ബദല്‍ ജീവിതത്തിന്റെ സമവാക്യങ്ങള്‍
ചില മനുഷ്യര്‍ക്ക് ജീവിതം ഒരു ഞാണിന്മേല്‍ കളിയാണ്. നമ്മളില്‍ പലരേയും പോലെ ഇസ്തിരിയിട്ട് വെളുപ്പിച്ച കുപ്പായമിട്ട്, വടിവൊത്ത വാക്കില്‍ കുശലങ്ങള്‍ പറഞ്ഞ് ഒരു പകലില്‍ തുടങ്ങി ജീവിതാന്ത്യം വരെ ജീവിച്ചു തീര്‍ക്കുന്നതല്ല അതവര്‍ക്ക്. ബദല്‍ ജീവിത രീതിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പൊറുക്കാനും സഹിക്കാനും ഒരുപാടുണ്ടാവും ആ ജീവിതങ്ങളില്‍. അതുകൊണ്ട് തന്നെ അതത്ര എളുപ്പവുമല്ല. ഈ കാണുന്നതോ, അനുഭവിക്കുന്നതോ ഒന്നുമല്ല മനുഷ്യജീവിതമെന്നും അതിനപ്പുറം ഇങ്ങനെയും ജീവിതമുണ്ടെന്നും കാണിച്ചുതരുന്നവരാണ് അത്തരക്കാര്‍. പാകമാകാത്ത കുപ്പായമിട്ട് ചിന്തയുടെ പാകപ്പെടുത്തലിലൂടെ മുന്നോട്ടുപോകുന്നവര്‍. ഇത്തരക്കാരെ നാം ഭ്രാന്തന്മാരെന്ന് വിളിച്ചു മാറ്റിനിര്‍ത്തും. പക്ഷേ, അവരെ സംബന്ധിച്ചിടത്തോളം നാമാണ് ഭ്രാന്തന്മാര്‍. ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ട് ശ്വാസംമുട്ടുന്ന പാവം ഭ്രാന്തന്മാര്‍.
പത്താം ക്ലാസില്‍ മൂന്ന് തവണ തോറ്റ സമം അശോകന്റെ ജീവിതം, പക്ഷേ, തോറ്റ് കൊടുക്കാനുള്ളതായിരുന്നില്ല. ആര്‍മാദിച്ച് നടന്ന ചെറുപ്രായത്തെ ചങ്ങലക്കിട്ട്, മാറ്റൊരു വ്യത്യസ്ത ജീവിതത്തിലേക്ക് പറിച്ചുനട്ട്, ശരിക്കുള്ള ജീവിതം അതാണെന്ന് തിരിച്ചറിയുകയായിരുന്നു അശോകന്‍. പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ജീവിതത്തിനാണ് അര്‍ഥവും വിശാലതയുമുള്ളതെന്ന് തിരിച്ചറിഞ്ഞ നാളുകള്‍.
പേരാമ്പ്രയില്‍ നിന്നും എരവട്ടൂര്‍ വഴിയോ എടവരാട് വഴിയോ അശോകന്റെ വീട്ടിലെത്താം. നിറയെ പച്ചപ്പ് നിറഞ്ഞ നാട്ടുവഴികള്‍. നിര്‍ത്താതെ പാട്ടുകള്‍ പൊഴിക്കുന്ന പലതരം കിളികളുടെ ഒച്ചകള്‍ കേട്ട് അവിടെയെത്തുന്നത് അറിയുകയില്ല. പഴയ മാതൃകയിലുള്ള ഒരു കൊച്ചു ഓടിട്ട വീട്. ചുറ്റിലും മരങ്ങളുടെ തണല്‍ പെരുക്കങ്ങള്‍, കിളികള്‍ക്ക് കൂടാന്‍ പാകത്തില്‍ കെട്ടിത്തൂക്കിയ കിളിക്കൂടുകള്‍. ആ നിമിഷം ആരും നോക്കിനിന്നു പോകുന്ന കാഴ്ചകള്‍. വിരുന്നുകാര്‍ക്ക് മോരു വെള്ളമോ, ശര്‍ക്കരയിട്ട കാപ്പിയോ ലഭിക്കും. ഭക്ഷണം കഴിച്ചില്ലെങ്കില്‍ ലളിതമായ പ്രകൃതി ഭക്ഷണവും തയ്യാര്‍. ഒന്നിനും നിര്‍ബന്ധിക്കില്ല. അശോകന്റെ രീതിയാണത്.
