പൊലിസ് സ്റ്റേഷനുകള്‍ക്കു മുന്‍പില്‍ കിടന്ന് നശിക്കുന്നത് കോടിക്കണക്കിന് രൂപയുടെ വാഹനങ്ങള്‍
ചെറുതുരുത്തി: വിവിധ കേസുകളിലായി പൊലിസ് പിടികൂടുകയും നിയമക്കുരുക്കില്‍ പെട്ട് വിവിധ പൊലിസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിടുകയും നടപടികളിലെ കാലതാമസം മൂലം തുരുമ്പെടുത്ത് നശിക്കുകയും ചെയ്യുന്നത് കോടിക്കണക്കിന് രൂപയുടെ ഭാരവാഹനങ്ങള്‍ മുതല്‍ മോപ്പേഡുകള്‍ വരെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. തൃശൂര്‍ ജില്ലയില്‍ ജില്ലാ അതിര്‍ത്തിയിലെ സ്റ്റേഷനായ ചെറുതുരുത്തിയില്‍ നൂറ് കണക്കിന് വാഹനങ്ങളാണ് ഇങ്ങനെ തുരുമ്പെടുത്ത് നശിക്കുന്നത്. ഭാരത പുഴയില്‍ നിന്ന് അനധികൃതമായി മണലെടുക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതാണ് ചെറുതുരുത്തിയില്‍ നശിച്ച് പോകുന്ന വാഹനങ്ങളുടെ ബാഹുല്യത്തിന് കാരണം. നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ മുതല്‍ എം80 മോപ്പഡുകള്‍ വരെ ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
മണല്‍ കടത്തിന് ഉപയോഗിക്കുന്ന നിരവധി കാളവണ്ടികളും ഒമ്‌നി വാനുകളുമൊക്കെ പൊലിസ് സ്റ്റേഷന്‍ കോംപൗണ്ട് അപകട കേന്ദ്രങ്ങളാക്കുന്നു. ഇതിന് പുറമെയാണ് അപകടങ്ങളില്‍ പെടുന്ന വാഹനങ്ങളുടെ നിരയും. വാഹനങ്ങള്‍ പിടികൂടിയാല്‍ പിന്നെ പൊലിസിന് ഒന്നും ചെയ്യാനില്ല എന്നതാണ് സ്ഥിതി. മണല്‍ ലോറികള്‍ പിടികൂടിയാല്‍ ഉടന്‍ കോടതിക്ക് കൈമാറുകയാണ് ചെയ്ത് വരുന്നത്. കേസ് പരിഗണിക്കുന്ന കോടതി നിയമ ലംഘനത്തിന് വന്‍ തുകയാണ് പിഴയായി ചുമത്തുക. എന്നാല്‍ ഈ തുക കെട്ടിവെച്ച് വാഹനം കൊണ്ടുപോകാന്‍ ഉടമകള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പൊലിസ് സ്റ്റേഷന്‍ പരിസരത്ത് കിടന്ന് തുരുമ്പ് പിടിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.
മണല്‍ കള്ളകടത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഭൂരിഭാഗം വാഹനങ്ങള്‍ക്കും ഒരു രേഖയുമില്ല എന്നതും വാഹനങ്ങളെ നിത്യ സ്മാരകങ്ങളാക്കുന്നു. അപകടങ്ങളില്‍ പെടുന്ന വാഹനങ്ങള്‍ ഉടമകള്‍ തിരിച്ചെടുക്കാത്തതും പൊലിസിന് വലിയ തലവേദനയാണ് സമ്മാനിക്കുന്നത്. അപകടത്തില്‍ മരണം സംഭവിച്ചാല്‍ ആ വാഹനങ്ങള്‍ പിന്നീട് ഉപേക്ഷിക്കുന്നവരും ഏറെയാണ്. ചെറുതുരുത്തി പൊലിസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിടികൂടിയ വാഹനങ്ങള്‍ കൊണ്ട് പൊലിസ് സ്‌റ്റേഷന്‍ കോമ്പൗണ്ട് ഇപ്പോഴും നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമാണ് ഈ പ്രദേശം.
ഇങ്ങോട്ട് കടന്ന് ചെല്ലാന്‍ പോലും ജനങ്ങള്‍ ഭയക്കുന്നു. ജനവാസ മേഖലയിലേക്ക് വിഷ പാമ്പുകള്‍ കടന്ന് ചെല്ലുന്നത് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവും ചില്ലറയല്ല. കാടുപിടിച്ച വാഹനങ്ങള്‍ മറ്റു വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നത് മൂലം ഈ മേഖലയില്‍ അപകടങ്ങളും നിത്യസംഭവമാണ്. പൊലിസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സംസ്ഥാന ദേശീയപാതയോരങ്ങളില്‍ നിര്‍ത്തിയിടരുതെന്ന നിര്‍ദ്ദേശം ചെറുതുരുത്തിയിലടക്കം കാറ്റില്‍ പറത്തപെടുകയാണെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."