ഞങ്ങള്‍ക്ക് ലഭിക്കുമോ പുനരധിവാസം..?
കല്‍പ്പറ്റ: വെണ്ണിയോട്ടെ ചെറിയമട്ടംക്കുന്ന് പണിയ കോളനിക്കാര്‍ക്ക് അധികാരികളോട് ചോദിക്കാനുള്ളത് പുനരധിവാസം കിട്ടുമോ എന്നാണ്.
പ്രളയകാലത്ത് ഒരുമാസത്തിലധികം വെള്ളത്തില്‍ മുങ്ങിക്കിടന്ന കോട്ടത്തറ പഞ്ചായത്തിലെ ചെറിയമട്ടംക്കുന്ന് കോളനിക്കാരാണ് പുനരധിവാസം കാത്ത് കിടക്കുന്നത്. ജില്ലാ ഭരണകൂടം ദുരിതാശ്വാസ ക്യാംപിലെത്തി ഉറപ്പ് നല്‍കിയ പുനരധിവാസമാണ് ഇവര്‍ എത്രയുംവേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത്. കോളനിയിലെ 20 സെന്റ് ഭൂമിയില്‍ പത്ത് കുടുംബങ്ങളാണ് താമസിക്കുന്നത്. നിന്നുതിരിയാന്‍ പോലും ഇവര്‍ക്ക് ഇടമില്ല. വാഹന സൗകര്യമുള്ള റോഡില്ലാത്തതിനാല്‍ അസുഖം വന്നാല്‍ ഒരുകിലോമീറ്റര്‍ മഞ്ചലില്‍ ഏറ്റി വേണം ആശുപത്രിയിലേക്കെത്താന്‍. ഇത്തരത്തില്‍ മതിയായ ചികിത്സ കിട്ടാതെ മരണമടഞ്ഞവരും കോളനിയില്‍ ഉണ്ട്. ഒരു മീറ്റര്‍ ഉയരത്തില്‍ നെല്‍പ്പാടത്തുകൂടി ഒരു കോണ്‍ക്രീറ്റ് നടപ്പാത കോളനിയിലേക്ക് തീര്‍ത്തിട്ടുണ്ട്. എന്നാല്‍ മഴയാരംഭിക്കുന്നതോടെ ഇതിന്റെ രണ്ട് ഭാഗത്തും വെള്ളം കയറുന്നതിനാല്‍ നടപ്പാത പ്രളയകാലത്ത് പ്രയോജനപ്പെടുന്നുമില്ല. തങ്ങളുടെ സമ്പാദ്യമെല്ലാം വീട് മാറുന്നതോടെ കവരുന്നതും ഇവിടെ പതിവാണ്. പ്രളയ കാലത്ത് ദുരിതാശ്വാസ ക്യാംപുകളിലേക്കും മറ്റും തങ്ങളെ മാറ്റി പാര്‍പ്പിക്കുകയും പ്രളയം കഴിയുന്നതോടെ തിരിച്ച് കോളനിയിലേക്ക് തന്നെ എത്തിക്കുന്നതുമാണ് പതിവ്. വെണ്ണിയോട് ചെറിയ പുഴയും വലിയ പുഴയും ഒന്നാകുന്നതോടെ കോളനിയില്‍ പ്രളയമാകും. കഴിഞ്ഞ പ്രളയ കാലത്ത് ബാണാസുര അണകെട്ട് തുറക്കുന്നതിന് മുന്‍പുതന്നെ 17 ദിവസം ഇവിടം വെള്ളത്തിനടിയിലായിരുന്നു. കോളനിയിലെ കയ്മക്കും സഹോദരി കറപ്പിക്കും പ്രായമേറെയായി. ഇരുവരും പരസ്പ്പര സഹവര്‍ത്തിത്തത്തോടെയാണ് കഴിയുന്നത്. മഴക്കാലം ഇവര്‍ക്ക് പേടിയുടെ കാലമാണ്. സീത സിബേഷ്, ചുണ്ട, മിനി ശിവന്‍, ശോഭന സാബു, ബേബി ബാബു, രാഘവന്‍പാറ്റ, മുരുകന്‍ കൃഷ്ണ, അനുരാജന്‍ രമ്യ തുടങ്ങിയ കുടുംബങ്ങളെല്ലാം മറ്റെവിടെയെങ്കിലും മാറിതാമസിക്കണമെന്ന ആഗ്രഹക്കാരാണ്. പ്രളയത്തിനുശേഷം ആര്‍ക്കും പണിയില്ല. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ ഉപയോഗിച്ചാണ് ഇവര്‍ ഇപ്പോള്‍ പട്ടിണി മാറ്റുന്നത്. തൊഴിലുറപ്പില്‍ കൂലി ലഭിക്കാതെയായതോടെ ആരും പണിക്ക് പോകാതെയായി. എത്രയും വേഗം പുനരധിവാസം നടപ്പാക്കാണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."