കുടുംബം
അടിയുറച്ച കമ്യൂണിസ്റ്റുകാരന്‍ കുമാരന്‍ നായരുടെ മകനായിട്ടാണ് അശോകന്‍ സമത്തിന്റെ ജനനം. പാര്‍ട്ടി പിളര്‍ന്നതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് തികച്ചും ഒറ്റപ്പെട്ട ജീവിതമായി അയാളുടേത്. ടൂര്‍ ആന്റ് ഡൈ വിദഗ്ധനായിരുന്ന അച്ഛന്റെ പ്രവര്‍ത്തന മണ്ഡലം മുംബൈയായിരുന്നു. മുംബൈയില്‍ നിന്നു നാട്ടിലെത്തി ഒരു മിനി ഇന്‍ഡസ്ട്രീസ് തുടങ്ങി. മകന്‍ പത്താം തരം തോറ്റതോടെ വീട്ടില്‍ ഒറ്റയ്ക്കിരുന്ന് പ്രകൃതിയെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ആലോചന തുടങ്ങി. പറമ്പില്‍ വെറുതെ നടക്കുമ്പോള്‍ ആളുകള്‍ ഭ്രാന്തനെന്ന് പറഞ്ഞ് കളിയാക്കി. പത്താം തരം എന്തുകൊണ്ട് മൂന്ന് തവണ തോറ്റെന്ന് ആരെങ്കിലും ചോദിച്ചാല്‍ അശോകന്റെ കയ്യിലതിന് വ്യക്തമായ ഉത്തരമുണ്ട്. ലളിതമാണ് ആ ഉത്തരം. അവര്‍ ചോദിച്ചതൊന്നും എനിക്കറിയില്ലായിരുന്നു. എനിക്കറിയുന്നതൊന്നും അവര്‍ ചോദിക്കുകയും ചെയ്യില്ലായിരുന്നു.
ജീവിതം ജീവിച്ചുതന്നെ തീര്‍ക്കേണ്ടതുണ്ടെന്ന് മനസിലാക്കാന്‍ അശോകന് പത്താം തരം പാസാവേണ്ടി വന്നില്ല. പ്രതിസന്ധികളും കടങ്ങളും പെരുകിയപ്പോള്‍ അച്ഛന്റെ ഇന്‍ഡസ്ട്രിയലിലേക്ക് അവനും കടന്നു. അതിനിടെ വിവാഹം ചെയ്തു. പെട്ടെന്നായിരുന്നു അച്ഛന്റെ മരണം. അതോടെ ജീവിതഭാരം കൂടി. ഭാര്യ അജിതയുടെ തുണ ജീവിതം പിടിച്ചുനില്‍ക്കാന്‍ പ്രാപ്തിയേകി. അപ്പോഴെല്ലാം തന്റെ അകമേ ചുരമാന്തുന്ന അര്‍ഥമില്ലായ്മയെക്കുറിച്ച് അയാള്‍ തീര്‍ത്തും ബോധ്യവാനായിരുന്നു. ജീവിതത്തില്‍ ഒരു തിരുത്ത് വേണമെന്നുറച്ചത് അങ്ങനെയാണ്.
മൗനവും ധ്യാനവും
ജീവിതത്തെക്കുറിച്ചുള്ള ചില സന്ദേഹങ്ങളില്‍ പെട്ട് ഉഴറിയ മനസുമായി നാല് വര്‍ഷക്കാലമാണ് അശോകന്‍ മൗനത്തിലും ധ്യാനത്തിലുമായി കഴിഞ്ഞത്. ഒരിക്കല്‍ ഒരു ഉള്‍വിളി പോലെ സമം എന്ന ആശയത്തിലേക്ക് അശോകന്‍ എത്തിപ്പെട്ടു. ഇന്ന് കാണുന്ന ജീവിതചര്യകള്‍ കൊണ്ട് മനുഷ്യന് ആരോഗ്യവും സമാധാനവും നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ് വലിയതായിരുന്നു. അനാവശ്യം, ആവശ്യം, അത്യാവശ്യം എന്ന ബോധ്യം വലിയ പാഠങ്ങള്‍ നല്‍കി.
