പൗരത്വഭേദഗതി ബില്‍: ലോക്‌സഭയിലും രാജ്യസഭയിലും പ്രതിരോധിക്കും: കുഞ്ഞാലിക്കുട്ടി
മലപ്പുറം: രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ ലോക്‌സഭയിലും രാജ്യസഭയിലും ശക്തമായി പ്രതിരോധിക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബില്‍ പാസാകരുതെന്നാണ് മുസ്‌ലിംലീഗിന്റെ ആഗ്രഹം, ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ശക്തമായിത്തന്നെ രംഗത്തുണ്ട്. മതേതരകക്ഷികളെ ബില്ലിനെതിരേ ഒന്നിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭയില്‍ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും ബില്ലിനെതിരേ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തും. രാജ്യസഭയില്‍ ബില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും കുഞ്ഞാലിക്കുട്ടി പ്രതീക്ഷ പങ്കുവച്ചു.
രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഇത് സമൂഹത്തില്‍ ഹാനികരമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുകയെന്നും ഏതെങ്കിലും മതത്തില്‍പ്പെട്ടവരെ മാത്രം മാറ്റിനിര്‍ത്തുന്നത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
തെലുങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തി കൊന്ന കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്നും എന്നാല്‍ നിയമവ്യവസ്ഥയിലൂടെ ശിക്ഷ നടപ്പിലാകുന്നതാണ് നല്ലതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."