HOME
DETAILS

മതേതരത്വത്തിന് പരുക്കേല്‍ക്കുമ്പോള്‍

  
backup
November 30 2019 | 21:11 PM

secularism-face-threat-in-india-796050-2-01-12-2019

 

 


ഭരണഘടനയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ലോകത്തെ ഏക രാജ്യം ഇന്ത്യയായിരിക്കും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം കഴിഞ്ഞ നവംബര്‍ 26ന് ഭരണഘടനയുടെ എഴുപതാം വാര്‍ഷികമാണ് ആഘോഷിച്ചത്. പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിച്ചെങ്കിലും ഡല്‍ഹിയിലും ഇതരസംസ്ഥാനങ്ങളിലും ഈ ആഘോഷം നടന്നത് 1949 നവംബര്‍ 26ന് ഭരണഘടനാ നിര്‍മാണസഭ അത് അംഗീകരിച്ചതിന്റെ ഓര്‍മയ്ക്കായായിരുന്നു, സംവിധാന്‍ ദിവസ് എന്ന പേരില്‍. ഇന്ത്യയുടെ ഭരണഘടനാ ശില്‍പിയായ ബാബാ സാഹിബ് അംബേദ്കര്‍ അന്തരിച്ചിട്ട് ഡിസംബര്‍ ആറിന് 63 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആദ്യ കാബിനറ്റില്‍ നിയമകാര്യമന്ത്രി ആയിരുന്നു ആ ബാരിസ്റ്റര്‍. ബുദ്ധമതവിശ്വാസിയായിരുന്ന അദ്ദേഹം തന്റെ അവസാനത്തെ ഗ്രന്ഥം പൂര്‍ത്തിയാക്കി, മൂന്നാം നാളിലാണ് അറുപത്തിയഞ്ചാം വയസില്‍ ഡല്‍ഹിയില്‍ അന്തരിക്കുന്നത്.
കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലിയിലെ 284 അംഗങ്ങള്‍ അംഗീകരിച്ച് 1950 ജനുവരി 26 മുതല്‍ പ്രാബല്യത്തില്‍ വന്നതാണ് രാജ്യത്തിന്റെ ഭരണഘടന. ഇതിനകം നൂറിലേറെ ഭേദഗതികള്‍ വരുത്തിക്കഴിഞ്ഞു. 395 വകുപ്പുകളിലായി തുടങ്ങിയ ഭരണഘടന ഇന്നു 448ല്‍ എത്തിനില്‍ക്കുമ്പോഴും മതേതരത്വം എന്ന അടിസ്ഥാന തത്വം ഒരുതരത്തിലും കളങ്കപ്പെടുത്തിയിട്ടില്ല. നാനാത്വത്തില്‍ ഏകത്വം എന്നു വിശ്വസിക്കുന്ന മതനിരപേക്ഷത അതിന്റെ അടിക്കല്ലായി ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ എന്തു ഭക്ഷിക്കണമെന്നും എന്തു ധരിക്കണമെന്നും ഏതു ഭാഷ സംസാരിക്കണമെന്നുമെല്ലാം ചിലര്‍ തീരുമാനിക്കുന്നിടത്ത് സംഗതികള്‍ വഴിമാറിപ്പിരിയുന്നു. ഇത്തരത്തില്‍ ശ്രദ്ധേയമായ ചില സംഭവങ്ങള്‍ അരങ്ങേറിയത് കാണാതിരുന്നുകൂടാ. ബാബരി വിഷയത്തില്‍ വിധി ഉന്നതാധികാര കോടതിയില്‍നിന്ന് വന്നപ്പോഴും അനുകൂലവും പ്രതികൂലവുമായ പ്രസ്താവനകളുണ്ടായി. അപ്പോഴും 135 കോടി ജനങ്ങളില്‍ ആരുംതന്നെ നിയമം ലംഘിച്ചില്ല. മുസ്‌ലിം സംഘടനകള്‍ പോലും റിവ്യൂ ഹരജി നല്‍കാനാണു തീരുമാനിച്ചത്.
ഒരുഭാഗത്ത്, അഭിപ്രായ സ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കുന്ന ഭരണഘടന അംഗീകരിച്ച നാട്ടില്‍ സുപ്രിംകോടതിവിധി കുറ്റമറ്റതാണെന്ന് സാക്ഷ്യപത്രം നല്‍കുന്ന കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ നാം കാണുന്നു. മറുഭാഗത്ത്, ബാബരി മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ക്ഷേത്രക്കല്ലുകള്‍ കണ്ടതായി പറയുന്ന കെ.കെ മുഹമ്മദ് എന്ന ആര്‍ക്കിയോളജിസ്റ്റിനെയും വിധിക്കെതിരേ പുനര്‍വിധിക്കായി ഹരജി നല്‍കിയിട്ട് കാര്യമില്ലെന്ന് പറയുന്ന ഖയ്യൂം ഹസന്‍ റിസ്‌വി എന്ന ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനെയും നാം അറിയുന്നു.