നാം ജീവിതത്തില്‍ ചിലവഴിക്കുന്ന സമയത്തിന്റെ 90 ശതമാനവും പാഴായിപ്പോകുന്നതായി കണ്ടെത്തി വെറും 10 ശതമാനം കൊണ്ട് മാത്രം ഒരാള്‍ക്ക് തന്റെ കുടുംബത്തിനു വേണ്ടി ജീവിക്കാന്‍ കഴിയും. 90 ശതമാനം ധനം ഉണ്ടാക്കാനും അത് വര്‍ദ്ധിപ്പിക്കാനും തന്റെ സമയവും ആരോഗ്യവും ചിലവഴിക്കേണ്ടതില്ലെന്നാണ് അശോകന്‍ പറയുന്നത്. ആ മിച്ചസമയം പ്രകൃതിയോടൊത്ത് കഴിയുക എന്ന ധീരമായ നിലപാടാണ് അശോകന്‍ എടുത്തതും അതൊരു വഴിത്തിരിവായി മാറിയതും. പ്രകൃതിയില്‍ നിന്നും അത്യാവശ്യത്തിന് മാത്രമെടുത്ത് അതിലേറെ തിരിച്ചുനല്‍കിയുള്ള ജീവിതമാണ് അശോകന്റേത്.
തുറന്നുവച്ച വാതിലുകള്‍
അശോക് കുമാര്‍ ആഷോ സമം എന്ന പേര് സ്വീകരിച്ചത് യാദൃച്ഛികമല്ല. ആ വീടിന്റെ വാതിലുകള്‍ തുറന്നുവച്ചതാണിന്ന്. ആര്‍ക്കും എപ്പോഴും വരാം, ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കാം, മനസിന്റെ അതിരുകള്‍ക്ക് താക്കോല്‍ വേണ്ടെന്ന് അശോക് കുമാര്‍ പറയും. സമമെന്ന സമഭാവനയുടെ വിശാലമായ ലോകമാണത്. ആത്മീയവും ഭൗതികവുമായ കാര്യങ്ങള്‍ രണ്ടല്ലെന്ന ജൈവിക അനുഭൂതിയുടെ വിളനിലമാണ് അശോക് കുമാറിന്റെ കൃഷിത്തോട്ടങ്ങള്‍. അവിടെ വിളയാത്തത് ഒന്നുമില്ല.
സമമിന്ന് പ്രകൃതിയെ നോവിക്കാതെ ജീവിക്കാനുള്ള ഒരു പരിശീലന കേന്ദ്രമായി വളര്‍ന്നിട്ടുണ്ട്. 'സ്‌നേഹാക്ഷരങ്ങള്‍' എന്ന പേരില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ഇവിടെ ക്ലാസുകള്‍ സജീവമാണ്. നാം മറന്നുപോയ മണ്ണ്, മനസില്‍ നിന്നും കുടിയൊഴിക്കപ്പെട്ട കൃഷി അറിവുകള്‍, പാരസ്പര്യത്തിന്റെയും സ്‌നേഹത്തിന്റെയും മൂല്യങ്ങള്‍ എന്നിവയെല്ലാം ഈ വീട്ടില്‍ പഠിപ്പിക്കുന്നുണ്ട്.
പരിശീലനത്തിനായി കുട്ടികളെ പല ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പുള്ള നാളുകള്‍ കുട്ടികളുടെ ആവശ്യങ്ങള്‍ അദ്ദേഹം ചോദിച്ചറിയും. ബാഗ്, കുട, പുസ്തകം, പെന്‍സില്‍, നോട്ട് പുസ്തകം എന്നിങ്ങനെ നീളുമത്. ഈ പട്ടികയില്‍ നിന്ന് ബാഗ്, പുസ്തകം, കുട എന്നിങ്ങനെ തരംതിരിച്ച് ഇവയില്‍ വീണ്ടും നന്നാക്കി ഉപയോഗിക്കുന്നവയെ കാണിച്ചുകൊടുക്കും. അവ എങ്ങനെയെല്ലാം വീണ്ടും ഉപയോഗപ്രദമാക്കാം എന്ന് കാണിച്ചുകൊടുക്കും. കുട്ടികള്‍ അത് മനസിലാക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ ആവശ്യങ്ങളുടെ പട്ടിക ചുരുങ്ങും. സാവകാശം കുട്ടികള്‍ പരിസ്ഥിതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ബോധവാന്മാരാകും. അനാവശ്യങ്ങള്‍ കുറയ്ക്കാനും ആവശ്യങ്ങള്‍ പരിമിതപ്പെടുത്താനും അവര്‍ പഠിക്കുന്നു. വിദ്യാലയങ്ങളില്‍ നിന്നോ നമ്മുടെ വീടുകളില്‍ നിന്നോ ഒരു കുട്ടിക്ക് പകര്‍ന്നുകിട്ടാത്ത ലളിതമായ അറിവിന്റെ ലോകം അവന്റെ മുന്‍പില്‍ തുറന്നുകൊടുക്കുന്നു. ഇതിനോടൊപ്പം തന്നെ സമത്തില്‍ രസകരമായ മറ്റു ക്യാംപുകളും നടത്തിവരാറുണ്ട്. കുരുത്തോല അലങ്കാരങ്ങള്‍, കൈവേല കളരികള്‍, സംരംഭകത്വ കളരികള്‍ എന്നിവയാണവ. എല്ലാം പ്രകൃതിക്ക് അനുഗുണമായി മാത്രം.
സമത്തിന്റെ തത്വചിന്ത
മനുഷ്യനെ ഒരു ആര്‍ത്തിയുള്ള മൃഗമായിട്ടാണ് അശോക് കുമാര്‍ കാണുന്നത്. താന്‍ ചെയ്യുന്ന ശരികള്‍ മറ്റുള്ളവര്‍ക്ക് തെറ്റായി തോന്നുന്ന ഈ കാലത്ത് അവയെ തിരുത്താതെ തന്നെ സ്വയം തിരുത്തിക്കൊണ്ടിരിക്കുകയാണ് അശോകന്‍. സ്വാര്‍ഥതയുടെ ഓട്ടമത്സരത്തില്‍ പങ്കെടുക്കാതെ അരികെ മാറി നിന്ന് തന്റേതാണ് ശരിയെന്ന് പറയുന്ന ചങ്കൂറ്റം. കോടാനുകോടി നക്ഷത്രസമൂഹങ്ങളില്‍ ഒന്നായ ഭൂമിയില്‍ മനുഷ്യന്‍ കാണിക്കുന്ന കോപ്രായങ്ങളെ ഇയാള്‍ ഒരു ചെറുചിരിയോടെ നോക്കിക്കാണുന്നു. ചെറിയ ശരീരത്തിലെ ചെറിയ മനസില്‍ ഇവയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ മനുഷ്യന് വാതിലുകളുടെ ആവശ്യമില്ലെന്ന് അശോകന്‍ പറയും. ഒരാള്‍ ശ്വസിച്ചുവിടുന്ന വായു മറ്റൊരാളിലൂടെ വീണ്ടും ശരീരത്തിലേക്ക് കടക്കുകയാണല്ലോ ചെയ്യുന്നത്. അപ്പോള്‍ ഞാനെന്നും എന്റേതെന്നുമുള്ള ബിംബങ്ങള്‍ക്ക് പ്രസക്തി എന്തെന്ന് അശോക് ചോദിക്കുന്നു. ഈ പ്രപഞ്ചത്തിലെ സര്‍വ്വ ജീവജാലങ്ങള്‍ക്കും ഒരേ ശരീരവും ജീവനുമാണെന്ന ചിന്തയാണ് സമം മുന്നോട്ടുവക്കുന്നത്. ആ ചിന്ത യാഥാര്‍ഥ്യമാക്കി വിട്ടാല്‍ ചോര ചിന്തലുകള്‍ക്ക് പ്രസക്തിയില്ലെന്ന് മനസിലാവും. ഭൂമിയിലെ അചേതനയും സചേതനവുമായ എല്ലാറ്റിനും ഒരു കണ്ണിയിലെ തുടര്‍ച്ചയായി പദം കാണുന്നു.
