എം.പി ഫണ്ട്: 16 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു
കണ്ണൂര്‍: പി.കെ ശ്രീമതി എം.പിയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് ഇതുവരെ പൂര്‍ത്തീകരിച്ചത് 16.061 കോടി രൂപയുടെ പ്രവൃത്തികള്‍. 19.34 കോടി രൂപയുടെ പ്രവൃത്തികളാണ് ഇതുവരെ അനുവദിച്ചത്. 83.04 ശതമാനമാണ് പ്രവര്‍ത്തന പുരോഗതി. എം.പിയുടെ സാന്നിധ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി അധ്യക്ഷനായി.
2014-15 വര്‍ഷം 4.55 കോടി രൂപ ചെലവില്‍ മുഴുവന്‍ പ്രവൃത്തികളും 2015-16 വര്‍ഷം 4.24 കോടി രൂപ ചെലവില്‍ 120 പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. 2015-16 വര്‍ഷം പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള കോളിക്കടവ് എസ്.സി കോളനി ചട്ടിക്കരി പാലത്തിന്റെ പ്രവൃത്തി ഡിസംബര്‍ 31നകം പൂര്‍ത്തിയാകും. 82 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്.
2016-17 വര്‍ഷത്തെ 146 പ്രവൃത്തികള്‍ 4.44 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള 15 പ്രവൃത്തികള്‍ 31 നകം പൂര്‍ത്തീകരിക്കണമെന്ന് എം.പി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. 2017-18 വര്‍ഷം 2.81 കോടി രൂപയുടെ 157 പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും 2018-19 വര്‍ഷം ഒരു കോടി രൂപയുടെ 20 പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു.
കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ വൈദ്യുതീകരണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് കൂടി തയാറാക്കി സമര്‍പ്പിക്കണമെന്ന് എം.പി പറഞ്ഞു. എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കണം. 49.7 ലക്ഷം രൂപ ചെലവില്‍ 58 സ്‌കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ് റൂം ഉപകരണങ്ങള്‍ നല്‍കിയ പദ്ധതിയുടെ ബില്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
റെയില്‍വേ സ്റ്റേഷനില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് എത്രയും പെട്ടെന്ന് ഭരണാനുമതി നല്‍കണമെന്ന് എം.പി ആവശ്യപ്പെട്ടു. 99,600 രൂപ ചെലവഴിച്ചാണ് സ്റ്റേഷന്റെ എട്ട് കേന്ദ്രങ്ങളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിക്കുന്നത്.
ജില്ലാ ആശുപത്രിക്ക് 30 ലക്ഷം രൂപയുടെ ആംബുലന്‍സും തളിപ്പറമ്പ് താലൂക്ക് ആശുപത്രി, മയ്യില്‍ സി.എച്ച്.സി, ചക്കരക്കല്‍ സി.എച്ച്.സി എന്നിവയ്ക്ക് 13 ലക്ഷം രൂപയുടെ ആംബുലന്‍സും വാങ്ങുന്ന പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ഡി.എം.ഒക്ക് നിര്‍ദേശം നല്‍കി. കെ. പ്രകശന്‍, ഫിനാന്‍സ് ഓഫിസര്‍ കെ.പി മനോജന്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."