ലൈഫ് പദ്ധതിയിലെ ഭവന നിര്‍മാണം കുടുംബശ്രീയുടെ കൈകളില്‍
ഒലവക്കോട്: ജില്ലയില്‍ എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷനില്‍ വീട് നിര്‍മിക്കുന്നത് കുടുംബശ്രീ സ്ത്രീകള്‍. ഇതിനായി നിര്‍മാണ മേഖലയില്‍ താല്‍പ്പര്യമുള്ള സ്ത്രീകളുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ചു വരുന്നു. ഇവര്‍ക്ക് വിദഗ്ധ സാങ്കേതിക തൊഴില്‍ പരിശീലനം നല്‍കിയാകും. ലൈഫ് മിഷന്‍ വീടു നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുക. നിലവില്‍ വാണിയംകുളം, തൃക്കടീരി, ചളവറ, അനങ്ങനടി എന്നിവിടങ്ങളില്‍ 40 പേര്‍ വീതമുള്ള വനിതാ തൊഴിലാളി ഗ്രൂപ്പുകളുണ്ട്. ഇത് ജില്ലയിലെ 13 ബ്ലോക്കിലേക്കും വ്യാപിപ്പിക്കും. ജില്ലാ പഞ്ചായത്തിന്റെ ഷീ നിര്‍മാണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിദഗ്ധ പരിശീലനം നല്‍കുക. ഇതിനായി ജില്ലാ പഞ്ചായത്ത് 4.70 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കുടുംബശ്രീയും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ഒരു ബ്ലോക്കില്‍ ഒന്നു വീതം സാനിട്ടറി നാപ്കിന്‍ യൂനിറ്റ് തുടങ്ങുന്നു. റിലീഫ് എന്നാണ് പദ്ധതിയുടെ പേര്. നിലവില്‍ വെണ്‍മ എന്ന പേരില്‍ ഒറ്റപ്പാലത്ത് യന്ത്രവല്‍കൃത അലക്ക് യൂനിറ്റുണ്ട്. ഇത് എല്ലാ ബ്ലോക്കിലേക്കും വ്യാപിപ്പിക്കും. ബ്ലോക്കില്‍ ഒരു പ്രത്യേക സ്ഥലത്തു നിന്നു തുണി ശേഖരിച്ച് അലക്കി അവിടെത്തന്നെ തിരിച്ചെത്തിക്കുന്നതാണ് പദ്ധതി. ആശുപത്രികളിലെ ഷീറ്റുകള്‍ അടക്കമുള്ള തുണികള്‍ ഇങ്ങനെ സ്വീകരിക്കുന്നതു വഴി നൂറുകണക്കിന് സ്ത്രീകള്‍ക്ക് ജോലിയും ലഭിക്കും. നിലവില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കാന്റീനുകളെ വിപുലപ്പെടുത്തി കാറ്ററിങ് കൂടി ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്.
സ്ത്രീ ശാക്തീകരണത്തിന് കൂടുതല്‍ കരുത്തുപകര്‍ന്ന് സ്ത്രീകള്‍തന്നെ എല്ലാ മേഖലയിലും പണിയെടുക്കുന്ന ശുഭയാത്രയെന്ന പേരില്‍ കുടുംബശ്രീ ട്രാവല്‍ സര്‍വീസ് തുടങ്ങുന്നുണ്ട്. പൂര്‍ണമായും സ്ത്രീകള്‍ തന്നെ പ്രവര്‍ത്തിക്കുന്ന ട്രാവല്‍സിന്റെ നടപടി പുരോഗതിയിലാണ്. ആദിവാസി മേഖലയില്‍ ഉയിര്‍പ്പ് എന്ന പേരില്‍ സമ്പൂര്‍ണ സാക്ഷരതാ പദ്ധതി കുടുംബശ്രീ സഹകരണത്തോടെയാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. ഇതിനായി മുഴുവന്‍ ആദിവാസി അയല്‍ക്കൂട്ടങ്ങള്‍ക്കും ധനസഹായം നല്‍കും.
ആദിവാസി മേഖലയില്‍ ഇടക്കു പഠനം നിര്‍ത്തേണ്ടി വന്നവരുടെ തുടര്‍വിദ്യാഭ്യാസത്തിന് ബ്രിഡ്ജ് സ്‌കൂള്‍ പദ്ധതിയും നടപ്പാക്കും. കൂടാതെ ഒരു ഊരിനെ തെരഞ്ഞെടുത്ത് മാതൃകാ ഊര് പദ്ധതിയും നടപ്പാക്കി വരുന്നതിനായി പ്രാഥമിക സര്‍വ്വേ നടത്തിക്കഴിഞ്ഞു. അഞ്ചു പഞ്ചായത്തിനെ മാതൃകാ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളാക്കി മാറ്റുകയും അഞ്ചു മോഡല്‍ കമ്മ്യൂണിറ്റി കൗണ്‍സലിങ് സെന്ററും തുടങ്ങും. എല്ലാവാര്‍ഡിലും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് വിജിലന്റ് ഗ്രൂപ്പുകള്‍ രൂപീകരിക്കും. നിലവില്‍ 600 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനം ജില്ലാതലത്തില്‍ സ്ത്രീകള്‍ക്കായി ലിറ്ററേച്ചര്‍ ഫെസ്റ്റും സംഘടിപ്പിക്കും. എഴുതാനും വരയ്ക്കാനുമുള്ള സ്ത്രീകളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 18 വയസില്‍ താഴെയുള്ള കുട്ടികളുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കാന്‍ കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ബാലസഭകളും രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."