പള്ളിക്കൂടമുറ്റത്ത് കഥകളിയിലൂടെ കുട്ടികള്‍ക്ക് പുതിയപാഠം
കണ്ണൂര്‍: കേട്ടുസുപരിചിതമായ കഥകളി നേരിട്ട് കണ്ടപ്പോള്‍ മുണ്ടേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് അതു നവ്യാനുഭവമായി. കുട്ടികള്‍ക്ക് കഥകളിയെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദി സ്പിക്മാകെയുടെ സഹകരണത്തോടെ കഥകളി ശില്‍പ്പശാല സംഘടിപ്പിച്ചത്. ഗഹനതയിലൂടെയും ഗാംഭീര്യത്തിലൂടെയും ആഹാര്യഭംഗിയിലൂടെയും ശില്‍പ്പകൗതുകം തീര്‍ക്കുന്ന കഥകളിയെ അടുത്തറിയാന്‍ പത്താം തരത്തിലെ 200ഓളം കുട്ടികളാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. കഥാസന്ദര്‍ഭവും വരികളും സാരവും കഥകളിയെക്കുറിച്ച് കഥകളിയുടെ സവിശേഷതകളും വര്‍ണിച്ചായിരുന്നു സോദാഹരണ പ്രഭാഷണം. കഥകളിയെക്കുറിച്ച് സോദാഹരണ ക്ലാസിനും സംശയദൂരീകരണത്തിനും കൂടുതല്‍ അറിവ് പകരുന്നതിനും കുട്ടികള്‍ക്ക് മുന്നിലെത്തിയത് കലാമണ്ഡലം പ്രദീപും സംഘവുമായിരുന്നു. പത്താം തരത്തിലെ പുതിയ മലയാളം പാഠാവലിയെ അടിസ്ഥാനമാക്കിയായിരുന്നു പരിപാടി. ഹെഡ്മാസ്റ്റര്‍ പി. പി ശ്രീജന്‍ അധ്യക്ഷനായി. വെള്ളിനേഴി ഹരിദാസ് ദമയന്തിയായും സദനം സുരേഷ് തോഴിയായും കലാമണ്ഡലം ചിനോഷ് ഹംസവുമായും വേഷമിട്ടു. ശിവദാസ് കലാമണ്ഡലം, നന്ദകുമാര്‍, അനീഷ് പത്മനാഭന്‍, സുരേഷ് എന്നിവരായിരുന്നു പിന്നണിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."