സാക്ഷികളാക്കി അവരുടെ പട്ടികയും ഹാജരാക്കിയിട്ടുണ്ട്.
കൊല്ലം എ.സി.പി എ. പ്രതീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ വി. അനില്‍കുമാറാണ് സമയ ബന്ധിതമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. തമിഴ്‌നാട്ടില്‍ ഒളിവിലായിരുന്ന പ്രതികളെ പിടികൂടുന്നതില്‍ കൊല്ലം സിറ്റി പൊലിസ് കമ്മിഷണറുടെ ഷാഡോ ടീം എസ്.ഐ യു.പി.വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ നീക്കങ്ങളും നിര്‍ണായകമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."