രാജസ്ഥാനില്‍ 72ഉം തെലങ്കാനയില്‍ 67 ശതമാനവും പോളിങ്
ഹൈദരാബാദ്/ജയ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലും തെലങ്കാനയിലും മികച്ച പോളിങ് രേഖപ്പെടുത്തി. അന്തിമഘട്ടത്തിലെ പോളിങ് ശതമാനം അനുസരിച്ച് രാജസ്ഥാനില്‍ 72 ശതമാനവും തെലങ്കാനയില്‍ 67 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് പൂര്‍ത്തിയായെങ്കിലും തെലങ്കാനയിലെ ചിലയിടങ്ങളില്‍ വൈകിയും വോട്ടെടുപ്പ് നടന്നു. 119 മണ്ഡലങ്ങളിലേക്കുള്ള തെലങ്കാനയിലെ വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. രാജസ്ഥാനിലെ 200ല്‍ 199 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് രാവിലെ എട്ടിനാണ് തുടങ്ങിയത്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ രാംഗ്ര മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാര്‍ഥി ലക്ഷ്മണ്‍ സിങ് മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഡിസംബര്‍ 11ന് ആണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
അതിനിടെ വോട്ടെടുപ്പിനിടെ രാജസ്ഥാനിലെ സികാര്‍ ഫത്തേപുരില്‍ ചേരിതിരിഞ്ഞ് ആക്രമണമുണ്ടായി. സുഭാഷ് സ്‌കൂളിലെ പോളിങ് ബൂത്തിന് സമീപമായിരുന്നു ആക്രമണം. ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കത്തിക്കുകയും ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അരമണിക്കൂറിലേറെ വോട്ടെടുപ്പ് തടസപ്പെട്ടു. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ 172ാം ബൂത്തില്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അര്‍ജുന്‍ റാം മെഗ്വാള്‍ മൂന്നര മണിക്കൂര്‍ വരിനിന്നാണു വോട്ടു ചെയ്തത്. വോട്ടിങ് യന്ത്രം പ്രവര്‍ത്തിക്കാതിരുന്നതാണു കേന്ദ്രമന്ത്രിക്കു വിനയായത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ സ്വന്തം മണ്ഡലമായ ഝാല്‍റാപാഠനിലും തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അടക്കമുള്ള പ്രമുഖര്‍ ഹൈദരാബാദ് മേഖലകളിലും വോട്ട് രേഖപ്പെടുത്തി. തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയെയാണ്(ടി.ആര്‍.എസ്) കോണ്‍ഗ്രസ് തെലുങ്കുദേശം വിശാലസഖ്യം നേരിടുന്നത്. രാജസ്ഥാനില്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരമാണ്. അതേസമയം തെലങ്കാനയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടിയോളം രൂപ പിടിച്ചെടുത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."