ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പുതിയ സംസ്‌കരണ കേന്ദ്രങ്ങള്‍ തുടങ്ങും: ആരോഗ്യമന്ത്രി
പാലക്കാട്: ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മലമ്പുഴയിലെ 'ഇമേജ് ' മാത്യകയില്‍ പുതിയ സംസ്‌കരണ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പാലക്കാട് വാര്‍ത്തസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവില്‍ കേരളത്തിലെ എല്ലാ ആശുപത്രികളില്‍ നിന്നുമുള്ള ലക്ഷകണക്കിന് ടണ്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് മലമ്പുഴയിലുള്ള ഇമേജ് സംസ്‌കരണ കേന്ദ്രത്തിലാണ്.
തിരുവനന്തപുരത്തും കൊച്ചിയിലും ഇമേജ് മാത്യകയില്‍ സംസ്‌കരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പദ്ധതിയിട്ടെങ്കിലും പ്രാദേശികമായി എല്ലാ രാഷ്ട്രീയ കക്ഷികളുടേയും നാട്ടുകാരുടേയും എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി മുന്നോട്ട് പോയില്ല. പുതിയ സാഹചര്യത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എച്ച്‌വണ്‍-എന്‍വണ്‍ പനിയുണ്ടെന്നും എന്നാല്‍ നിയന്ത്രണ വിധേയമാണ്, ഭീതി ഉണ്ടാകേണ്ട കാര്യമില്ലെന്നും മുന്‍കരുതല്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയില്‍ എച്ച്‌വണ്‍-എന്‍വണ്‍ രോഗങ്ങള്‍ പടരുന്നതിന് തമിഴ്‌നാടുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്. പാലക്കാട് മാലിന്യ പ്രശ്‌നവും പകര്‍ച്ച വ്യാധിപടരുന്നതിന് കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് 15 മുതല്‍ 20 വീടുകളുള്‍പ്പെടുന്ന ഒരു ഗ്രൂപ്പിന് അതാത് പ്രദേശത്തെ മാലിന്യ നീക്കം ചെയ്യുന്നതിനും രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ചുമതല നല്‍കും.
നേരത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവരുടെ കണക്കുകള്‍ വച്ച് മാത്രമാണ് ഇത്തരം പകര്‍ച്ച വ്യാധികളുടെ കണക്കെടുത്തിരുന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍നിന്നുള്ള വിവരങ്ങള്‍കൂടി പരിശോധിച്ച ശേഷമാണ് ഇത്തരം കണക്കുകള്‍ തയാറാക്കുന്നത്. സംസ്ഥാനത്ത് പുതിയതായി നിപ്പ രോഗബാധ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. നിപ്പ വൈറസ് വവ്വാലില്‍നിന്നാണ് വരുന്നതെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. കോഴിയിലും മറ്റും നിപ്പ വൈറസ് കണ്ടെത്തിയെന്ന പ്രചരണങ്ങള്‍ തെറ്റാണെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."