കൊച്ചു സംസ്ഥാനമാണെങ്കിലും രാഷ്ട്രീയരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിഞ്ഞ കേരളവും വിധിയാനന്തരം തല ഉയര്‍ത്തി നിന്നു. മലയാളക്കരയിലെ ജനസംഖ്യയില്‍ പകുതിയിലേറെയും ഹിന്ദുമത വിശ്വാസികള്‍ ആണെങ്കിലും തെരഞ്ഞെടുപ്പുകളില്‍പോലും ജാതിമത ചിന്തകള്‍ക്കതീതമായി വോട്ടവകാശം വിനിയോഗിച്ചു വരുന്നവരാണവര്‍. ഭാരതീയ ജനതാ പാര്‍ട്ടി എന്നു വേഷം മാറിവന്നിട്ടും പഴയകാല ജനസംഘത്തെ അടുപ്പിക്കാന്‍ അവര്‍ തയാറായില്ല. നിയമസഭയിലേക്കു തന്നെ ഒരേയൊരു രാജഗോപാലനെ മാത്രമെ കേരളം ഇതുവരെ അനന്തപുരിയിലേക്ക് അയച്ചിട്ടുള്ളൂ എന്നത് ഓര്‍ക്കുക. അതേസമയം, ജനസംഖ്യയില്‍ നാലിലൊന്നു മാത്രമുള്ള മുസ്‌ലിംകളും അതിലും താഴെയുള്ള ക്രൈസ്തവരും തുടര്‍ച്ചയായി മന്ത്രിസഭയില്‍പോലും സാന്നിധ്യം ഉറപ്പിച്ചുവരുന്നു. അങ്ങനെ വിവിധ ജാതിമതസ്ഥര്‍ അധികാരക്കസേരയിലേക്ക് വരുന്നതില്‍ വന്‍ ഭൂരിപക്ഷമുള്ളപ്പോഴും ഹൈന്ദവ മനസിനു അമര്‍ഷമില്ല എന്നര്‍ഥം.
ഇസ്‌ലാമിനെയും ക്രിസ്തുമതത്തെയും സ്വാഗതം ചെയ്ത ഭൂമിയാണ് കേരളം. സെന്റ് തോമസിന്റെ വരവ് ക്രൈസ്തവര്‍ ഓര്‍ക്കുമ്പോള്‍ മാലിക് ദീനാറും സംഘവും കൊടുങ്ങല്ലൂരില്‍ വന്ന് രാജ്യത്തെ ആദ്യ പള്ളി പണിതത് മുസ്‌ലിംകളും അയവിറക്കുന്നു. തിരുവനന്തപുരത്ത് ഹിന്ദു ക്ഷേത്രവും ക്രൈസ്തവ ദേവാലയവും മുസ്‌ലിം പള്ളിയും ഒരുമിച്ചുയര്‍ന്നു നില്‍ക്കുന്നതും സംഘബോധത്തെയാണ് ബോധ്യപ്പെടുത്തുന്നത്. തെക്കന്‍ കാശിയെന്നു വിശേഷിപ്പിക്കുന്ന ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനു വ്രതമനുഷ്ഠിച്ചു വരുന്ന ഭക്തജനലക്ഷങ്ങള്‍ തൊട്ടടുത്ത വാവര്‍ പള്ളിയില്‍ കാണിക്ക അര്‍പ്പിക്കുന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ഇന്ത്യന്‍ ഭരണഘടനയുടെ മാതേതരത്വത്തിനു ഒരുതരത്തിലും പോറലേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയം കേരളം ഇന്ത്യയെ ബോധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നബിദിനാഘോഷ വേളയില്‍ എത്ര സുന്ദരമായ അനുഭവങ്ങളാണ് മലയാളനാട് കണ്ടത്. കോഴിക്കോട് മാവൂര്‍ പൂവാട്ട്പറമ്പ് നബിദിന ഘോഷയാത്രയെ പെരുണ്‍പുറ വിഷ്ണുക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചത് പരസ്പര സ്‌നേഹത്തിന്റെ പങ്കുവയ്ക്കലായിരുന്നു. കഴക്കൂട്ടത്ത് ലക്ഷംവീട്ടില്‍ താമസിക്കുന്ന ഷിനുവിന്റെ താലികെട്ടിന് കണിയാപുരം മസ്ജിദ് കമ്മിറ്റി പള്ളിമുറ്റത്ത് കതിര്‍മണ്ഡപം ഒരുക്കിയത് നബിദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു. പേരാമ്പ്രയില്‍ പാലേരി ചെക്കുംകുഴിയില്‍ പ്രത്യുഷയും വിനുപ്രസാദും തമ്മിലുള്ള വിവാഹം കെങ്കേമമാക്കാന്‍ മഹല്ല് നിവാസികള്‍ എല്ലാ വര്‍ഷവും നടത്താറുള്ള നബിദിനാഘോഷ പരിപാടികള്‍ തന്നെ മാറ്റിവച്ചു. എല്ലാ അതിര്‍വരമ്പുകളെയും മായ്ച്ചുകളഞ്ഞ മഹാപ്രളയം ഓര്‍ക്കുക. കവളപ്പാറ പാതാറില്‍ മണ്ണിലമര്‍ന്നു മരിച്ച 49 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തപ്പോള്‍ അവരുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് സ്ഥലമൊരുക്കിയത് പൊതുകാട് മസ്ജിദിന്റെ അകത്തളങ്ങളിലായിരുന്നു.
