അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍വകക്ഷിയോഗ തീരുമാനം
കോട്ടയം : ജില്ലയില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബി.ജെ.പി -സി.പി.എം ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി. ധാരണയുടെ വിശദാംശങ്ങള്‍ താഴെക്കിടയിലെ പ്രവര്‍ത്തകരിലേക്കും എത്തിക്കും. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായാലും അവ അക്രമങ്ങളിലേക്കു വളരാതെ താഴെക്കിടയില്‍ തന്നെ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ നേതൃത്വം ഇടപെടും.
കഴിഞ്ഞ ദിവസത്തെ ബി.ജെ.പി ഹര്‍ത്താലിനോടനുബന്ധിച്ച് ഇരു വിഭാഗത്തിന്റെയും പാര്‍ട്ടി ഓഫിസുകള്‍ അക്രമിക്കുകയും ജില്ലയില്‍ നിരവിധി പ്രവര്‍ത്തകര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഉഭയകക്ഷി യോഗത്തില്‍ ജില്ലയില്‍ പ്രത്യേകം യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു.
ഇതേ തുടര്‍ന്നാണു കോട്ടയം ടി.ബിയില്‍ ഇന്നലെ ഉയഭകക്ഷി ചര്‍ച്ച നടന്നത്. തലസ്ഥാനത്തെ യോഗത്തില്‍നിന്നു വ്യത്യാസമായി യോഗം ആരംഭിക്കുന്നതിനു മുമ്പു മാധ്യമപ്രവര്‍ത്തകരെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിച്ചിരുന്നു.
യോഗത്തില്‍ സി.പി.എമ്മിനെ പ്രതിനിധീകരിച്ചു ജില്ലാസെക്രട്ടറി വി.എന്‍ വാസവന്‍, ജില്ലാസെക്രട്ടേറിയേറ്റ് അംഗങ്ങളായ ലാലിച്ചന്‍ ജോര്‍ജ്, സി.ജെ ജോസഫ്, ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഗിരീഷ് എസ്.നായര്‍ എന്നിവരും ബി.ജെ.പിയെ പ്രതിനിധീകരിച്ചു.
ജില്ലാപ്രസിഡന്റ് എന്‍.ഹരി, മധ്യമേഖല പ്രസിഡന്റ് അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, ആര്‍.എസ്.എസ് പ്രാന്ത കാര്യകാരി സദസ് അഡ്വ.എന്‍. ശങ്കര്‍റാം, ജില്ല കാര്യവാഹ്് ജി. സജീവ്കുമാര്‍, വിഭാഗ് കാര്യവാഹ് പി.ആര്‍. സജീവ്കുമാര്‍, ബി.എം.എസ് ജില്ലസെക്രട്ടറി ഇ.എന്‍. നളിനാശന്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയില്‍ അടുത്ത കാലത്തുണ്ടായ എല്ലാ പ്രശ്‌നങ്ങളും യോഗത്തില്‍ ഉന്നയിക്കപ്പെട്ടെങ്കിലും ഭാവിയിലെ പ്രശ്‌നങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ആറിന് നടക്കുന്ന സംസ്ഥാന നേതാക്കളുടെ ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷം ജില്ലയില്‍ വീണ്ടും യോഗം ചേരണമോയെന്നും തീരുമാനിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ചാണ് ജില്ലയില്‍ ആക്രമസംഭവങ്ങള്‍ വ്യാപിച്ചത്.
ഈ സാഹചര്യത്തില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്തുന്നതിന് ആവശ്യമായ കാര്യങ്ങളാണ് ഇരുകൂട്ടരുടെയും നേതാക്കള്‍ ചര്‍ച്ച നടത്തിയത്.
ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ശരിയും തെറ്റും വേര്‍തിരിച്ച് നേതാക്കള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നു സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ പറഞ്ഞു.
സൗഹാര്‍ദ്ദ പരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനു സഹായകരമായ യോഗതീരുമാനം അണികള്‍ക്കിടയിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."