മൊബൈല്‍ ടവറിന് തീപിടിച്ചു; നാട്ടുകാര്‍ പരിഭ്രാന്തരായി
എടച്ചേരി: ടൗണിലെ വിജയകലാ വേദി ആന്‍ഡ് ഗ്രന്ഥാലയത്തിന് സമീപത്തെ റിലയന്‍സ് മൊബൈല്‍ ടവറില്‍നിന്ന് തീപടര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് ആറോടെയാണ് ടവറിന്റെ ജനറേറ്ററില്‍ നിന്നു തീയും പുകയും ഉയര്‍ന്നത്. പുക സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടച്ചേരി പൊലിസ് സ്ഥലത്തെത്തി.
നാദാപുരം അഗ്‌നിശമന സേനയിലെ ജീവനക്കാര്‍ സംഭവസ്ഥലത്ത് എത്തുന്നതിന് മുന്‍പായി എടച്ചേരി ഇലക്ട്രിസിറ്റി ജീവനക്കാരെത്തി ഉടന്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ തീ ആളിപ്പടരുന്നത് ഒഴിവായി.
നാദാപുരത്തുനിന്നു അഗ്‌നിശമനസേന എത്തിയതിനുശേഷം 6.45ഓടുകൂടിയാണ് പൂര്‍ണമായും തീയണക്കാന്‍ കഴിഞ്ഞത്. ടവറിന്റെ ജനറേറ്ററിനു തൊട്ടടുത്തായി ഒരു ഡീസല്‍ ടാങ്കും ഉണ്ടായിരുന്നു. ഇതിന് തീ പടരുന്നതിന് മുന്‍പുതന്നെ തീയണക്കാന്‍ കഴിഞ്ഞത് വന്‍ ദുരന്തത്തെ തട്ടിമാറ്റി.
ജനറേറ്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കും തീപിടിത്തത്തിന് കാരണമെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ടവറിനു സമീപത്തെ വീട്ടിലെ കുടുംബാംഗങ്ങള്‍ അകലെയുള്ള വീടുകളിലേക്ക് മാറിയിരുന്നു.
അഗ്‌നിശമന സേനാംഗങ്ങളായ കെ. അനില്‍, ഒ. അനില്‍, വി.എം സുരേഷ്, ബവീഷ്, ഷിഗിന്‍ എന്നിവര്‍ തീയണക്കാന്‍ നേതൃത്വംനല്‍കി.
വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരെ നിയന്ത്രിക്കാന്‍ എടച്ചേരി എസ്.ഐ. എം.ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പൊലിസുകാര്‍ രംഗത്തെത്തിയിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് വിച്ഛേദിച്ച വൈദ്യുതിബന്ധം ഏഴോടെയാണ് പുനഃസ്ഥാപിച്ചത്.
രാത്രി എട്ടോടെ വിവരമറിഞ്ഞ് കണ്ണൂരില്‍ നിന്നു റിലയന്‍സിന്റെ ഓപറേഷന്‍ സപ്പോര്‍ട്ടിങ് എന്‍ജിനീയറെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ടവറിന് തീ പിടിക്കുന്നത് ആദ്യമായിട്ടാണെന്ന് എന്‍ജിനീയര്‍ സുനില്‍ പറഞ്ഞു. ജനറേറ്ററിലെ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനുള്ള ആധുനിക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ അടങ്ങിയ സ്‌പോഞ്ചും തെര്‍മോക്കോളും തീ പിടിച്ചതോടെ പുകഞ്ഞതാണ് ഏറെ നേരം പുക പടരാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
റിലയന്‍സ് ടവറിന് തീപിടിച്ചതോടെ സമീപവാസികളായ നാട്ടുകാര്‍ ഭീതിയിലാണ്. പൊലിസിന്റെയും അഗ്‌നിശമന സേനയുടെയും തല്‍സമയ ഇടപെടല്‍ കാരണമാണ് തങ്ങളുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. ശക്തമായ സുരക്ഷാമാര്‍ഗം സ്വീകരിക്കാത്ത പക്ഷം ടവര്‍ ഇവിടെനിന്നു മാറ്റാനുള്ള സമരപരിപാടികള്‍ നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."