കുട്ടികളാണ് താരങ്ങള്‍
ഇന്നത്തെ തലമുറ വെറും ഫോട്ടോസ്റ്റാറ്റ് മെഷീനുകളായി മാറികഴിഞ്ഞെന്ന് സമം അശോക് കുമാര്‍ പരിതപിക്കുന്നു. വിരലുകള്‍ കൊണ്ട് മായാജാലം കാണിക്കേണ്ടവര്‍, മൊബൈല്‍ പാഡില്‍ കുത്തി രസിക്കുന്നവരായി മാറി. അവരില്‍ പ്രകൃതി വീര്യത്തിന്റെ വിത്തുകള്‍ പാകാന്‍ അദ്ദേഹം തന്റെ ക്ലാസുകളില്‍ ശ്രമിക്കാറുണ്ട്. കുട്ടികളെ പ്രകൃതിയോട് അടുപ്പിക്കാന്‍ കുരുത്തോല കൊണ്ട് വിവിധങ്ങളായ വസ്തുക്കള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നു. അതിലൂടെ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കഴിയുമെന്ന് സമം പ്രതീക്ഷിക്കുന്നു. നല്ല മനുഷ്യരായി കുട്ടികളെ പഠിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതില്‍പരം ആനന്ദം വേറെയെന്തുണ്ടെന്ന് ഈ മനുഷ്യന്‍ നിഷ്‌കളങ്കതയോടെ ചോദിക്കും. ആര്‍ത്തി മൂത്ത മനുഷ്യരൂപങ്ങളായി കുട്ടികളെ മാറ്റി തീര്‍ക്കാതെ അവര്‍ക്ക് സ്വസ്ഥമായ കിരീടം കണ്ടെത്തുകയാണ് വിദ്യാഭ്യാസത്തിലൂടെ ചെയ്യേണ്ടതെന്ന് ചുരുക്കം. സമം ചെയ്യുന്നത് അതാണ്.
സമം വളരുകയാണ്
സമത്തിന് ഇന്ന് തിരക്കൊഴിഞ്ഞ നേരമില്ല. വിദേശ രാജ്യങ്ങളില്‍ നിന്നുപോലും ഇവിടേക്ക് ആളുകള്‍ വരുന്നു; കാര്യങ്ങള്‍ പഠിക്കുന്നു. അശോകിന്റെ 'തലതിരിഞ്ഞ' ആശയങ്ങള്‍ കേട്ട് നിറഞ്ഞ മനസോടെ തിരിച്ചുപോകുന്നു. കേരളമൊട്ടുക്കും ഓടിനടന്ന് ഈ മെലിഞ്ഞ മനുഷ്യന്‍ ക്ലാസുകളെടുത്ത് ഒരു തലമുറയെ പാകപ്പെടുത്തിയെടുക്കാന്‍ പെടാപാടു പെടുകയാണ്. ഒന്നും പ്രതിഫലം ആഗ്രഹിച്ചല്ല, വീട്ടില്‍ വരുന്നവര്‍ക്ക് തണുത്ത മോരിന്‍ വെള്ളമോ, ശര്‍ക്കരക്കാപ്പിയോ നല്‍കുന്നതോടൊപ്പം വൃക്ഷതൈകളും നല്‍കും. അവ പൂവിട്ട് കായ്ക്കുന്നതിനോളം ആനന്ദം അയാള്‍ക്ക് മറ്റെന്തുണ്ട്.ൃക്ഷതൈകളും നല്‍കും. അവ പൂവിട്ട് കായ്ക്കുന്നതിനോളം ആനന്ദം അയാള്‍ക്ക് മറ്റെന്തുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."