ഇതിനിടെ മറുവശത്ത് നടക്കുന്നത്
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഭരിക്കുന്ന ഹിന്ദുത്വവലതുപക്ഷം അതിന്റെ വൈരാഗ്യബുദ്ധിയോടെയുള്ള അജണ്ടകളുമായി മുന്നോട്ടു തന്നെയാണ്. രാജ്യമെമ്പാടും പൗരത്വപ്പട്ടിക വരാന്‍ പോകുന്നു. ഇന്ത്യയിലെ മുഴുവന്‍ 'കുടിയേറ്റക്കാരെ'യും 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് പുറത്താക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്നലെ പ്രഖ്യാപിച്ചത്. അസമില്‍ പൗരത്വപ്പട്ടിക വീണ്ടും വരും. പൗരത്വബില്‍ ഇന്നോ നാളെയോ പാര്‍ലമെന്റിലെത്തും. അത് പാസാക്കുകയും അടുത്ത പദ്ധതിയുമായി സംഘ്പരിവാരം വീണ്ടുമെത്തുകയും ചെയ്യും. ഇതിനിടെ ജി.ഡി.പി 4.5 ശതമാനമായി താഴ്ന്നു. പെട്രോള്‍ വില 80 രൂപയ്ക്കടുത്തെത്തി. ഉള്ളിവില നൂറുരൂപ കടന്നു. വരും ദിനങ്ങളില്‍ മറ്റു അവശ്യ വസ്തുക്കളുടെയും വില കൂടും. വാഹനക്കമ്പനികള്‍ അടച്ചുപൂട്ടിയതിന്റെ ഫലമായുള്ള തൊഴിലില്ലായ്മ പ്രത്യക്ഷമായിട്ടുണ്ട്. അത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കും. സാമ്പത്തിക പ്രതിസന്ധി നേരിടാനാവാത്ത സര്‍ക്കാറിലെ പ്രതിഭാദാരിദ്ര്യത്തെക്കുറിച്ച് എന്‍.ഡി.എ ഘടകകക്ഷികള്‍ തന്നെ ചൂണ്ടിക്കാട്ടിത്തുടങ്ങി. മന്‍മോഹന്‍സിങ്ങിന്റെ ഉപദേശം തേടണമെന്ന് അവര്‍ പറയുന്നു. നോട്ടുനിരോധനമാണ് എല്ലാത്തിനും കാരണമെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ ആരും പറയില്ല.
പക്ഷേ സര്‍ക്കാരിന്റെ അജണ്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളല്ല. രാമക്ഷേത്രം തീരുമാനമായെങ്കിലും സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ അസം പൗരത്വപ്പട്ടിക രാജ്യത്തെ ഹിന്ദുത്വശക്തികളുടെ താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തിയിട്ടില്ല. പട്ടികയില്‍ നിന്ന് പുറത്തായ 19 ലക്ഷത്തില്‍ 11 ലക്ഷവും ഹിന്ദുക്കളാണ്. അസമിലും ബംഗാളിലും പശ്ചിമ ബംഗാളിലും ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റമാണ് നടന്നതെന്ന് എല്ലാവര്‍ക്കുമറിയാം. പൗരത്വപ്പട്ടികയില്‍ കൗശലം കാട്ടി ഹിന്ദുക്കളെ പട്ടികയിലുള്‍പ്പെടുത്താമെന്നും മുസ്‌ലിംകളെ പുറത്താക്കാമെന്നുമാണ് ബി.ജെ.പി കരുതിയത്. എന്നാല്‍ അത് നടന്നില്ല. അന്നുമുതല്‍ ബി.ജെ.പി പൗരത്വപ്പട്ടികയുടെ ശത്രുക്കളാണ്.
പുതിയ പൗരത്വപ്പട്ടിക ബി.ജെ.പിയുടെ താല്‍പര്യത്തിനനുസരിച്ചാണ് വരാന്‍ പോകുന്നത്. പൗരത്വബില്‍ കൊണ്ടുവന്നതിന് തൊട്ടുപിന്നാലെയാവും പൗരത്വപ്പട്ടിക വരുന്നത്. മലേഗാവ് കേസ് പ്രതി പ്രജ്ഞാസിങ് താക്കൂറിന്റെ ഗോഡ്‌സെ പരാമര്‍ശത്തില്‍ പാര്‍ലമെന്റ് ഇളകിമറിഞ്ഞ സമയത്ത് ഇതില്‍ നിന്നെല്ലാം മാറി പൗരത്വബില്ലില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള എതിര്‍പ്പ് ഇല്ലാതാക്കാനുള്ള ചര്‍ച്ചയിലായിരുന്നു ആഭ്യന്തരമന്ത്രി അമിത്ഷാ.
ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന വാദം ഹിന്ദുത്വത്തിന്റെ എക്കാലത്തെയും വായ്ത്താരിയാണ്. പ്രജ്ഞ അത് തുറന്ന് പറയുമ്പോള്‍ അസാധാരണമായൊന്നും കാണേണ്ടതില്ല. എന്നാല്‍ ഗോഡ്‌സെ തങ്ങള്‍ക്ക് അഭിമതനല്ലെന്ന് രാജ്‌നാഥ് സിങ്ങ് വിശദീകരിക്കുമ്പോള്‍ അതാണ് കള്ളം. ജനാധിപത്യ ഹിന്ദുത്വത്തിന്റെ ആന്തരിക വൈരുദ്ധ്യമാണത്. കാന്‍സര്‍ വന്ന് അരക്ക് താഴെ കുഴഞ്ഞെന്ന കള്ളം പറഞ്ഞ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയതാണ് പ്രജ്ഞാസിങ് താക്കൂര്‍. വീല്‍ചെയറിലിരുന്നാണ് അക്കാലത്ത് കോടതിയില്‍ ഹാജരായിരുന്നത്. എന്നാല്‍ ജാമ്യം കിട്ടിയ ശേഷം പ്രജ്ഞാസിങ്ങിനെ രാജ്യം കാണുന്നത് പാര്‍ലമെന്റിന്റെ പടികള്‍ നടന്നു കയറുന്നതായാണ്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യത്തിന് താന്‍ ഗോമൂത്രം കുടിച്ചു കാന്‍സര്‍ മാറ്റിയെന്നായിരുന്നു പ്രജ്ഞയുടെ മറുപടി. കള്ളം ഭരണതന്ത്രത്തിന്റെ സ്വാഭാവിക നടപടിക്രമമാക്കിയ സര്‍ക്കാര്‍ രാജ്യം ഭരിക്കുമ്പോള്‍ അതൊരു വലിയ കാര്യമായൊന്നും കാണേണ്ടതില്ല. എന്നാല്‍ മറുവശത്ത് രാജ്യത്ത് നടക്കുന്നതെന്തെന്ന് കാണാതെ പോകരുത്.
അസംമാതൃകയിലുള്ള തടവുകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമബംഗാള്‍ ക്യാംപിന്റെ പണിതുടങ്ങി. മഹാരാഷ്ട്ര ഇതിനായുള്ള സ്ഥലം കണ്ടെത്തി. ക്യാംപുകള്‍ കേരളത്തിലും വരും. രാജ്യമൊന്നാകെ വരാന്‍ പോകുന്ന ദുരന്തത്തില്‍ നിന്ന് കേരളവും മാറി നില്‍ക്കുമെന്ന് കരുതരുത്. കേന്ദ്ര നിയമം എതിര്‍ക്കാവുന്നതല്ലെന്ന യു.എ.പി.എ കേസിലെ അതേ ന്യായം സര്‍ക്കാര്‍ ആവര്‍ത്തിക്കും. എല്ലാത്തിന്റെയും ഗൃഹപാഠം ഹിന്ദുത്വശക്തികള്‍ എന്നേ പൂര്‍ത്തിയാക്കിയതാണ്. മുസ്‌ലിംകള്‍ രാജ്യത്തിന്റെ ബാധ്യതയായി കരുതുന്നവരാണവര്‍.
പൗരത്വപ്പട്ടികയുടെ മറവില്‍ അസം മുസ്‌ലിംകളുടെ പൗരത്വം എടുത്തുകളഞ്ഞ് തടവുകേന്ദ്രത്തിലയക്കാന്‍ പറ്റുമോയെന്നാണ് ബി.ജെ.പി നോക്കിയത്. രാജ്യമെമ്പാടും പൗരത്വപ്പട്ടിക വരുമ്പോഴും അവര്‍ മറ്റൊന്നല്ല നോക്കുക. അസമിലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 1983ല്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് 1983ല്‍ അസമിനായി കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള അനധികൃത കുടിയേറ്റ (ഡിറ്റര്‍മിനേഷന്‍ ബൈ ട്രൈബ്യൂണല്‍) നിയമം വരുന്നത്.
ഇതില്‍ തൃപ്തരാവാതെ യൂണിയന്‍ ശക്തമായ സമരം നടത്തി. അതിനു പിന്നാലെ പരിഹാരമായി 1985 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി അസം കരാറുണ്ടാക്കി. ഇതില്‍ 1966 ജനുവരി ഒന്നിന് ശേഷം 1971 മാര്‍ച്ച് 25ന് അസമിലേക്ക് കുടിയേറിയവരെല്ലാം ഇന്ത്യന്‍ പൗരന്‍മാരാകുമെന്നായിരുന്നു വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അസമില്‍ പൗരത്വപ്പട്ടിക വരുന്നത്.
രാജ്യമെമ്പാടും പൗരത്വപ്പട്ടിക വരുമ്പോള്‍ വ്യവസ്ഥകള്‍ പുതുതായിരിക്കും. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്ക് രണ്ടു വ്യവസ്ഥകള്‍ വേണമെന്ന ബി.ജെ.പിയുടെ താല്‍പര്യംപോലെ നടക്കാം. മുസ്‌ലിംകള്‍ക്ക് 1971 ഉം ഹിന്ദുക്കള്‍ക്ക് 1940ഉം ആയിരിക്കണം പൗരത്വം ലഭിക്കാനുള്ള കുടിയേറ്റ തിയ്യതിയായി പ്രഖ്യാപിക്കേണ്ടതെന്നാണ് അസം ബി.ജെ.പി ആവശ്യപ്പെടുന്നത്. പുതിയ പട്ടികവരുന്നതോടെ അസമില്‍ ഇപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെട്ടപലരും പുറത്താകും. രാജ്യമെമ്പാടും ഡിറ്റന്‍ഷന്‍ സെന്ററുകളെന്നെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളുണ്ടാകും. പൗരത്വപ്പട്ടിക മറ്റൊരു സ്വാഭാവിക നടപടിയാവും. പരിധികളില്ലാത്ത ഫാസിസത്തിന്റെ കാലമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."