ഒറ്റ നംബര്‍ ലോട്ടറി ചൂതാട്ടത്തിനെതിരേ നടപടി ശക്തമാക്കാനൊരുങ്ങി പൊലിസ്
മുക്കം: സംസ്ഥാന ലോട്ടറിക്ക് വലിയ ഭീഷണിയായി പ്രവര്‍ത്തിക്കുന്ന ഒറ്റയക്കലോട്ടറി ചൂതാട്ട മാഫിയക്കെതിരേ നടപടി ശക്തമാക്കാനൊരുങ്ങി പൊലിസ്.
കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തിയായ പന്നിക്കോട്, മലപ്പുറം ജില്ലയിലെ അരീക്കോട്, മഞ്ചേരി എന്നീ ടൗണുകള്‍ കേന്ദ്രീകരിച്ചാണ് മാഫിയയുടെ പ്രധാന പ്രവര്‍ത്തനം. ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കോഴിക്കോട് റൂറല്‍ ജില്ലാ പൊലിസ് മേധാവി ജി. ജയദേവ് അറിയിച്ചു. ഓരോ ദിവസവും നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറിയുടെ അവസാന മൂന്നക്കം നേരത്തെ പ്രവചിച്ചാണ് ഇവര്‍ ചൂതാട്ടം നടത്തുന്നത്. ഇതിനായി ആളുകളെ ആകര്‍ഷിക്കുവാന്‍ പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പുകളും മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്. ദിവസവും കോടിക്കണക്കിന് രൂപയാണ് ഇതുവഴി നടത്തിപ്പുകാര്‍ക്ക് ലഭിക്കുന്നത്.
ജില്ലയിലെ മുക്കം പോലുള്ള സ്ഥലങ്ങളിലും മാഫിയ സജീവമാണ്. ഒറ്റയക്കലോട്ടറി സംവിധാനം വ്യാപകമായതോടെ സംസ്ഥാന ലോട്ടറിയുടെ വില്‍പനയിലും വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് ലോട്ടറി വില്‍പനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അംഗീകൃത ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്ന കടകളുടെ മറവിലാണ് ഒറ്റയക്ക ചൂതാട്ടം വ്യാപകമായി നടക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ തുക ലഭിക്കുമെന്നതാണ് പലരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്.
എന്നാല്‍ ചൂതാട്ടത്തിലൂടെ പണം നഷ്ടമായവരും നിരവധിയാണ്. പലരും നടപടികള്‍ ഭയന്ന് ഇവര്‍ക്കെതിരേ പരാതിപ്പെടാനും മുതിരാറില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയാലും വളരെ രഹസ്യമായാണ് ഏര്‍പ്പാടുകള്‍ എന്നതിനാല്‍ പിടിക്കപ്പെടുന്നതും വളരെ അപൂര്‍വമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."