ഓണ്‍ലൈന്‍ ഭൂനികുതി സംവിധാനം: അക്ഷയകേന്ദ്രങ്ങള്‍ ജനത്തെ കൊള്ളയടിക്കുന്നു
മുക്കം: വില്ലേജ് ഓഫിസുകളില്‍നിന്ന സൗജന്യമായി ലഭിച്ചിരുന്ന സേവനം ഓണ്‍ലൈന്‍ വഴിയായപ്പോള്‍ ചാര്‍ജ് ഈടാക്കുന്നതായി പരാതി. തണ്ടപ്പേര് നമ്പര്‍ ചേര്‍ത്ത് അക്ഷയകേന്ദ്രങ്ങള്‍ വഴി സര്‍ക്കാരിലേക്ക് ഭൂനികുതി അടക്കുമ്പോള്‍ സര്‍വിസ് ചാര്‍ജ് എന്നപേരില്‍ അമിതചാര്‍ജ് ഈടാക്കുന്നതായാണ് പരാതി.
ഓരോ നികുതിചീട്ടിനും നിലവിലുള്ള നികുതിക്ക് പുറമെ അക്ഷയ കേന്ദ്രങ്ങള്‍ നിര്‍ദേശിക്കുന്ന സര്‍വിസ് ചാര്‍ജും ഇപ്പോള്‍ നല്‍കണം. ഇതോടെ കുറഞ്ഞ അളവ് ഭൂമി ഉള്ളവര്‍ ഭൂനികുതിയേക്കാള്‍ കൂടുതല്‍ തുക സര്‍വിസ് ചാര്‍ജായി നല്‍കേണ്ട അവസ്ഥയാണ്.
പല അക്ഷയകേന്ദ്രങ്ങളിലും തോന്നിയപോലെയാണ് സര്‍വിസ് ചാര്‍ജ് ഈടാക്കുന്നതെന്ന പരാതിയും വ്യാപകമാണ്. ഇതുവരെ വില്ലേജ് ഓഫിസുകളില്‍ നിന്നു സൗജന്യമായി ലഭിച്ചിരുന്ന സേവനമാണ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയത് മുതലെടുത്ത് അക്ഷയകേന്ദ്രങ്ങള്‍ അമിത തുക ഈടാക്കി പ്രയാസം സൃഷ്ടിക്കുന്നത്. സര്‍വിസ് ചാര്‍ജ് പൂര്‍ണമായും ഇല്ലാതാക്കുകയോ നിശ്ചിത തുകയായി നിജപ്പെടുത്തുകയോ ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.
'അമിതചാര്‍ജ്: നടപടി അവസാനിപ്പിക്കണം'
മുക്കം: സര്‍ക്കാരിലേക്ക് ഭൂനികുതി അടക്കുമ്പോള്‍ ജനങ്ങളില്‍ നിന്നു സര്‍വിസ് ചാര്‍ജ് എന്നപേരില്‍ അക്ഷയ കേന്ദ്രങ്ങളില്‍ അമിത ചാര്‍ജ് ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് മുക്കം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്ന നികുതി ദായകര്‍ക്കെതിരേയുള്ള പീഡനം അംഗീകരിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ജുനൈദ് പാണ്ടികശാല അധ്യക്ഷനായി.
ഐ.എന്‍.ടി.യു.സി യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് നിഷാബ് മുല്ലോളി ഉദ്ഘാടനം ചെയ്തു. സജീഷ് മുത്തേരി, ബഷീര്‍ തെച്യാട്, ജലീല്‍ പെരുമ്പടപ്പില്‍, അജീഷ് നാലുപുരക്കല്‍, ജയരാജ് തൂങ്ങംപുറം, പ്രഭാകരന്‍ മുക്കം, സജേഷ് കരിമ്പില്‍, ഉനൈസ് ആലുംതറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."