HOME
DETAILS

മര്‍ദിതരുടെ വിലാപകാവ്യം

  
backup
December 08 2019 | 05:12 AM

%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%be%e0%b4%aa%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d%e0%b4%af%e0%b4%82

ശീയ കലാപത്തിന്റെ ഇരകളായി മാറ്റപ്പെട്ട ഒരു ജനതയുടെ ദീനരോദനങ്ങളാണ് എല്ലാ ദിവസവും ലോകം കേട്ടുകൊണ്ടിരിക്കുന്നത്. അവരുടെ ചെറുത്തുനില്‍പ്പിന്റെ സാഹസികമായ കഥകള്‍, അഭയാര്‍ഥികളായി നാടും വീടും ഉപേക്ഷിക്കേണ്ടി വന്ന ജനതയുടെ നിസഹായാവസ്ഥ, വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞ് തലച്ചോറിനെ ചിന്നഭിന്നമാക്കുന്ന ദൃക്‌സാക്ഷി വിവരണങ്ങള്‍, മാധ്യമ വിചാരങ്ങള്‍, പ്രതിഷേധങ്ങള്‍ എല്ലാം തന്നെ വാര്‍ത്തകളില്‍ നിറയുകയാണ്.
അധികാരത്തിന്റെയും മണ്ണിന്റെയും ആര്‍ത്തി മൂത്ത സാമ്രാജ്യത്വശക്തികള്‍ നടത്തിയ കൊടുംവഞ്ചനയുടെ ഇരകളായി വിവിധ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന മനുഷ്യ ജന്മങ്ങള്‍. ഒന്നാം ലോകയുദ്ധത്തിനു ശേഷം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് കുര്‍ദ് മണ്ണിനെ നാലു രാജ്യങ്ങള്‍ക്ക് പങ്കുവച്ചുകൊടുത്ത് ഭാഷയേയും സംസ്‌കാരത്തെയും കുഴിച്ചുമൂടാന്‍ നടത്തിയ ശ്രമങ്ങള്‍. ചരിത്രം നമ്മോട് അങ്ങനെ ഞെട്ടിക്കുന്ന പല കഥകളും പറഞ്ഞു തരുന്നു.
ബുറാന്‍ സൊന്‍മേസ് എന്ന ടര്‍ക്കിഷ് എഴുത്തുകാരന്‍ തന്റെ ഇസ്താംബൂള്‍ ഇസ്താംബുള്‍ എന്ന നോവലില്‍ അവയൊന്നും ചര്‍ച്ച ചെയ്യുന്നില്ലെങ്കിലും കുര്‍ദ് ജനതയുടെ ദീനരോദനങ്ങള്‍ എവിടെയെല്ലാമോ അവ്യക്തമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നിസഹായമായ അവരുടെ നിലവിളികള്‍ ആരുടേയൊ വെടിയൊച്ചകള്‍ ഇല്ലാതാക്കുന്നു. മതമോ വംശീയതയോ രാഷ്ട്രീയമോ വിഷയമാക്കാതെ തന്നെ അതിന്റെ അടിയൊഴുക്ക് ഈ നോവലില്‍ അന്തര്‍ലീനമായി കാണാം.
ഒരു ജനതയുടെ നിഷ്ഫലമായിപ്പോകുന്ന ചെറുത്തു നില്‍പ്പിന്റെ ദാരുണമായ അന്ത്യങ്ങള്‍ പകര്‍ത്തി വായനക്കാരന്റെ സംവേദന തലത്തെ പ്രതിരോധത്തിലാക്കുന്നു ഈ നോവല്‍. ഭൂനിരപ്പില്‍ നിന്നു മൂന്നുനില താഴെയുള്ള പീഡനകേന്ദ്രത്തില്‍ അകപ്പെട്ട ഏതാനും മനുഷ്യരുടെ കഥയാണ് 'ഇസ്താംബുള്‍ ഇസ്താംബുള്‍'.
