സഊദിയിൽ നിന്നും വിദേശികളുടെ പണമയക്കലിൽ പത്ത് ശതമാനം ഇടിവ്
റിയാദ്: സഊദിയിൽ നിന്നുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള പണമൊഴുക്കിൽ വൻ ഇടിവ്. പത്ത് മാസത്തിനിടെ സഊദിയിലെ വിദേശികൾ അധികൃത മാരത്തിലൂടെ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ പത്ത് ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. സഊദി കേന്ദ്ര ബാങ്കായ സഊദി അറേബ്യൻ മോണിറ്ററി ഏജൻസിയാണ് കണക്കുകൾ വ്യക്തമാക്കിയത്. ജനുവരി ഒന്ന് മുതൽ ഒക്ടോബർ വരെ വിദേശികൾ അയച്ചത് 10,405 കോടി റിയാലാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിദേശികളുടെ റെമിറ്റൻസ് 11,522 കോടി റിയാലായിരുന്നു. അതായത്, വിദേശികളുടെ റെമിറ്റൻസിൽ 9.7 ശതമാനം കുറവാണുണ്ടായത്. ഒക്ടോബർ മാസത്തിൽ മാത്രം 68.4 കോടി റിയാലിന്റെ കുറവാണുണ്ടായിരിക്കുന്നത്. ഒരു മാസം മാത്രം 5.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വിദേശികളുടെ റെമിറ്റൻസ്. തൊഴിൽ വിപണിയിൽ നടപ്പാക്കുന്ന പരിഷ്കരണങ്ങളുടെ ഫലമായാണ് വിദേശികളുടെ റെമിറ്റൻസ് കുറയുന്നത്.
ഇതേ കാലയളവിൽ വിദേശ രാജ്യങ്ങളിലേക്ക് സ്വദേശികൾ അയച്ച് പണത്തിലും 7.4 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഒക്ടോബറിൽ സ്വദേശികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ അഞ്ചു ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒമ്പതു വർഷത്തിനിടെ വിദേശികൾ ഏറ്റവും കുറച്ച് പണം അയച്ചത് കഴിഞ്ഞ വർഷമായിരുന്നു. 2018 ൽ 13,640 കോടി റിയാലാണ് സഊദിയിലെ വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത്. 2017 ൽ വിദേശികളുടെ റെമിറ്റൻസ് 14,166 കോടി റിയാലായിരുന്നു. വിദേശികൾ ഏറ്റവുമധികം പണം സ്വദേശങ്ങളിലേക്കയച്ച 2015 ൽ 15,686 കോടി റിയാലാണ് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."