രാജേഷ് വധം: പിന്നില്‍ വ്യക്തിവൈരാഗ്യവും രാഷ്ട്രീയവുമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശ്രീകാര്യത്തെ ആര്.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തില്‍ പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണമായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രാഷ്ട്രീയവും വ്യക്തിവൈരാഗ്യവും കൊലയ്ക്കു കാരണമായതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രദേശത്ത് നാളുകളായി സി.പി.എം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെയും പൊലിസ് പിടികൂടിയിട്ടുണ്ട്.
രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന സി.പി.എമ്മിന്റെ വാദം തള്ളി പൊലിസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഡി.വൈ.എഫ്.ഐയുമായുള്ള സംഘര്‍ഷമാണു കൊലയില്‍ കലാശിച്ചതെന്നാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയത്. രാജേഷിന്റെ കൊലപാതകത്തില്‍ ആകെയുള്ള 11 പ്രതികളില്‍ ഒന്പതുപേര് ഞായറാഴ്ച പിടിയിലായിരുന്നു. ഒളിവിലായിരുന്ന മംഗലപുരം സ്വദേശി ഭായി രതീഷ്, കരുമ്പുകോണം സ്വദേശി സിബിന് എന്നിവരെ ഇന്നലെ ഉച്ചയോടെയും പിടികൂടി. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കുള്ള ഇവരെ കഴക്കൂട്ടത്തിനു സമീപമുള്ള മംഗലപുരത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് ഷാഡോ പൊലിസ് പിടികൂടിയത്.
ഒന്നാംപ്രതി മണിക്കുട്ടനും കൊല്ലപ്പെട്ട രാജേഷും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണു കൊലയ്ക്കു കാരണമെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചിരുന്നു.
ഇതിനെ തള്ളിക്കളയുന്നതായിരുന്നു പൊലിസിന്റെ എഫ്.ഐ.ആര്. കൊലപാതകം നടന്ന ശ്രീകാര്യത്തിനു സമീപത്തെ പാനച്ചക്കുന്ന് കോളനിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ബി.ജെ.പിയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ബി.ജെ.പി പ്രവര്‍ത്തകരെ രാജേഷ് സഹായിച്ചതിലുള്ള വൈരാഗ്യത്താലാണു ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതെന്നാണ് ശ്രീകാര്യം പൊലിസിന്റെ എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."