കഷ്ടിച്ച് മൂന്നു പേര്‍ക്ക് മാത്രം ചുരുണ്ടുകിടക്കാന്‍ കഴിയുന്ന തടവറയിലെ പത്തു ദിവസങ്ങളാണ് ഈ നോവല്‍ ആഖ്യാനം ചെയ്യുന്നത്. പുതിയൊരു കുറ്റവാളിയായി 'കുഹെയ്‌ലാന്‍ അമ്മാവന്‍' എന്ന നാലാമതൊരാള്‍ കൂടി അവിടെ എത്തുന്നതോടെ കഥ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. നാലാമത്തെ ആള്‍ കൂഹെയ്‌ലാന്‍ അമ്മാവന്‍ മറ്റുള്ളവരുടെ സ്ഥലവും കൂടി അപഹരിക്കാന്‍ വന്ന ഒരു നീചനാണ് എന്ന അര്‍ഥത്തിലാണ് ആദ്യ തടവുകാരനായ ക്ഷുരകന്‍ കാമോയുടെ നിലപാട്.
അയാളുടെ സങ്കടവും അമര്‍ഷവും കലര്‍ന്ന സ്വരത്തില്‍ വേദനിക്കുന്ന ഒരു ചിരിയുണ്ട്. സഹാനുഭൂതിയുടെ സ്പര്‍ശമുണ്ട്. ഇരുട്ടില്‍ അത് കാണാന്‍ കഴിയില്ലെങ്കിലും നമുക്കതു വായിച്ചെടുക്കാം. 'അയാളൊന്ന് ചത്തു കിട്ടിയിരുന്നെങ്കില്‍ കാലൊന്ന് നീട്ടിവയ്ക്കാമായിരുന്നു' എന്നു കാമോ പറയുമ്പോള്‍ തടവറയുടെ ഭീതിപ്പെടുത്തുന്ന ചിത്രം മാത്രമല്ല ആ തടവറ തീര്‍ക്കുന്ന മനുഷ്യവിദ്വേഷത്തിന്റെ കറുത്ത പുകപടലം അവിടമാകെ വ്യാപിക്കുകയാണ്.
ശരീരം വെട്ടി നുറുക്കിയ കോലത്തില്‍ തള്ളിയ പുതിയ അതിഥിയെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മേലുടുപ്പ് അഴിച്ച് തറയില്‍ വിരിച്ചു കിടത്തി ചികിത്സിക്കുമ്പോള്‍ ഈ കഥാപാത്രങ്ങളോടുള്ള എല്ലാ മുന്‍വിധികളും മായുന്നു. രാത്രിയും പകലും തിരിച്ചറിയാനാവാത്ത ഇരുട്ടറയിലാണ് ഇതിലെ കഥാപാത്രങ്ങള്‍ വന്നു പെട്ടിരിക്കുന്നത്.
ഉള്ളം കാല്‍ കൊണ്ടും കൈ വിരലുകള്‍ കൊണ്ടും തണുപ്പിനെ പ്രതിരോധിക്കാന്‍ പരസ്പരം സ്പര്‍ശിക്കുന്നുണ്ടെങ്കിലും അവരുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് ആരേയും കാണാന്‍ സാധിക്കുന്നില്ല. കുറ്റവാളികളെ ചോദ്യം ചെയ്യലിനും പീഡനത്തിനുമായി കൊണ്ടുപോകുമ്പോള്‍ മാത്രം തുറക്കുന്ന ഇരുമ്പ് അഴികളില്‍ കൂടി അരിച്ചെത്തുന്ന മങ്ങിയ വെളിച്ചത്തിലാണ് ക്ഷുരകന്‍ കാമോയും ദെര്‍മിതായ് എന്ന വിദ്യാര്‍ഥിയും കുഹെയ്‌ലാന്‍ അമ്മാവനും ഡോക്ടറും പരസ്പരം കാണുകയും തിരിച്ചറിയുകയും ചെയ്യുന്നത്.
ഇസ്താംബൂളിലെ രാത്രിയും പകലും അവര്‍ അറിയുന്നതേയില്ല. കെട്ട മണമുള്ള ചീസും റൊട്ടിയുമായി കാവല്‍ക്കാര്‍ വരുമ്പോള്‍ മാത്രമാണ് നേരം വെളുത്തെന്നവര്‍ അറിയുന്നത്. അവരെല്ലാം പല പല സംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണ്. പക്ഷെ ആ രഹസ്യങ്ങള്‍ ഒന്നും തന്നെ പരസ്പരം പങ്കുവയ്ക്കുന്നില്ല.
