മാണിയെ അനുനയിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ വേണ്ടെന്ന് കോണ്‍ഗ്രസില്‍ ധാരണ
തിരുവനന്തപുരം: യു.ഡി.എഫ് വിട്ടുപോയ കെ.എം മാണിയെ തല്‍ക്കാലം അങ്ങോട്ടുചെന്ന് അനുനയിപ്പിക്കുകയോ പ്രകോപിപ്പിച്ച് കൂടുതല്‍ ശത്രുതയുണ്ടാക്കുകയോ ചെയ്യേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ ധാരണ. കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യം നേരിടുന്നതിനെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ തലസ്ഥാനത്തു നടത്തിയ അനൗപചാരിക കൂടിയാലോചനയിലാണ് ഈ ധാരണയുണ്ടായത്. എന്നാല്‍ മാണിയില്‍ നിന്ന് കടുത്ത വിമര്‍ശനമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാനും തീരുമാനമായിട്ടുണ്ട്.
മതിയായ കാരണങ്ങളില്ലാതെ മാണി മുന്നണി വിട്ടുപോയത് ചില താല്‍ക്കാലിക വിലപേശല്‍ തന്ത്രങ്ങളുടെ ഭാഗമാണെന്നും അതുകൊണ്ടു തന്നെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്നാലും കടുത്ത യു.ഡി.എഫ് വിരുദ്ധ നിലപാട് സ്വീകരിക്കാനിടയില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും അവര്‍ കരുതുന്നു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മാണിയുമായി നടത്താനിരിക്കുന്ന ചര്‍ച്ചയില്‍ ചെറിയ തോതിലെങ്കിലും മഞ്ഞുരുകലിനുള്ള സാധ്യത അവര്‍ പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ മാണിയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഒരു നീക്കവും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കും. മാണിക്കെതിരേ പ്രാദേശികതലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തരുതെന്ന് താഴേത്തട്ടിലുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കാനും ധാരണയായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. ബാര്‍കോഴക്കേസില്‍ മാണി നിരപരാധിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു എന്ന പരാമര്‍ശത്തിലൂടെ, ഒത്തുതീര്‍പ്പിനുള്ള വാതിലുകള്‍ കോണ്‍ഗ്രസ് അടച്ചിട്ടില്ലെന്ന സന്ദേശം അദ്ദേഹം മാണിക്കു നല്‍കുകയുമുണ്ടായി.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിറകെപോയി മാണിയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് നേതാക്കളുടെ കൂടിയാലോചനയിലുണ്ടായ വിലയിരുത്തല്‍. മാണിയുടെ അഭാവം യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിനു തെല്ലും കോട്ടം വരുത്തിയിട്ടില്ലെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ തന്നെ മുന്നോട്ടുപോകണമെന്ന അഭിപ്രായമാണ് നേതാക്കളെല്ലാം പ്രകടിപ്പിച്ചത്. നാളെ സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ യു.ഡി.എഫ് നടത്തുന്ന സമരം പരമാവധി ജനശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലാക്കാനും ധാരണയായിട്ടുണ്ട്. യു.ഡി.എഫ് എം.എല്‍.എമാരുടെ സത്യഗ്രഹവും അതിന് അഭിവാദ്യമര്‍പ്പിച്ചുള്ള പ്രവര്‍ത്തകരുടെ പ്രകടനവുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രവര്‍ത്തകരുടെ സാന്നിധ്യം ശക്തമാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സമരത്തിനുശേഷം നാളെ യു.ഡി.എഫിന്റെ സമ്പൂര്‍ണയോഗവും തലസ്ഥാനത്തു ചേരുന്നുണ്ട്. മാണിയുടെ പാര്‍ട്ടിയോട് സ്വീകരിക്കേണ്ട സമീപനമായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. മുന്നണി വിട്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തന്റെ പാര്‍ട്ടി യു.ഡി.എഫുമായി സഹകരണം തുടരുമെന്ന് മാണി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇത്തരം സഹകരണം തുടരേണ്ടതില്ലെന്ന അഭിപ്രായം കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങളില്‍ നിന്ന് ഉയരുന്നുമുണ്ട്. ഇക്കാര്യത്തില്‍ നാളത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."