മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം; സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു: ആക്ഷന്‍ കമ്മിറ്റി
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസന കാര്യത്തില്‍ സര്‍ക്കാര്‍ ജനത്തെ വഞ്ചിക്കുന്നതായി ആക്ഷന്‍ കമ്മിറ്റി. നിരന്തരം വഗ്ദാനലംഘനം നടത്തി ജനങ്ങളെ വഞ്ചിക്കുന്ന നടപടി തുടരുന്നതിനാല്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ എം.എല്‍.എയും എം.പിയും സമരത്തിനു നേതൃത്വം നല്‍കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
മുന്‍ സര്‍ക്കാര്‍ 64 കോടി രൂപ അനുവദിച്ചു തുടങ്ങിയ റോഡിന്റെ വികസനം തങ്ങള്‍ അധികാരത്തില്‍ വന്നയുടനെ പൂര്‍ത്തീകരിക്കുമെന്ന് ഇന്നത്തെ ഭരണമുന്നണിയും എം.എല്‍.എയും പ്രകടനപത്രികയില്‍ ഉറപ്പുനല്‍കിയതാണ്.
2016 ഓഗസ്റ്റ് ഒന്നിന് റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കും ആവശ്യമായ മുഴുവന്‍ ഫണ്ടും ഉടനെ അനുവദിക്കുമെന്ന് നവംബര്‍ 27ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചിരുന്നില്ല. ഇതിനാലാണ് മെയ് 27ന് മാനാഞ്ചിറയില്‍ റോഡ് ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ തലേദിവസം പൊതുമരാമത്ത് വകുപ്പിന്റെ 714-ാം നമ്പര്‍ ഉത്തരവു പ്രകാരം 50 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതിനാല്‍ സമരം നിര്‍ത്തിവയ്ക്കണമെന്ന് പ്രദീപ്കുമാര്‍ എം.എല്‍.എ ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നേരിട്ട് പങ്കെടുത്ത് അഭ്യര്‍ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉപരോധം മാറ്റിവയ്ക്കുകയും ചെയ്തു.
രണ്ടുദിവസത്തിനകം ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ ഫണ്ട് എത്തുമെന്നും അടുത്ത ഗഢുവായി 50 കോടി രൂപ ജൂണ്‍ മാസത്തിലും ബാക്കി മുഴുവന്‍ തുകയും നവംബറിലും അനുവദിക്കാമെന്നും എം.എല്‍.എ യോഗത്തില്‍ അറയിച്ചിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും ഇതുവരെ ഫണ്ട് ലഭ്യമായിട്ടില്ല.
നഗരത്തില്‍ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്ന ഈ റോഡിന്റെ സ്ഥലമെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് നേരത്തേ അനുവദിച്ച 50 കോടിയടക്കം നൂറു കോടി രൂപ ഉടന്‍ ലഭ്യമാക്കിയില്ലെങ്കില്‍ ഈ മാസാവസാനം റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കുവാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് ഡോ. എം.ജി.എസ് നാരായണന്‍ അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി വാസുദേവന്‍, ഗാന്ധിയന്‍ തായാട്ട് ബാലന്‍, അഡ്വ. സി.ജെ റോബിന്‍, കെ.വി സുനില്‍കുമാര്‍, കെ.പി വിജയകുമാര്‍, പ്രദീപ് മാമ്പറ്റ, പി.എം.എ നാസര്‍, സിറാജ് വെള്ളിമാട്കുന്ന്, എ.കെ ശ്രീജന്‍, പി. സദാനന്ദന്‍, സി. ചെക്കുട്ടി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."