ഡോക്ടര്‍ പറഞ്ഞു: 'കാമോ.... ഒരു കാര്യം ഞാന്‍ പറയാം. നമ്മള്‍ ഈ അറക്ക് പുറത്തായിരുന്നെങ്കില്‍ താങ്കളെ കാണാനോ അല്ലെങ്കില്‍ താങ്കളുമൊത്ത് ഒരിടം പങ്കിടാനോ ഞാന്‍ ആഗ്രഹിക്കുകയില്ലായിരുന്നു. എന്നാല്‍ ഇവിടെ സ്ഥിതി മറിച്ചാണ്. നമ്മളെല്ലാം നെഞ്ചുനീറി വേദനിക്കുന്നവരാണ്. നമ്മള്‍ നിരന്തരം മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനകത്തിരുന്ന് നമുക്ക് മറ്റൊരു വ്യക്തി ഏതു തരക്കാരനാണെന്ന് തീരുമാനിക്കാന്‍ നേരമില്ല. നമുക്ക് പരസ്പരം നമ്മുടെ മുറിവുകള്‍ ഉണക്കാന്‍ ശ്രമിക്കാം. നമ്മളിവിടെ ഏറ്റവും ശുദ്ധരായ മനുഷ്യരാണ്. അതായത് പീഡനം സഹിക്കുന്ന മനുഷ്യര്‍.....!!'
അവര്‍ അധിവസിക്കുന്ന ഭൂഗര്‍ഭ തടവറയെ കുറിച്ച് ബുറാന്‍ സോന്മെസ് ഇങ്ങനെ കുറിക്കുന്നു: 'ഒരു മീറ്റര്‍ വീതിയും, രണ്ടു മീറ്റര്‍ നീളമുള്ള ഈ അറ ആദ്യമൊക്കെ വളരെ ചെറുതാണല്ലോ എന്നു തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുമായി ഇടപഴകിയിരിക്കുന്നു. ഇതിന്റെ ചുവരുകളും നിലവും കോണ്‍ഗ്രീറ്റ് കൊണ്ടുണ്ടാക്കിയതാണ്. വാതില്‍ ഇരുമ്പ് കൊണ്ടും'
തുര്‍ക്കിയില്‍ മനുഷ്യാവകാശ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ ജയില്‍പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്ന ആളാണ് ബുറാന്‍ സോന്മെസ്. നോവലിലെ തടവറ ചിത്രീകരണത്തില്‍ അതു സ്വാധീനിച്ചതായി ഒരഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. നേരത്തെ മരിച്ചുപോയവരെ അടക്കം ചെയ്ത കുഴിയിലാണ് ഇതിലെ മനുഷ്യരും അകപ്പെട്ടിരിക്കുന്നതെന്ന ബോധത്തിലേക്ക് ഈ കൃതി കൊണ്ടുപോകുന്നു.
'ഞങ്ങളുടെ ചര്‍മത്തിനിപ്പോള്‍ മരിച്ചവരുടെ ഗന്ധമാണ്' എന്നൊരു കഥാപാത്രം പറയുമ്പോള്‍ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പ്രണയമോഹങ്ങളും അസ്തമിച്ചുപോയവന്റെ വേദനയാണ് നമ്മുടെ കാതില്‍ വന്നുപതിയുന്നത്.
പ്രത്യക്ഷത്തില്‍ രാഷ്ട്രീയ നോവല്‍ എന്ന് തോന്നാമെങ്കിലും ഇതിലെ കഥാപാത്രങ്ങള്‍ ഒരിടത്തും രാഷ്ട്രീയം പറയുന്നില്ല. ഭൂമിക്കടിയിലെ ഇടുങ്ങിയ മുറിയില്‍ പീഡനങ്ങള്‍ അനുഭവിക്കുമ്പോഴും അവര്‍ ഇസ്താംബുളിനെക്കുറിച്ച് മാത്രം സംസാരിക്കുന്നു. മഞ്ഞ് മൂടിയ നദിയെ മേഘങ്ങള്‍ വന്ന് ആലിംഗനം ചെയ്യുന്ന അഭൗമ സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുന്നു. ചക്രവാളത്തെ കണ്‍കുളിര്‍ക്കെ കണ്ടുരസിക്കുന്നു. ഓര്‍താ കോയ് കടല്‍ തീരത്തിരുന്ന് കടലിന്റെ മറുകരയെക്കുറിച്ച് സംസാരിക്കുന്നതായി സങ്കല്‍പിക്കുന്നു. സ്വപ്നത്തിലെന്ന പോലെയാണ് ഇതിലെ ഓരോ കഥാപാത്രവും സഞ്ചരിക്കുന്നത്.