മുത്വലാഖും ലൗജിഹാദും ഘര്‍വാപസിയുമൊക്കെ പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ പാടുപെടുന്ന ഉത്തരേന്ത്യന്‍ ഹിന്ദുത്വ ലോബിക്ക് ഇതൊന്നും വിഷയമേ അല്ല. ഗുരുനാനാക്കിന്റെ ജന്മദിനത്തോടനുബന്ധിച്ച് സുഖ്പാല്‍ സിങ് എന്ന എഴുപതുകാരനായ സിക്ക് വയോധികന്‍, ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ 900 ചതുരശ്രയടി ഭൂമി മുസ്‌ലിം പള്ളിക്കായി സംഭാവന ചെയ്തത് അവരറിയില്ല. യു.പിയില്‍ തന്നെ ഗോസ്ഗഞ്ചിലെ ബെലാരിഖാനില്‍ മുസ്‌ലിം ശ്മശാനത്തിനു ഭൂമി ദാനംചെയ്യാന്‍ ഹിന്ദു സഹോദരങ്ങള്‍ സന്നദ്ധരായതും അവര്‍ക്ക് അജ്ഞാതം.
അമര്‍നാഥ് തീര്‍ഥാടനത്തിനു പോയ 50 പേരെ തീവ്രവാദികളുടെ തുടര്‍ച്ചയായ വെടിവയ്പുകള്‍ക്കിടയിലും രക്ഷപ്പെടുത്തിയതിനു ജീവന്‍ രക്ഷാപതക്കം നേടിയ ശൈഖ് സലിം ഗഫൂര്‍ എന്ന കശ്മിരി ഡ്രൈവര്‍പോലും അവര്‍ക്ക് മുന്നില്‍ വാര്‍ത്തയായിട്ടില്ല. എന്നാല്‍ മാട്ടിറച്ചി കൈവശം വച്ചവരെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെയും രാജസ്ഥാനില്‍ പെഹ്‌ലുഖാനെയും പിടികൂടി അടിച്ചുകൊല്ലുന്നു. ഗുജറാത്തില്‍ ബില്‍ക്കീസ് ബാനു എന്ന വീട്ടമ്മ കൂട്ടമാനഭംഗത്തിന് ഇരയാകുന്നു. അവരുടെ കണ്‍മുന്നല്‍വച്ച് ബാലികയായ പെണ്‍കുട്ടിയെ പാറക്കല്ലില്‍ തലയടിച്ചു കൊല്ലുന്നു. അത്രമേല്‍ ക്രൂരത ചെയ്യാനാണ് അവര്‍ ഇഷ്ടപ്പെടുന്നതും താല്‍പര്യപ്പെടുന്നതും. അതിനിടെ ജയ്ശ്രീറാം എന്ന് ഏറ്റുപറയാത്തതിനു ആളുകളെ തല്ലിക്കൊല്ലുന്നത് ശ്രീരാമന്‍ സഹിക്കുമോ എന്നു ചോദിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ എം.പിയെയും ബാബരിവിധി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് വിളിച്ചുപറയുന്ന റിട്ട. ജസ്റ്റിസ് അശോക് ഗാംഗുലിയെയും സുന്നി വഖ്ഫ് ബോര്‍ഡിനു വേണ്ടി വാദിക്കാന്‍ വരുന്ന രാജീവ് ധവാന്‍ എന്ന സീനിയര്‍ അഭിഭാഷകനെയും നമുക്ക് കാണാതിരിക്കാന്‍ സാധിക്കില്ല.
542 അംഗ ലോക്‌സഭയില്‍ 349 സീറ്റിന്റെ പിന്‍ബലത്തോടെ രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി എന്നും തങ്ങളോടൊപ്പം ഉണ്ടാകുമെന്ന് മതഭ്രാന്തന്മാര്‍ വിശ്വസിക്കുന്നു. അവര്‍ രാഷ്ട്രപിതാവിന്റെ ഛായാപടംവച്ച് അതിനുനേരെ വെടി ഉതിര്‍ക്കുന്നവരാണ്. അവര്‍ മഹാത്മജിയെ വെടിവച്ചുകൊന്ന ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രം നിര്‍മിക്കുന്നവരാണ്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത് എല്ലാ മതവിഭാഗങ്ങളെയും അംഗീകരിക്കലാണെന്നത് അവര്‍ മറന്നുപോകുന്നു. പരുക്കേല്‍പ്പിക്കുമ്പോഴും അറുത്തുമാറ്റാനാകാത്ത വിധം ഭദ്രമാണ് ഇന്ത്യന്‍ ഭരണഘടനയും അതിലെ മതേതരത്വവും. ഭരണഘടനാ ശില്‍പിയായ ബാബാ സാഹിബ് അംബേദ്കറുടെ ചരമദിനത്തിലെങ്കിലും അത്തരക്കാര്‍ അത് ഓര്‍ക്കട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  7 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  38 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago