കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിയുടെ കുടുംബത്തിന് 10 ലക്ഷം കൈമാറി
നിലമ്പൂര്‍: ചോക്കാട് വച്ച് കാട്ടാന ചവിട്ടിക്കൊന്ന ജാര്‍ഖണ്ഡ് സ്വദേശി മഹേഷ് ഓറോണിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ നഷ്ടപരിഹാരമായ പത്തുലക്ഷം രൂപ മന്ത്രി രാജു കൈമാറി. തുക വാങ്ങാനായി ജാര്‍ഖണ്ഡില്‍ നിന്നും ഭാര്യ ഗംഗാമതി ഓറോണും മക്കളും നിലമ്പൂരിലെത്തിയിരുന്നു.
നിലമ്പൂരില്‍ നടന്ന വനം അദാലത്തിലാണ് മന്ത്രി തുക കൈമാറിയത്. 2018 ഓഗസ്റ്റ് 26നാണ് ചോക്കാട് വച്ച് ജാര്‍ഖണ്ഡ് സ്വദേശിയായ മഹേഷ് ഓറോണ്‍ (45) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിന് പണിക്കാരനായാണ് മഹേഷ് നിലമ്പൂരിനടുത്ത് ചോക്കാട് എത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെ കൃഷിയിടത്തിലെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ മറഞ്ഞിരുന്ന ഒറ്റയാന് ആക്രമിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ അന്ന് സര്‍ക്കാര്‍ 23,000 രൂപയും നല്‍കിയിരുന്നു.
ജാര്‍ഖണ്ഡിലെ ലാഹര്ദാഗ ജില്ലയിലെ ഹിര്‍ഹി ഹരടോലി ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. മുന്‍പ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചുലക്ഷമായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നത്. കൃഷിയിടത്തില്‍ വച്ചായതിനാലും തുകയുടെ പരിധി ഉയര്‍ത്തിയതിനാലുമാണ് ഇവര്‍ക്ക് പത്ത്ലക്ഷം സര്‍ക്കാര്‍ ധനസഹായം നല്‍കിയത്.
തങ്ങളെ സഹായിച്ച കേരളത്തോട് നന്ദി പറയാനും ഇവര്‍ മടിച്ചില്ല. കിട്ടിയ തുകകൊണ്ട് മക്കളുടെ വിവാഹവും പഠനവും നടത്താനാണാഗ്രഹിക്കുന്നതെന്ന് ഗംഗാമതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."