ഇടക്കവര്‍ കടങ്കഥകള്‍ പറഞ്ഞ് മനസിന്റെ പിരിമുറുക്കം ഇല്ലാതാക്കുന്നു. മുത്തശ്ശിയുടെ ഒരു ചോദ്യം നമുക്ക് ഇങ്ങനെ കേള്‍ക്കാം: 'സെര്‍പിന്‍ എന്റെ മകളുടെ മകളാണ്. എന്റെ ഭര്‍ത്താവിന്റെ സഹോദരിയും. ഇതെങ്ങനെ സംഭവിക്കും?'
നോവല്‍ വായിച്ചു തീര്‍ന്നാലും അനുവാചകനോടൊപ്പം മുത്തശ്ശിയും പുസ്തകത്തില്‍ നിന്നിറങ്ങി ഒപ്പം ചേരുകയും ചോദ്യം ആവര്‍ത്തിക്കുകയും ചെയ്യുന്നു. മറ്റു ചിലപ്പോള്‍ ഇസ്താംബൂളിലെ തെരുവില്‍ കണ്ട കന്യാസ്ത്രീകളുടെയും അവരെ പിന്തുടര്‍ന്ന ചെറുപ്പക്കാരന്റെയും കഥ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു.
കന്യാസ്ത്രീക്ക് നേരെ നഗ്‌നത പ്രദര്‍ശിപ്പിച്ച ചെറുപ്പക്കാരന്‍ മുട്ടിനൊപ്പം താഴ്ത്തിയ ജീന്‍സില്‍ ഓടാന്‍ കഴിയാതെ കുടുങ്ങിപ്പോയ കഥകേട്ട് ഊറിച്ചിരിക്കുന്നു. ഒരിക്കലും ചിരിക്കാത്ത ക്ഷുരകന്‍ കാമോയുടെ പൊട്ടിച്ചിരിയില്‍ ആ ഇരുണ്ട തടവറയിലെ മുഴുവന്‍ വേദനയും അണഞ്ഞുപോകുന്നു.
'എന്നിട്ടെന്തു സംഭവിച്ചു?'
കഥ കേള്‍ക്കുന്നതിനിടയില്‍ ക്ഷുരകന്‍ കാമോയുടെ ജിജ്ഞാസ നോവലിന്റെ അവസാനം വരെ വായനക്കാരനും പങ്കിടുന്നു. ഇസ്താംതാംബൂളിന്റെ ഭൂതകാലത്തില്‍ നിന്ന് ഖനനം ചെയ്ത കഥകളാണ് ഈ നോവലിന് ശക്തി പകരുന്നത്. നവവധുവിന്റെ വസ്ത്രത്തില്‍ കണ്ട ചോരയെക്കുറിച്ച് ചോദിക്കൂ, അവള്‍ പറയും: 'ഇന്നലെ രാത്രി ഞാനൊരു ചെന്നായ് ആയിരുന്നുവെന്ന് 'കു ഹെയ്‌ലാന്‍ അമ്മാവനാണ് ഇക്കഥ നമ്മോട് പറഞ്ഞു തരുന്നത്. ബുറാന്‍ സൊന്മെസ് എഴുതുന്നു. 'നിറവയര്‍ മൂലം ഉറങ്ങാനാകാത്തവര്‍ക്ക് വിശപ്പ് മൂലം ഉറങ്ങാനാകാത്തവരെ അയല്‍ക്കാരാക്കാന്‍ കഴിയില്ല'
ഇതിന് അവര്‍ ഒരു പോംവഴി കണ്ടു. മറ്റൊരിടത്തേക്ക് മാറിത്താമസിക്കുക. ഇസ്താബൂളിനകത്ത് അങ്ങനെ കൊച്ചുകൊച്ചു ഇസ്താംബൂളുകള്‍ പിറന്നു. ഇപ്പോള്‍ എല്ലാവരും നഗരം വിട്ടോടിപ്പോകുന്നു. ആരും പരസ്പരം സ്പര്‍ശിക്കുന്നില്ല. സുഹൃത്തുക്കള്‍ പോലും!! പകര്‍ച്ചവ്യാധികള്‍ കൂടിയപ്പോള്‍ ജനം ഉള്‍വലിയുകയാണ്.
