നിര്‍മാണം പൂര്‍ത്തിയാകാത്ത സിന്തറ്റിക് ട്രാക്കിന് പരാധീനതകള്‍ മാത്രം
പാലക്കാട്: നെല്ലറയുടെ കായികമോഹങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവേണ്ട മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക് മഴ പെയ്തതോടെ ചളിക്കുളമായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എം.എല്‍.എ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ട്രാക്കുകളില്‍ മത്സരങ്ങള്‍ നടത്താന്‍ കഴിയാതെ നില്‍ക്കുകയാണ്.
കൃത്യമായ അളവുകളോടെയല്ല ട്രാക്ക് നിര്‍മാണം. ജമ്പിങ് പിറ്റ് നിര്‍മിച്ചതില്‍ റണ്‍വേയിലെ തറനിരപ്പ് വ്യത്യാസവും ടേക്ക് ഓഫ് ലൈന്‍ ഇല്ലെന്നതും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയതിനെതുടര്‍ന്ന് പാലക്കാട് നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന യൂത്ത് ചാംപ്യന്‍ഷിപ്പ് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു.
സിന്തറ്റിക് ട്രാക്കിനോട് ചേര്‍ന്ന് കിടക്കുന്ന ഫുട്‌ബോള്‍ ഗ്രൗണ്ടിനുള്ള സ്ഥലം മഴയില്‍ വെള്ളക്കെട്ടും കാടും പിടിച്ചു കിടക്കുകയാണ്. ചുറ്റുമതില്‍ നിര്‍മാണം പൂര്‍ണമാവാത്തതിനാല്‍ കന്നുകാലികളുടെ കേന്ദ്രമായിമാറി. ചാണകവും മറ്റും ട്രാക്കില്‍ നിറഞ്ഞ് വൃത്തികേടായി. അറ്റകുറ്റപ്പണികള്‍ക്കായി സൂക്ഷിച്ചിട്ടുള്ള മണലുകളും മറ്റു വസ്തുക്കളും നശിച്ചുകൊണ്ടിരിക്കുന്നു. ട്രാക്കിന് സമീപത്തെ ചാല്‍ അടഞ്ഞതുകൊണ്ട് ട്രാക്കില്‍ വെള്ളം കെട്ടിനിന്നിരുന്നു. തുടര്‍ന്ന് സിന്തറ്റിക് ട്രാക്ക് നിര്‍മാണം നടത്തിയ കിറ്റ്‌കോയിലെ പ്രതിനിധികളും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികളും ചേര്‍ന്ന് ട്രാക്കിലെ വെള്ളം കഴിഞ്ഞ ദിവസം ഒഴുക്കി കളഞ്ഞിരുന്നു.
സിന്തറ്റിക് ട്രാക് നിര്‍മാണഘട്ടത്തില്‍ ഒരിക്കല്‍ പോലും ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയെ അടുപ്പിച്ചില്ലെന്ന ആരോപണമുയര്‍ന്നിരുന്നു.
കൃത്യമായ വീതിയില്ലാത്തതിനാല്‍ ഹഡില്‍സിന് ട്രാക്ക് അനുയോജ്യമല്ല. ഹഡില്‍സിനായുള്ള ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നതും ഗ്രൗണ്ടില്‍ നിന്നുള്ള കാഴ്ചയാണ്. കായിക താരങ്ങള്‍ക്കും ജില്ലയിലെ കായിക വികസനത്തിനും ഉതകുന്നതിനല്ല സിന്തറ്റിക് ട്രാക് നിര്‍മിച്ചതെന്നും ഇതിന് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യമുണ്ടായിരുന്നുവെന്നും നേരത്തെ തന്നെ ആക്ഷേപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."