ബാലരാമപുരത്ത് വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന സംഭവം; അന്വേഷണം ഊര്‍ജ്ജിതം
ബാലരാമപുരം: ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന വയോധികയെ കെട്ടിയിട്ട് 11 പവന്റെ സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കാട്ടാക്കട റോഡില്‍ വണിഗര്‍ തെരുവില്‍ പരേതനായ ആറുമുഖന്‍ ചെട്ടിയാരുടെ ഭാര്യ രത്‌നമ്മാളിന്റെ (79) ആഭരണങ്ങളാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ കവര്‍ച്ച ചെയ്യപ്പെട്ടത്. ഇവരുടെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന രണ്ടു പേരാണ് മോഷണത്തിന് പിന്നിലെന്ന് രത്‌നമ്മാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സ്വദേശിയും ബാലരാമപുരത്ത് കൂലി ജോലിക്കാരനുമായ സണ്ണിയെ ബാലരാമപുരം പൊലിസ് കസ്റ്റഡിയിലെടുത്തു.സണ്ണിയുടെ സുഹൃത്തായ പാലോട് സ്വദേശി രതീഷിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിതായി ബാലരാമപുരം സി.ഐ എസ്.എം പ്രദീപ്കുമാര്‍ പറഞ്ഞു. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒരു മണിയോടെ വാതില്‍ പൊളിച്ചു കയറിയ ഇരുവരും ചേര്‍ന്ന് ഉറങ്ങി കിടക്കുകയായിരുന്ന തന്റെ വായില്‍ തുണി തിരുകി കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച നടത്തിയതെന്നാണ് രത്‌നമ്മാള്‍ ബാലരാമപുരം പൊലിസില്‍ മൊഴി നല്‍കിയത്.
ബഹളമുണ്ടാക്കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് ഇവരുടെ ശരീരത്തില്‍ അണിഞ്ഞിരുന്ന മോതിരം , കമ്മല്‍ , വളകള്‍ , മാല എന്നിവ ഊരിയെടുത്തത്. കട്ടിലിനരികില്‍ സൂക്ഷിച്ചിരുന്ന 700 രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കിയാണ് മോഷ്ടാക്കള്‍ കടന്നത്.സംഭവം നടന്ന ശേഷം പുലര്‍ച്ചെ നാല് മണിയോടെ കെട്ടുകള്‍ അഴിച്ച് പുറത്തിറങ്ങി അയല്‍വാസിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് ബാലരാമപുരം പൊലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു. രത്‌നമ്മാളിന്റെ രണ്ട് മക്കളില്‍ ഒരാള്‍ നാഗര്‍ കോവിലിലും മറ്റൊരാള്‍ കഴക്കൂട്ടത്തുമാണ് താമസം.രത്‌നമ്മാളിന് കൂട്ടിന് വേണ്ടിയായിരുന്നു വീടിന്റെ ഒരു ഭാഗം സണ്ണിയ്ക്കും സുഹൃത്തായ രതീഷിനും ഭാര്യ രമയ്ക്കും വാടകയ്ക്ക് നല്‍കിയത്. സംഭവ ശേഷം രതീഷും ഭാര്യ രമയും മുങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."