ഷഹ്‌ല ഷെറിന്റെയും നവനീതിന്റെയും കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ നഷ്ട പരിഹാരം
തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്റെ കുടുംബത്തിനും ക്രിക്കറ്റ് ബാറ്റ് അബദ്ധത്തില്‍ തലയില്‍ കൊണ്ട് മരിച്ച ചുനക്കര ഗവണ്‍മെന്റ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി നവനീതിന്റെ കുടുംബത്തിനും സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരമനുവദിച്ചു. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് സ്‌കൂളുകളില്‍ പുതിയ പദ്ധതി കൊണ്ടുവന്നിട്ടുണ്ട്. ഹെല്‍ത്ത് ടീച്ചറുടെയും ചങ്ങാതി ഡോക്ടറുടെയും സേവനമാണ് സ്‌കൂളുകളില്‍ ഒരുക്കുന്നത്. ആരോഗ്യ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ആര്‍ദ്ര വിദ്യാലയം എന്ന് പേരിട്ട പദ്ധതിക്ക് തുടക്കം കുറിച്ചത്.
തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം മൂലമാണ് നവനീതിന്റെ മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കുട്ടികള്‍ ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച പട്ടിക തലയില്‍ കൊണ്ടപ്പോള്‍ രക്തസ്രാവം ഉണ്ടായതാകാമെന്നാണ് റിപ്പോര്‍ട്ടിലെ നിഗമനം.
ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാന്‍ ഇറങ്ങിയതായിരുന്നു നവനീത്. ഇതിനിടെ, കുട്ടികള്‍ കളിക്കുന്നതിനിടെ കൈവിട്ട് തെറിച്ച തടികൊണ്ടുള്ള ക്രിക്കറ്റ് ബാറ്റ് കുട്ടിയുടെ തലയില്‍ തട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് നവനീത് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
സ്‌കൂള്‍ കെട്ടിടത്തിന് മുന്നില്‍ ഒടിഞ്ഞ ഡെസ്‌കിന്റെ പട്ടികയും പേപ്പര്‍ ചുരുട്ടിക്കെട്ടിയുണ്ടാക്കിയ ബോളും ഉപയോഗിച്ചാണ് കുട്ടികള്‍ കളിച്ചത്. ഇവരുടെ ഇടയിലേക്ക് ഓടിക്കയറി വന്ന നവനീതിന്റെ തലയില്‍ പട്ടികക്കഷ്ണം അബദ്ധത്തില്‍ കൊണ്ടു. കുറച്ചു ദൂരം മുന്നോട്ട് പോയ നവനീത് മുഖമിടിച്ച് താഴെ വീഴുകയായിരുന്നു.
നവനീത് ബോധരഹിതനായി കിടക്കുന്ന വിവരം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് അധ്യാപകും സ്‌കൂളില്‍ ഉണ്ടായിരുന്ന പിടിഎ അംഗങ്ങളും ചേര്‍ന്ന് നവനീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."