ബല്‍ഗ്രേഡ് കാടുകളില്‍ പൊലിസ് സംഘവുമായി ഏറ്റുമുട്ടുന്ന നിരവധി യുവതി യുവാക്കള്‍ ഈ നോവലിലുണ്ട്. അവരുടെ ഒരേയൊരു ലക്ഷ്യം ഭൂമിക്കടിയില്‍ കഴിയുന്ന കൂട്ടുകാരെ രക്ഷിക്കുക എന്നതായിരുന്നു. പ്രണയിക്കുന്നവരും പാതിവഴിയില്‍ പ്രണയം മുറിഞ്ഞുപോയവരും അതിലുണ്ട്. മണ്ണിനടിയിലെ ഇന്റെറോഗേഷന്‍ സെന്റര്‍ തകര്‍ത്ത് വേണം അവരെ രക്ഷപ്പെടുത്താന്‍.
പക്ഷെ, വിധി ക്രൂരമായി ഈ യുവാക്കളെ പരീക്ഷിക്കുന്നു. അവരുടെ ഇരുപത് അംഗ സംഘത്തില്‍ മിനെ ബാദെ എന്ന യുവതിക്ക് നെഞ്ചില്‍ വെടിയേല്‍ക്കുന്നു. അവളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ലൈറ്റര്‍ അലി പിടിക്കപ്പെടുന്നു. ഇരുട്ടില്‍ കൊടുംവനത്തില്‍ ശേഷിക്കുന്ന പതിനെട്ടു പേര്‍ക്ക് എന്തു സംഭവിച്ചുവെന്ന് പുസ്തകം പറയുന്നില്ല. ഇരുട്ടില്‍ ആളറിയാതെ പരസ്പരം വെടിവച്ച് മരിച്ചുപോയോ? അതോ കാട്ടില്‍ ചിതറിപ്പോയോ...!!
വല്ലാത്തൊരു വായനാനുഭവം ഈ പുസ്തകം പകര്‍ന്നു തരുന്നു. ഒളിപ്പാര്‍ സംഘത്തിന്റെ പെണ്‍കരുത്തായ മിനെ ബാദെക്കും എന്താണ് സംഭവിച്ചതെന്ന് വായനക്കാരനെ ഇരുത്തി ചിന്തിപ്പിക്കുകയാണ് ഈ പുസ്തകം. ബല്‍ഗ്രേഡ് കാടുകളിലെ ഈ പോരാട്ടങ്ങള്‍ക്കെല്ലാം ഒരു തുടര്‍ച്ച ആവശ്യമാണെന്ന് ബുറാന്‍ സോന്മെസ് പറയാതെ പറയുകയാണോ? അതോ അതിന്റെ പരിസമാപ്തി വിളിച്ചോതുകയോ?
'ദൈവത്തെ പുറത്താക്കാനുള്ള ഒരിടം ജനം നഗരത്തില്‍ കണ്ടെത്തുകയാണ്. എന്നാല്‍ ദൈവത്തിനാകട്ടെ ഈ പുതുയുഗത്തിനോടൊത്ത് ജീവിക്കുവാന്‍ ഭയമാണ്' എന്ന് പറഞ്ഞാണ് നോവല്‍ അവസാനിക്കുന്നത്.
ഇസ്താംബുള്‍ ഇസ്താംബുള്‍ എന്ന നോവല്‍ മര്‍ദിതരുടെ വിലാപകാവ്യമാണ്. ബോസ്ഫറസിന്റെ സൗന്ദര്യം ആവാഹിച്ച് കാലദേശങ്ങള്‍ക്കപ്പുറത്തേക്ക് അത് ഒഴുകിപ്പരക്കും.'ദൈവത്തെ പുറത്താക്കാനുള്ള ഒരിടം ജനം നഗരത്തില്‍ കïെത്തുകയാണ്. എന്നാല്‍ ദൈവത്തിനാകട്ടെ ഈ പുതുയുഗത്തിനോടൊത്ത് ജീവിക്കുവാന്‍ ഭയമാണ്' എന്ന് പറഞ്ഞാണ് നോവല്‍ അവസാനിക്കുന്നത്.
ഇസ്താംബുള്‍ ഇസ്താംബുള്‍ എന്ന നോവല്‍ മര്‍ദിതരുടെ വിലാപകാവ്യമാണ്. ബോസ്ഫറസിന്റെ സൗന്ദര്യം ആവാഹിച്ച് കാലദേശങ്ങള്‍ക്കപ്പുറത്തേക്ക് അത് ഒഴുകിപ്പരക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  16 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  16 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  16 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  16 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  16 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  16 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  16 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  16 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  16 days ago